പി.വി. അന്‍വറിന്റെ കളംമാറ്റത്തില്‍ ചാമ്പലായത് സീറ്റെണ്ണത്തില്‍ 'സെഞ്ചുറി' തികയ്ക്കാമെന്ന ഇടതുമുന്നണിയുടെ മോഹം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, September 27, 2024

പി.വി. അന്‍വറിന്റെ കളംമാറ്റത്തില്‍ ചാമ്പലായത് സീറ്റെണ്ണത്തില്‍ 'സെഞ്ചുറി' തികയ്ക്കാമെന്ന ഇടതുമുന്നണിയുടെ മോഹം

കോട്ടയം : സീറ്റെണ്ണത്തില്‍ 'സെഞ്ചുറി' തികയ്ക്കാമെന്ന ഇടതുമുന്നണിയുടെ മോഹം നിലമ്പൂര്‍ എം.എല്‍.എ: പി.വി. അന്‍വറിന്റെ കളംമാറ്റത്തില്‍ ചാമ്പല്‍. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് നൂറു സീറ്റ് മുന്നില്‍ക്കണ്ട് ഭാവിയിലേക്കു തന്ത്രംമെനഞ്ഞ ഇടതിന് അന്‍വര്‍ ഏല്‍പ്പിച്ചത് അപ്രതീക്ഷിത ആഘാതം.

തൊണ്ണൂറ്റിയൊന്‍പത് സീറ്റുമായി അധികാരത്തിലേറിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യപ്രഖ്യാപനങ്ങളിലൊന്ന് കാലാവധിതീരുംമുമ്പ് ഇടതുമുന്നണി നൂറു സീറ്റ് തികയ്ക്കുമെന്നായിരുന്നു. സ്വപ്നം സാക്ഷാത്കരിക്കാന്‍ കൈവന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും പക്ഷേ, ഫലം തിരിച്ചായി. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചാലും മുന്നണിക്കു സെഞ്ചുറി തികയ്ക്കാനാകില്ലെന്നതാണു യാഥാര്‍ഥ്യം.

മുഖ്യമന്ത്രിയുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചെങ്കിലും എല്‍.ഡി.എഫില്‍ നിന്നുകൊണ്ട് അന്‍വര്‍ പോരാട്ടം തുടരുമെന്നായിരുന്നു ഇടതുനേതാക്കള്‍ കരുതിയത്. മുന്നണിബന്ധം അറുത്തുമുറിക്കുന്നെന്ന അന്‍വറിന്റെ പരസ്യപ്രഖ്യാപനം സകലതുംഅസ്ഥാനത്താക്കി. രണ്ടാം വരവില്‍ നൂറുസീറ്റെന്ന ചരിത്രനേട്ടം ഏതുവിധേനയും സ്വന്തമാക്കുകയെന്നത് എന്‍.ഡി.എഫിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നായിരുന്നു. തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. ബാബുവിന്റെ വിജയത്തിനെതിരേ എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ എം. സ്വരാജ് കോടതിയെ സമീപിച്ചതിനു പിന്നിലെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. പക്ഷേ, വിധി കെ. ബാബുവിന് അനുകൂലമായതോടെ നീക്കം പൊളിഞ്ഞു.

പി.ടി. തോമസിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും നിര്യാണത്തെത്തുടര്‍ന്ന് തൃക്കാക്കരയിലും പുതുപ്പള്ളിയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സെഞ്ചുറിമോഹം വീണ്ടും തളിര്‍ത്തു. മുഖ്യമന്ത്രിയും മന്ത്രിപ്പടയും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും തൃക്കാക്കര ചുവന്നില്ല. പി.ടി. തോമസിന്റെ ഭൂരിപക്ഷം മറികടന്ന ജനപിന്തുണ ഉമാ തോമസിനു ലഭിച്ചത് സി.പി.എം. നേതൃത്വത്തിനും ഞെട്ടലായി. പുതുപ്പള്ളി പിടിക്കാന്‍ കഴിയില്ലെന്നു രഹസ്യമായി സമ്മതിച്ച ഇടതുനേതാക്കളുടെ നിരീക്ഷണം ചാണ്ടി ഉമ്മന്റെ തകര്‍പ്പന്‍ ജയത്തോടെ സാധൂകരിക്കപ്പെടുകയും ചെയ്തു.

ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപതെരഞ്ഞെടുപ്പ് ആസന്നമായ കെ. രാധാകൃഷ്ണന്റെ ചേലക്കരയും ഷാഫി പറമ്പിലിന്റെ പാലക്കാടുമായിരുന്നു ഇടതിന്റെ ഇനിയുള്ള പ്രതീക്ഷ. രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും മുന്നണിസ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ നൂറു തികയ്ക്കാമെന്നായിരുന്നു എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. ചേലക്കരയിലേതു സിറ്റിങ് സീറ്റാണെന്നതിനുപുറമേ പാലക്കാട് ഷാഫി ജയിച്ചത് വ്യക്തിപ്രഭാവത്തിലാണെന്നും ആഞ്ഞുപിടിച്ചാല്‍ ജയിക്കാമെന്നുമായിരുന്നു അനുമാനം. പക്ഷേ, രണ്ടു മണ്ഡലങ്ങളിലും ജയിച്ചാലും അന്‍വര്‍ പടിയിറങ്ങിയതോടെ വീണ്ടും ആകെ സീറ്റെണ്ണം പഴയതുപോലെ തൊണ്ണൂറ്റൊന്‍പതിലെത്തും.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages