തിരുവനന്തപുരം : ഡി.ജി.പി. അനില്‍ കാന്ത് വിരമിക്കുന്ന ഒഴിവില്‍ അടുത്ത സംസ്‌ഥാന പോലീസ് മേധാവി ആര് എന്ന ചര്‍ച്ച ഉന്നതതലത്തില്‍ മുറുകുന്നു. പുതിയ പോലീസ് മേധാവിക്കായുള്ള പരിഗണനാ പട്ടിക തയാറാക്കാനിരിക്കെയാണിത്. പട്ടിക അയയ്‌ക്കാന്‍ പൊതുഭരണ വകുപ്പ് ഡി.ജി.പിക്കു കത്ത് നല്‍കി.
പോലീസ് മേധാവി പദവിക്കു യോഗ്യരായ എട്ടുപേരാണുള്ളത്. ഇതില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്നുപേര്‍ കേരളത്തിലേക്കു മടങ്ങിവരുമോയെന്ന് വ്യക്‌തമല്ല. കേരളത്തിലുള്ള ഐ.പി.എസുകാരില്‍ കെ. പത്മകുമാര്‍ ആണ് സീനിയോറിറ്റിയില്‍ ഒന്നാം സ്‌ഥാനത്ത്. ക്രൈം ബ്രാഞ്ച് മേധാവി ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് രണ്ടാമതും.
ഡി.ജി.പി: അനില്‍ കാന്ത് ജൂണ്‍ 30നാണ് വിരമിക്കുന്നത്. മനുഷ്യവകാശ കമ്മിഷന്‍ ഡി.ജി.പി: ടോമിന്‍ തച്ചങ്കരിക്ക് ഔദ്യോഗിക കാലാവധി ജൂലൈ വരെ ഉണ്ട്. വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ള തച്ചങ്കരിയെ പോലീസ് മേധാവിയായി പരിഗണിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പോലീസ് ആസ്‌ഥാനത്ത് തയാറാക്കുന്ന പട്ടികയില്‍ തച്ചങ്കരിയുടെ പേര് ഉള്‍പ്പെടുത്തിയാല്‍, സീനിയോറിറ്റിയില്‍ തച്ചങ്കരി ഒന്നാമനാകും.
സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് പട്ടിക തയാറാക്കുന്നതും കേന്ദ്രത്തിനു കൈമാറുന്നതും. നിഥിന്‍ അഗര്‍വാള്‍ (കേന്ദ്ര ഡെപ്യൂട്ടേഷന്‍), കെ. പത്മകുമാര്‍ (ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്), ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് (ക്രൈം ബ്രാഞ്ച്), ഹരിനാഥ് മിശ്ര (സി.ബി.ഐ), സഞ്‌ജീവ്‌കുമാര്‍ പട് ജോഷി, രവഡ ചന്ദ്രശേഖര്‍ (ഐ.ബി), ടി.കെ. വിനോദ് കുമാര്‍ (ഇന്റലിജന്‍സ്), യോഗേഷ് ഗുപ്‌ത (എം.ഡി, ബിവറേജസ് കോര്‍പ്പറേഷന്‍) എന്നിവരാണ് പരിഗണനയിലുള്ളത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന നിഥിന്‍ അഗര്‍വാള്‍, ഹരിനാഥ് മിശ്ര, രവഡ ചന്ദ്രശേഖര്‍ എന്നിവര്‍ കഴിഞ്ഞ തവണ സംസ്‌ഥാനത്തേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. സംസ്‌ഥാന പോലീസ് മേധാവിയായി നിയമിക്കുമെന്ന ഉറപ്പ് കിട്ടിയാല്‍ നിഥിന്‍ അഗര്‍വാള്‍ മടങ്ങിവന്നേക്കും.
പി.എസ്.സി. ചെയര്‍മാന്റെ നേതൃത്വത്തിലെ സമിതി പട്ടികയില്‍നിന്നു മൂന്നു പേരെ തെരഞ്ഞെടുത്ത് സംസ്‌ഥാനത്തിനു തിരിച്ചു നല്‍കും. അതില്‍നിന്നൊരാളെ സര്‍ക്കാരിനു തെരഞ്ഞെടുക്കാം.
https://ift.tt/cMQoTze
No comments:
Post a Comment