ന്യൂഡൽഹി
ഡൽഹിയിൽ എത്തിയാൽ കേരളാഹൗസിലെ 201–-ാം നമ്പർ മുറിയിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ താമസം. സഖാവ് എത്തിയതറിഞ്ഞാൽ ഡൽഹിയിലെ മലയാളികളും സാംസ്കാരികപ്രവർത്തകരും മാധ്യമപ്രവർത്തകരും ആ മുറിയിലെത്തും. പലകാര്യങ്ങൾക്കായി കേരളാഹൗസിൽ എത്തുന്നവരും അദ്ദേഹത്തെ കാണാൻ എത്തും. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കും. ഇടപെടാൻ പറ്റുന്ന കാര്യമാണെങ്കിൽ ഇടപെടും. അല്ലെങ്കിൽ, ആവശ്യമായ നിർദേശങ്ങൾ നൽകും.
ഡൽഹിയിൽ എത്തിയാൽ കോടിയേരി പതിവായി കൊണാട്ട്പ്ലേസിലെ ഖാദി സ്റ്റോറിൽ പോകാറുണ്ട്. വർഷങ്ങളായുള്ള ബന്ധം കാരണം കടയിലുള്ള ജീവനക്കാർക്കും അദ്ദേഹം സുപരിചിതൻ. ഡൽഹിയിലെ മാധ്യമപ്രവർത്തകർക്ക് കേരളാഹൗസ് ക്യാന്റീനിൽനിന്ന് ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചത് കോടിയേരിയായിരുന്നു. കേരളാഹൗസ് ജീവനക്കാരുടെ കപുർത്തലയിലെ ക്വാർട്ടേഴ്സുകൾ സന്ദർശിച്ച് ജീവിതസാഹചര്യങ്ങൾ അദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.
‘എനിക്കുവേണ്ടി ആരെയും ബുദ്ധിമുട്ടിക്കേണ്ട. എന്നെ അധികം വിഐപി ആക്കേണ്ട കാര്യവുമില്ല’ –- കോടിയേരിയുടെ വാക്കുകൾ കേരളാഹൗസിലെ ഫ്രണ്ട് ഓഫീസ് മാനേജർ കെ എം പ്രകാശൻ ഓർത്തെടുത്തു. രോഗംമൂലമുള്ള പ്രയാസം അനുഭവിക്കുമ്പോഴും പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനെ അദ്ദേഹം എതിർത്തു. മാർച്ചിൽ പിബി യോഗത്തിൽ പങ്കെടുക്കാനാണ് കോടിയേരി അവസാനമായി ഡൽഹിയിൽ എത്തിയത്.
ദുഃഖസാന്ദ്രം എ കെ ജി ഭവൻ
കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ദുഃഖസാന്ദ്രമായി ഡല്ഹിയിലെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവൻ. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലും പിബി അംഗമെന്ന നിലയിലും കോടിയേരി പലവട്ടം സന്ദർശിച്ചിട്ടുള്ള പാർടി ആസ്ഥാനം അദ്ദേഹത്തിന്റെ ആകസ്മിക വിയോഗവാർത്തയിൽ ശോകമൂകമായി. നേതാവിന്റെ വേർപാട് അറിഞ്ഞതിനു പിന്നാലെ പാർടി പതാക താഴ്ത്തിക്കെട്ടി.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ കോടിയേരിയുടെ ചിത്രത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ‘ധീരസഖാവ് മരിക്കുന്നില്ല’–-എന്ന് പ്രവർത്തകരും ജീവനക്കാരും മുദ്രാവാക്യം മുഴക്കി. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും തിങ്കളാഴ്ച കണ്ണൂരിലെത്തും.
https://ift.tt/YyMiNwa
No comments:
Post a Comment