കോതമംഗലം
നിർദിഷ്ട അങ്കമാലി–-എരുമേലി ശബരി റെയിൽ പദ്ധതി പുനരാരംഭിക്കുന്നമുറയ്ക്ക് നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിർദിഷ്ട അങ്കമാലി–-എരുമേലി–-ശബരി റെയിൽപദ്ധതിയുടെ നിലവിലെ സ്ഥിതിയും, പാതയിൽ വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റംവരുത്തി എസ്റ്റിമേറ്റ് പൂർത്തിയാക്കണമെന്നും പദ്ധതി വേഗത്തിലാക്കണമെന്നും ആന്റണി ജോൺ എംഎൽഎ ആവശ്യപ്പെട്ടു.
അങ്കമാലി–-ശബരി റെയിൽവേ ലൈനിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കുന്നതിന് റെയിൽവേ ബോർഡ് കെ റെയിലിനോട് നിർദേശിച്ചിരുന്നു. റെയിൽവേ ബോർഡ് ഗതിശക്തി ഡയറക്ടറേറ്റുമായുള്ള ചർച്ചകൾക്കുശേഷം പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. നിലവിൽ റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. പദ്ധതി റെയിൽവേയുടെ പിങ്ക് ബുക്കിൽ ടോക്കൺ പ്രൊവിഷനോടുകൂടി ഇടംപിടിച്ചിട്ടുണ്ട്.
റെയിൽവേയുടെ നിർദേശപ്രകാരം കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ടും പുതുക്കിയ എസ്റ്റിമേറ്റും പ്രകാരം 3745 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റും ഡിപിആറും റെയിൽവേ ബോർഡ് പരിശോധിച്ചുവരികയാണ്. നിലവിൽ വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഓടിക്കാൻ കഴിയുംവിധമാണ് എസ്റ്റിമേറ്റ്.
എസ്റ്റിമേറ്റ് സംബന്ധിച്ച് കേന്ദ്ര റെയിൽമന്ത്രിക്ക് സംസ്ഥാന റെയിൽമന്ത്രി കത്ത് അയച്ചിരുന്നു. മുഖ്യമന്ത്രി കേന്ദ്ര റെയിൽമന്ത്രിയോട് കത്തിലൂടെ ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. തുടർ ചർച്ചയിൽ അങ്കമാലി–-ശബരി ഉൾപ്പെടെയുള്ള പദ്ധതികൾ പ്രധാന അജൻഡയായി വന്നിട്ടുള്ളതാണ്. കേന്ദ്ര ബജറ്റിൽ മതിയായ തുക പദ്ധതിക്ക് നീക്കിവയ്ക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകിയെന്നും എംഎൽഎ പറഞ്ഞു.
https://ift.tt/lQrqvCY
No comments:
Post a Comment