തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാൻ ‘ഇടനിലക്കാർ’ അവതരിപ്പിച്ച പ്രത്യേക പാക്കേജ് തുടക്കത്തിലേ തള്ളി കെ സുധാകരൻ. സുധാകരൻ ചികിത്സയ്ക്കായി വിദേശത്ത് പോകുക, അടൂർ പ്രകാശിനെ കെപിസിസി പ്രസിഡന്റാക്കുക–- ഇതായിരുന്നു ഇടനിലക്കാരായ രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവർ മുന്നോട്ടുവച്ച പ്രധാന നിർദേശം. അടുത്ത സർക്കാർ യുഡിഎഫിന്റേതാകുമെന്ന ‘പ്രതീക്ഷ’യിൽ സുധാകരന് കണ്ണൂർ നിയമസഭാ സീറ്റും പ്രധാന വകുപ്പുള്ള മന്ത്രിസ്ഥാനവും വാഗ്ദാനമുണ്ട്. ഉറ്റ അനുയായി റിജിൽ മാക്കുറ്റിക്ക് ലോക്സഭാ സീറ്റും നൽകും. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തുനൽകിയതിന്റെ തുടർച്ചയായിരുന്നു പാക്കേജ് അവതരണം.
മുമ്പ് ഡൽഹിയിൽ ഒമ്പതംഗ എംപി സംഘം കേരളത്തിന്റെ ചുമതലക്കാരനായ ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കാമാൻഡ് അനുമതി ചുണ്ടിക്കാട്ടി ആവശ്യം താരിഖ് അൻവർ തള്ളിയതോടെയാണ് കേരളത്തിലെ കരുനീക്കങ്ങൾ. എംപിമാരിൽ വി കെ ശ്രീകണ്ഠനും കെ മുരളീധരനും ഒഴികെയുള്ളവർ സുധാകരനെ മാറ്റണമെന്ന പക്ഷത്താണ്. ശശി തരൂർ നേരത്തെതന്നെ ഇതാവശ്യപ്പെട്ടിരുന്നു. ഡിഡിസി മുതൽ താഴോട്ടുള്ള പുനഃസംഘടനയിൽ ബ്ലോക്ക്, മണ്ഡലം തലത്തിലെല്ലാം പരമാവധിയാളുകളെ കെപിസിസി പ്രസിഡന്റിനെതിരാക്കാൻ ശ്രമിക്കുന്നെന്നാണ് സുധാകരാനുകൂലികളുടെ പരാതി. പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന്റെ പേര് മുളയിലേ നുള്ളാനായി കെഎസ്യു, മഹിളാ കോൺഗ്രസ് പ്രസിഡന്റുമാർ, പ്രതിപക്ഷ നേതാവ് എന്നിവരെല്ലാം ഒരേ ജില്ലക്കാർ എന്ന പ്രചാരണവുമുണ്ട്.
തിരുവനന്തപുരത്ത് പാലോട് രവിയെ മാറ്റി കെ എസ് ശബരീനാഥിനെ ഡിസിസി പ്രസിഡന്റാക്കാനാണ് തരൂർ അനുകൂലികളുടെ ശ്രമം. രവി ഏകപക്ഷീയമായി തയ്യാറാക്കിയ പുനഃസംഘടനാ പട്ടികയ്ക്ക് വി ഡി സതീശന്റെ സഹായത്തോടെ സമ്മതം ഉറപ്പാക്കാനും ശ്രമമുണ്ട്. ശബരീനാഥിന്റെ സംഘടനാ പ്രവർത്തന പാരമ്പര്യത്തെ മറുപക്ഷം ചോദ്യംചെയ്യുന്നു. തലസ്ഥാനത്തെ അനുമോദന യോഗത്തിൽ സതീശൻ–- ചെന്നിത്തല പക്ഷക്കാർ വിട്ടുനിന്നതും സുധാകരപക്ഷക്കാർ ആയുധമാക്കുന്നു.
https://ift.tt/ZN95xF3
No comments:
Post a Comment