മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യു.പി.എല്‍.) ട്വന്റി20 ക്രിക്കറ്റിന്റെ താര ലേലത്തില്‍ കോടീശ്വരിയായി ഇന്ത്യന്‍ താരം സ്‌മൃതി മന്ദാന. മികച്ച ഫോമിലുള്ള ഓപ്പണറുടെ സേവനം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉറപ്പാക്കി.
50 ലക്ഷം അടിസ്‌ഥാന വിലയായിരുന്ന സ്‌മൃതി 3.4 കോടി രൂപയ്‌ക്കാണു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സും ചലഞ്ചേഴ്‌സും വാശിയേറിയ ലേലം തന്നെ നടന്നു. 112 രാജ്യാന്തര ട്വന്റി20 കളിലായി 2651 റണ്ണെടുത്ത താരമാണ്. ട്വന്റി20 ലോകകപ്പിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലുള്ള ടീം ഇന്ത്യ ആവേശത്തോടെയാണു താര ലേലം തത്സമയം കണ്ടത്.
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്‌ലീഗ് ഗാര്‍ഡ്‌നറും കോടീശ്വരിയായി. 3.2 കോടി രൂപയ്‌ക്ക് ഗുജറാത്ത് ജയന്റ്‌സാണ് ആഷ്‌ലീഗിനെ സ്വന്തമാക്കിയത്. 50 ലക്ഷമായിരുന്നു ഓസീസ് താരത്തിന്റെ അടിസ്‌ഥാന വില. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ നതാലിയ ഷീവര്‍ ബ്രണ്ടിനും 3.2 കോടി രൂപ ലഭിച്ചു. 50 ലക്ഷം അടിസ്‌ഥാന വിലയായിരുന്ന നതാലിയയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.
പാകിസ്‌താനെതിരേ നടന്ന ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ച ജെമീമ റോഡ്രിഗസിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി. 2.2 കോടി രൂപയാണ് അവര്‍ ജെമീമയ്‌ക്കായി മുടക്കിയത്. റോഡ്രിഗസിനായി മൂന്ന് ടീമുകള്‍ പോരാട്ടത്തിനുണ്ടായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് യുവ ഓപ്പണര്‍ ഷഫാലി വര്‍മയുടെ സേവനം സ്വന്തമാക്കി. രണ്ട് കോടി രൂപയ്‌ക്കാണു താരത്തെ സ്വന്തമാക്കിയത്. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നായികയായിരുന്നു ഷഫാലി.
ഇന്ത്യന്‍ താരം ദീപ്‌തി ശര്‍മ 2.6 കോടി രൂപയ്‌ക്ക് യു.പി. വാറിയേഴ്‌സിലെത്തി. ഇന്ത്യന്‍ ടീം നായിക ഹര്‍മന്‍ പ്രീത് സിങ് കൗറിനെ 1.8 കോടി രൂപ മുടക്കി മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ ബൗളര്‍ ഇംഗ്ലണ്ടിന്റെ സോഫി എകല്‍സ്‌റ്റോണിനെ 1.8 കോടി രൂപ മുടക്കി യു.പി. വാരിയേഴ്‌സ് തട്ടകത്തിലെത്തിച്ചു. 1.9 കോടി രൂപ മുടക്കി ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ പൂജാ വസ്‌ത്രാകറിനെ മുംബൈ ഇന്ത്യന്‍സും 1.8 കോടി രൂപയ്‌ക്ക് പേസര്‍ രേണുക സിങ്ങിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സ്വന്തമാക്കി.
ഓരോ ടീമിനും പരമാവധി 10 കോടി രൂപയാണ് താരങ്ങളെ സ്വന്തമാക്കാനായി ചെലവാക്കാനാകുക. 1525 താരങ്ങളാണു ലേലത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തത്. തെരഞ്ഞെടുത്ത 409 പേരെയാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയത്. 246 പേര്‍ ഇന്ത്യക്കാരും 163 പേര്‍ വിദേശീയരുമാണ്. അഞ്ചു ടീമുകളാണ് വനിതാ പ്രീമിയര്‍ ലീഗില്‍. ഓരോ ടീമിനും 18 താരങ്ങളെ തെരഞ്ഞെടുക്കാം. ഏഴു വിദേശ താരങ്ങളാകാം. ചെലവാക്കാവുന്ന പരമാവധി തുക 12 കോടി രൂപയാണ്. 50 ലക്ഷം രൂപയായിരുന്നു കൂടിയ അടിസ്‌ഥാനവില. ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ദാന, ദീപ്‌തി ശര്‍മ, ഷഫാലി വര്‍മ തുടങ്ങിയവര്‍ക്ക് ഈ അടിസ്‌ഥാനവിലയായിരുന്നു. എലിസ് പെറി, സോഫി എക്ലസ്‌റ്റോണ്‍, സോഫി ഡെവിന്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍ തുടങ്ങി 13 വിദേശ താരങ്ങളുടെ അടിസ്‌ഥാനവിലയും 50 ലക്ഷമായിരുന്നു. 50 ലക്ഷം അടിസ്‌ഥാന വിലയുള്ള ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ എലിസ് പെറിയെ 1.7 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലീസ ഹീലിയെ യു.പി. വാറിയേഴ്‌സ് 70 ലക്ഷം രൂപയ്‌ക്കാണു സ്വന്തമാക്കിയത്. അലീസ ഹീലി മാര്‍ക്വീ പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. വിദേശ ഓള്‍റൗണ്ടര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ മാരിസാന കാപ് ഏറ്റവും വിലപിടിച്ച താരമായി. 1.5 കോടി രൂപയ്‌ക്ക് കാപിറ്റല്‍സ് മാരിസാനയെ സ്വന്തമാക്കി. മാര്‍ക്വീ പട്ടികയിലുണ്ടായിരുന്ന വെസ്‌റ്റിന്‍ഡീസിന്റെ ബാറ്റര്‍ ഹെയ്‌ലി മാത്യൂസിനെ ആദ്യം ആരും പരിഗണിച്ചില്ല. ന്യൂസിലന്‍ഡിന്റെ മുന്‍ നായിക സൂസി ബേറ്റ്‌സ്, ശ്രീലങ്കയുടെ നായിക ചാമരി അട്ടപ്പാട്ടു, ദക്ഷിണാഫ്രിക്കയുടെ സൂനെ ലുസ്, ഓസീസിന്റെ മെഗാന്‍ ഷ്വറ്റ്‌്സ്, ജെസ് ജോനാസന്‍ എന്നിവരെയും ആദ്യം പരിഗണിച്ചില്ല.
https://ift.tt/OpbBAti
No comments:
Post a Comment