വികസനത്തുടർച്ച ഉറപ്പാക്കി ; 
നാളെയുടെ പദ്ധതികളും ; കൊച്ചിയുടെ മനസ്സറിഞ്ഞ്‌ ബജറ്റ്‌ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, February 4, 2023

വികസനത്തുടർച്ച ഉറപ്പാക്കി ; 
നാളെയുടെ പദ്ധതികളും ; കൊച്ചിയുടെ മനസ്സറിഞ്ഞ്‌ ബജറ്റ്‌


കൊച്ചി
മുൻ ബജറ്റുകൾ തുടക്കമിട്ട ജില്ലയുടെ വികസനക്കുതിപ്പിന് വേഗവും ഊർജവും പകരുന്നതിനൊപ്പം നാളെയെ മുന്നിൽക്കാണുന്ന വൻ പദ്ധതികളും ഉൾപ്പെടുത്തിയാണ് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം ബജറ്റ്. റോഡ് വികസനത്തിനും പെട്രോകെമിക്കൽ വ്യവസായത്തിനും ഗ്രഫീൻ ഗവേഷണത്തിനും ഐടി മേഖലയ്ക്കും സ്റ്റാർട്ടപ് സംരംഭങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയ മുൻ ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതികളുടെ പൂർത്തീകരണത്തിന് ഇത്തവണയും കൂടുതൽ ഫണ്ട് നീക്കിവച്ചു. ഭാവിയുടെ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ പദ്ധതി നടപ്പാക്കാൻ തിരുവനന്തപുരത്തിനൊപ്പം കൊച്ചിക്കും പ്രത്യേക ഫണ്ട്. ചെറുകിട വ്യവസായസംരംഭകർക്ക് കൈത്താങ്ങായി മാറുന്ന കാക്കനാട്ടെ അന്താരാഷ്ട്ര വിപണനകേന്ദ്രത്തിനും കൂടുതൽ തുക. ബംഗളൂരു–-കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റിക്കും ഫണ്ട് അനുവദിച്ചു.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ രണ്ടാംഘട്ടവികസനം പൂർത്തിയാകുന്നതിനിടെ, ആരോഗ്യ വിദ്യാഭ്യാസ പദ്ധതി ഇനത്തിൽ വീണ്ടും ബജറ്റ് വിഹിതം അനുവദിച്ചത് കൂടുതൽ ഗവേഷണസൗകര്യങ്ങൾ ഏർപ്പെടുത്താൻ സഹായമാകും. എറണാകുളം ഗവ. മെഡിക്കൽ കോളേജിലും തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിലും കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്താനും ഫണ്ട് അനുവദിച്ചു.

സംസ്ഥാന റോഡുകളുടെ ബജറ്റ് വിഹിതം വർധിപ്പിച്ചത് ജില്ലയുടെ റോഡ് വികസനത്തിനും വേഗംകൂട്ടും. ഇടപ്പള്ളി–-മൂത്തകുന്നം ഭാഗം ഉൾപ്പെടെ എൻഎച്ച് 66 നിർമാണം പുരോഗമിക്കുന്നത് ബജറ്റിൽ പരാമർശിച്ചു. സ്ഥലമേറ്റെടുക്കാൻ അനുമതിയായ തൃപ്പൂണിത്തുറ–-പൂത്തോട്ട ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബജറ്റ് വിഹിതം വർധിപ്പിച്ചത് സഹായമാകും. ജലഗതാഗതത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികളും ബജറ്റിലുണ്ട്.

ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം കൊച്ചിക്കൊരു മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ച് നഗരാസൂത്രണം ശാസ്ത്രീയമാക്കുന്നതിനിടെ, തിരുവനന്തപുരം, കൊച്ചി നഗര മാസ്റ്റർപ്ലാനിന് കൺസൾട്ടന്റ് സഹായവും ബജറ്റിൽ പ്രഖ്യാപിച്ചു. കൊച്ചി കോർപറേഷൻ പരിധിയിലെ ജലവിതരണം സുഗമമാക്കാനും പണം വകയിരുത്തിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ സമ്പൂർണ്ണ കടലാസ്രഹിത കോടതിയായ കേരള ഹൈക്കോടതിയുടെ വികസനത്തിന് 3.50 കോടിയും അനുവദിച്ചു. കോടതി നടപടികളടക്കം പൂർണ്ണമായും ഓൺലൈനായി മാറുന്നതിന്റെ ഭാഗമായുള്ള ഇ ഗവേണൻസ് പ്രവർത്തനങ്ങൾക്ക് ഇനി വേഗമേറും.

​ഗിഫ്റ്റ് സിറ്റി 
യാഥാര്ഥ്യമാക്കും
വ്യവസായ കൊച്ചിയുടെ വികസനക്കുതിപ്പിന് കരുത്തുപകരാൻ വിഭാവനം ചെയ്ത ​ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് (​ഗിഫ്റ്റ്) സിറ്റിക്ക് ബജറ്റിൽ പ്രത്യേക പരി​ഗണന. സംസ്ഥാനത്തേക്ക് പതിനായിരം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി–-ബം​ഗളൂരു വ്യവസായ ഇടനാഴി (കെബിഐസി)യുടെ ഭാ​ഗമായി എറണാകുളം അയ്യമ്പുഴയിലാണ് അന്താരാഷ്ട്ര വ്യവസായലോകത്തിന് കേരളത്തിന്റെ സമ്മാനമായി ​ഗിഫ്റ്റ് സിറ്റി വരുന്നത്.

കെബിഐസിക്ക് 200 കോടി രൂപയാണ് പുതിയ ബജറ്റിൽ വകയിരുത്തിയത്. കിഫ്ബി ധനസഹായത്തോടെയുള്ള പദ്ധതിയുടെ നടത്തിപ്പിനായി കെഎസ്ഐഡിസിയും കിൻഫ്രയും ഉൾപ്പെടുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) രൂപീകരിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി. 2022 ബജറ്റിൽ ​വ്യവസായ ഇടനാഴിക്ക് 135 കോടിയാണ് വകയിരുത്തിയത്.

ഇൻഷുറൻസ്, ഐടി, അക്കൗണ്ടിങ്, വിനോദം, ​ഗവേഷണം തുടങ്ങിയ വിവരവിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളാണ് ​ഗിഫ്റ്റ് സിറ്റിയിൽ വരുന്നത്. രണ്ടുലക്ഷംപേർക്ക് പ്രത്യക്ഷമായും നാലുലക്ഷത്തോളംപേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കൊപ്പം പ്രാദേശിക വാണിജ്യ, സാമ്പത്തിക സ്ഥാപനങ്ങൾക്കും ഇൻകുബേഷൻ, ഇന്നൊവേഷൻ കേന്ദ്രങ്ങൾക്കും പദ്ധതിയിൽ പങ്കാളിയാകാൻ സൗകര്യമുണ്ടാകും.

പെട്രോകെമിക്കല് 
പാര്ക്കിന് 44 കോടി
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയുടെ വികസനവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ തുടക്കമിട്ട കൊച്ചി പെട്രോകെമിക്കൽ പാർക്കിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 44 കോടി രൂപയാണ് പുതിയ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.

അമ്പലമുകൾ എഫ്എസിടിയിൽനിന്ന് സർക്കാർ ഏറ്റെടുത്ത 481.79 ഏക്കർ ഭൂമിയിലാണ് കൊച്ചിയെ പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഹബ്ബാക്കുന്ന പാർക്ക് വരുന്നത്. 151.93 കോടി രൂപയുടെ ആദ്യഘട്ട അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ അതിവേ​ഗം പുരോ​ഗമിക്കുകയാണ്. നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച് 10 മാസത്തിനുള്ളിൽ 20 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ 25 സംരംഭകർക്കാണ് ഭൂമി അനുവദിച്ചത്. ഇതിൽ മൂന്ന് യൂണിറ്റുകൾ ഈ മാസം പ്രവർത്തനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

ബിപിസിഎൽ കൊച്ചി റിഫൈനറിയിൽനിന്നുള്ള പെട്രോകെമിക്കലുകൾ ഉപയോഗപ്പെടുത്തിയാകും ഇവിടെ സംരംഭങ്ങൾ പ്രവർത്തിക്കുക. അസംസ്കൃതവസ്തുക്കൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഇതിന് അനുബന്ധമായി ബിപിസിഎല്ലിന് അവരുടെ പെട്രോകെമിക്കൽ പദ്ധതി സജ്ജമാക്കാൻ കിൻഫ്ര 171 ഏക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഫീഡ്സ്റ്റോക് ലഭ്യമാക്കാൻ കരാറും ഒപ്പിട്ടു. പതിനായിരം കോടിയിലധികം രൂപയുടെ നിക്ഷേപവും 18,000 പുതിയ തൊഴിലവസരങ്ങളുമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തിൽ ഭൂമി അനുവദിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. 2024 മാർച്ചിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോകെമിക്കൽ പാർക്കിൽ 750 കിലോലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്ക് നിർമാണം പുരോഗമിക്കുന്നു

പെട്രോകെമിക്കൽ പാർക്കിൽ 750 കിലോലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്ക് നിർമാണം പുരോഗമിക്കുന്നു


സ്റ്റാർട്ടപ്പുകൾക്ക് ഇന്ധനമായി ‘ഫണ്ട് ഓഫ് ഫണ്ട്സ്’
സ്റ്റാർട്ടപ് കമ്പനികൾക്ക് മുന്നോട്ടുകുതിക്കാനുള്ള ഇന്ധനമായ ഫണ്ട് ഓഫ് ഫണ്ട്സിന് കൂടുതൽ കരുത്തേകി സംസ്ഥാന ബജറ്റ്. ഇത്തവണ 30 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. ഇതുൾപ്പെടെ 120.52 കോടിയാണ് സ്റ്റാർട്ടപ് മേഖലയ്ക്ക് ലഭിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം നേടാനും വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകളെ കേരളത്തിലേക്ക് ആകർഷിക്കാനും സംസ്ഥാന സർക്കാർ രൂപീകരിച്ച കോർപസ് ഫണ്ടാണ് ‘ഫണ്ട് ഓഫ് ഫണ്ട്സ്’. കേരളത്തിലെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് 750 കോടിയോളം കോർപസ് ഫണ്ട് നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ 75 കോടിയിലധികം നിക്ഷേപം വിവിധ സ്റ്റാർട്ടപ് കമ്പനികൾക്ക് ഇതുവരെ ലഭ്യമായി.

ഇന്നൊവേഷൻ സോൺ 
സൂപ്പറാകും
ടെക്നോളജി ഇന്നൊവേഷൻ സോണിന് 20 കോടി രൂപയും യുവജന സംരംഭകത്വ വികസന പരിപാടികൾക്കായി 70.52 കോടിയുമാണ് അനുവദിച്ചത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബുകളിലൊന്ന് ടെക്നോളജി ഇന്നൊവേഷൻ സോണിന്റെ ഭാഗമാണ്. ഇത് ജൂണിൽ പൂർണസജ്ജമാകും.

ഹബ്ബിന്റെ 60 ശതമാനം നിർമാണം പൂർത്തിയായി. ഡിസൈൻ ഹബ്ബും ഗ്രഫീൻ ഇന്നൊവേഷൻ സെ​ന്ററുമടക്കം ഹബ്ബിലുണ്ടാകും. ടെക്നോളജി ഇന്നൊവേഷൻ സോണിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനുമാണ് ഇത് ഉപയോഗിക്കുക. 70.52 കോടി രൂപ യുവ സംരംഭകത്വ വികസന പദ്ധതികൾക്കാണ്. സ്റ്റാർട്ടപ്പുകൾക്ക് പ്രാരംഭഘട്ട ധനസഹായം ലഭ്യമാക്കാനും ഗ്രാന്റുകൾ നൽകാനും ഇത് മുതൽക്കൂട്ടാകും. 2021-–-22 സാമ്പത്തികവർഷം 72 സ്റ്റാർട്ടപ്പുകൾക്ക് 6.12 കോടി രൂപയുടെ ധനസഹായം അനുവദിച്ചിരുന്നു.


https://ift.tt/EV7garj

No comments:

Post a Comment

Post Bottom Ad

Pages