ന്യൂയോര്‍ക്ക്: യു.എസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നതിനു പിന്നാലെ നദിയില്‍ വീണവര്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഏഴു പേരെ കാണായിട്ടുണ്ടെന്നാണു സൂചന. വെള്ളത്തില്‍ വീണ രണ്ടു പേരെ അഗ്നിരക്ഷാ സേന രക്ഷിച്ചിരുന്നു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊടും തണുപ്പിനെ തുടര്‍ന്നു കാലാവസ്ഥ പ്രതികൂലമാകുന്നതു തിരച്ചിലിനെ ബാധിക്കുന്നുണ്ട്. നിലവില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടുത്തെ താപനില.
പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ (ഇന്ത്യന്‍ സമയം പകല്‍ 11.30) ആണ് അപകടം. സിംഗപ്പുര്‍ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പി.ടി.ഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തില്‍പെട്ടത്.ഇതിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്ന് കപ്പലിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന സിനര്‍ജി മറൈന്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു.
നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പല്‍ ഫ്രാന്‍സിസ് സ്കോട്ട് കീ പാലത്തിന്റെ തൂണുകളിലൊന്നില്‍ ഇടിക്കുകയായിരുന്നു. മേരിലാന്‍ഡിലെ പ്രധാന തുറമുഖ നഗരമായ ബാര്‍ട്ടിമോറില്‍ പറ്റാപ്സ്കോ നദിക്കു മുകളില്‍ 2.57 കിലോമീറ്റര്‍ ദൂരത്തില്‍ നാലുവരിയായാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് 47 വര്‍ഷം പഴക്കമുണ്ട്.
അപകടത്തെത്തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്കു വീണു. പുലര്‍ച്ചെ സമയമായിരുന്നതും അധികം വാഹനങ്ങള്‍ പാലത്തിലില്ലാതിരുന്നതുമാണ് അപകടത്തിന്റെ തോത് കുറച്ചത്. കപ്പലിന്റെ മുകളിലേക്കാണു പാലം തകര്‍ന്നുവീണത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിനു തീപിടിച്ചു. കപ്പലില്‍ ഉള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
/loading-logo.jpg
No comments:
Post a Comment