മുഖ്യമന്ത്രിക്ക് എതിരേ അന്‍വറിന്റെ കടന്നാക്രമണം സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, September 27, 2024

മുഖ്യമന്ത്രിക്ക് എതിരേ അന്‍വറിന്റെ കടന്നാക്രമണം സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

മലപ്പുറം: ഇടതുബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. കടന്നാക്രമണം നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നിലമ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം. 25 നു നടന്ന ആര്യാടന്‍ മുഹമ്മദ് അനുസ്മരണച്ചടങ്ങിലും ചുങ്കത്തറ സി.എച്ച്.സിയില്‍ നടന്ന പരിപാടിയിലും വേദി പങ്കിട്ടപ്പോഴാണ് ഇരുവരും ചര്‍ച്ച നടത്തിയത്.

മുമ്പ് നിയമസഭയില്‍ സതീശനെതിരേ കോടികളുടെ അഴിമതി ആരോപണം അന്‍വര്‍ ഉന്നയിച്ചതിനുശേഷം ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു. നിലമ്പൂരില്‍ പക്ഷേ, സൗഹൃദത്തോടെയായിരുന്നു ഇടപഴകല്‍. സി.എച്ച്.സി. സെന്ററില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് സെന്ററിന്റെ നാലാം ഷിഫ്റ്റ് ഉദ്ഘാടനച്ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്. പ്രതിപക്ഷ നേതാവ് ഇടപെട്ട് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകളെക്കൊണ്ട് രണ്ട് ഡയാലിസിസ് മെഷീനുകള്‍ സംഘടിപ്പിച്ചു തരണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അന്‍വര്‍ അഭ്യര്‍ഥിച്ചിരുന്നു.

അന്‍വറിന്റെ ആവശ്യം മാനിച്ച് മെഷീനുകള്‍ക്ക് പണം നല്‍കുമെന്ന് സതീശന്‍ പ്രഖ്യാപിച്ചതു മഞ്ഞുരുകലിന്റെ ലക്ഷണമായി. ആഭ്യന്തരവകുപ്പിനെതിരേ യുദ്ധപ്രഖ്യാപനം നടത്തിയ അന്‍വറിനെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസിന് തടസമായിരുന്നത് രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ. പരിശോധിക്കണമെന്ന വിവാദ പ്രസ്താവനയായിരുന്നു. മുസ്ലിം ലീഗ് നിലമ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരി പാര്‍ട്ടിയിലേക്കു ക്ഷണിച്ചപ്പോഴും അന്‍വറിനെ വേണ്ടെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.

അന്‍വര്‍ തെറ്റുതിരുത്തട്ടെയെന്നു കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കിയപ്പോള്‍ അന്‍വറിനെ കോണ്‍ഗ്രസിനു വേണ്ടെന്ന നിലപാടാണ് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ സ്വീകരിച്ചത്.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും എം.എം. ഹസനും നിലമ്പൂരിലെ ആര്യാടന്‍ അനുസ്മരണത്തിനുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവന തിരുത്തിയാല്‍ നോക്കാമെന്ന ധാരണയിലായിരുന്നു നേതാക്കളെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ തന്റെ പരാമര്‍ശം വക്രീകരിച്ചതാണെന്ന് ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ വിശദീകരിച്ചത്.

നെഹ്‌റു കുടുംബത്തോട് ആദരവുണ്ടെന്നും രാഹുല്‍ ഗാന്ധിയോട് ബഹുമാനമാണെന്നും നിലപാട് മാറ്റിയതോടെ പഴയ കോണ്‍ഗ്രസുകാരനായ അന്‍വറിനു കോണ്‍ഗ്രസിലേക്കുള്ള വഴി തുറക്കുകയാണ്. കോണ്‍ഗ്രസിലായിരിക്കെ കെ. സുധാകരന്‍ ഉള്‍പ്പെട്ട നാലാം ഗ്രൂപ്പിന്റെ നേതാവായിരുന്നു അന്‍വര്‍. സുധാകരന്‍ വനംമന്ത്രിയായിരുന്നപ്പോള്‍ മലപ്പുറത്തെ വലംകൈ അന്‍വറായിരുന്നു.

കെ. മുരളീധരനൊപ്പം ഡി.ഐ.സിയിലേക്കു കൂടുമാറി. 2011-ല്‍ ഏറനാട്ടില്‍നിന്ന് നിയമസഭയിലേക്കും 2014-ല്‍ വയനാട്ടില്‍നിന്നു ലോക്‌സഭയിലേക്കും സ്വതന്ത്രനായി മത്സരിച്ചശേഷമാണ് 2016-ല്‍ അന്‍വര്‍ നിലമ്പൂരില്‍ സി.പി.എം. സ്വതന്ത്ര സ്ഥാനാര്‍ഥിയായത്. അന്ന് ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയ അന്‍വര്‍ 2021 ല്‍ വി.വി. പ്രകാശിനെ തോല്‍പ്പിച്ച് മണ്ഡലം നിലനിര്‍ത്തി. കഴിഞ്ഞ തവണ 2700 വോട്ടിനായിരുന്നു ജയം.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages