തിരുവല്ല: മാര്‍ത്തോമ്മാസഭാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണ്‍ ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ (103) വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു. ഇന്ന് പുലര്‍ച്ചെ 1.15 തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുമ്പനാട്ടുള്ള മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം നാളെ മൂന്നുമണിക്ക് തിരുവല്ല മാര്‍ത്തോമ്മാ സഭ ആസ്ഥാനത്തെ പള്ളിയില്‍ .
ഭൗതികശരീരം കുമ്പനാട് ഫെലോഷിപ് ആശുപത്രി ചാപ്പലില്‍ നിന്ന് തിരുവല്ല ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലേക്കു മാറ്റും. കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടവും ഇതോടെ ആരംഭിക്കും.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലീത്തയായിരുന്നു. ഏപ്രില്‍ 27നാണ് 104 വയസ് തികഞ്ഞത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയും ഇദ്ദേഹത്തിന് സ്വന്തമാണ്.
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27-നാണ് ജനനം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ് അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
1944-ല്‍ ശെമ്മാശ - കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു.1953-ല്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954-ലും 1968 -ലും നടന്ന ആഗോള ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1999 ഒക്ടോബര്‍ 23 ന് സഭയുടെ 20-മത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2007 വരെ സഭയുടെ പരമാധ്യക്ഷനായി തുടര്‍ന്നു. 2007-ല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനത്യാഗം ചെയ്തു.
https://ift.tt/eA8V8J
No comments:
Post a Comment