പാട്ടുംപാടി പോയ ആലത്തൂര്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, March 25, 2024

പാട്ടുംപാടി പോയ ആലത്തൂര്‍

പാലക്കാട്‌ : ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലം ആലത്തൂരായി മാറിയത്‌ 2009ലാണ്‌. പാര്‍ട്ടി ചിഹ്‌നത്തില്‍ ആര്‌ നിന്നാലും ജയിപ്പിച്ചു വിടാന്‍ തക്ക ശക്‌തമായ സംഘടനാ സംവിധാനമുണ്ടെന്നു സി.പി.എം. സ്വകാര്യമായി അഹങ്കരിച്ച മണ്ഡലം. പി.കെ. ബിജുവിനെ 2009 ലും 2014 ലും മികച്ച ഭൂരിപക്ഷത്തിനു ഡല്‍ഹിക്കുവിട്ടത്‌ ആലത്തൂരായിരുന്നു. 2019 ല്‍ ഹാട്രിക്‌ ലക്ഷ്യമിട്ടിറങ്ങിയ ബിജുവിനു കാലിടറി. ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ്‌ പാട്ടുംപാടി ജയിച്ചുകയറിയപ്പോള്‍ സി.പി.എമ്മിനേറ്റ തിരിച്ചടി ചെറുതായിരുന്നില്ല.
അട്ടിമറിയിലൂടെ ആലത്തൂരെന്ന ചുവപ്പ്‌ കോട്ടയില്‍ കടന്നുകയറി വെന്നിക്കൊടി പാറിച്ച സിറ്റിങ്‌ എം.പി. രമ്യ ഹരിദാസിനെ തന്നെയാണ്‌ ഇത്തവണയും യു.ഡി.എഫ്‌. രംഗത്തിറക്കിയിട്ടുള്ളത്‌. കോഴിക്കോട്‌ ജില്ലയിലെ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ രമ്യ 2015ല്‍ കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.
കഴിഞ്ഞ തവണ പ്രചരണ യോഗങ്ങളിലെല്ലാം രമ്യയുടെ പാട്ടും ചര്‍ച്ചയായിരുന്നു. ഇത്തവണ പാട്ട്‌ അധികം വേണ്ടെന്ന വിധത്തില്‍ ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നതായി കേട്ടെങ്കിലും വോട്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ രമ്യ പാടാന്‍ മടിക്കാറില്ല.
എന്തുവിലകൊടുത്തും ആലത്തൂര്‍ കോട്ട തിരിച്ചുപിടിക്കണമെന്ന വാശിയിലാണു സി.പി.എം. അതിനാലാണു മന്ത്രി കെ. രാധാകൃഷ്‌ണനെ തന്നെ അങ്കത്തിനിറക്കിയത്‌. ചേലക്കരയില്‍നിന്നും 1996 ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്‌ണന്‍, പിന്നീട്‌ ഇങ്ങോട്ട്‌ 2001, 2006, 2011, 2021 വര്‍ഷങ്ങളിലും വിജയിച്ചു. 1996 ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-വര്‍ഗ ക്ഷേമമന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ്‌ വിപ്പായി. 2006 ല്‍ നിയമസഭാ സ്‌പീക്കറായി. 2021 ല്‍ വീണ്ടും മന്ത്രി. ഇപ്പോള്‍ അതിനെല്ലാം അപ്പുറം ആലത്തൂര്‍ പിടിച്ചെടുക്കാനുള്ള നിയോഗം.
നിലനിര്‍ത്താനും തിരിച്ചുപിടിക്കാനുമായി യു.ഡി.എഫും എല്‍.ഡി.എഫും കളംനിറയുമ്പോള്‍ എന്‍.ഡി.എ. ക്യാമ്പ്‌ ഡോ. ടി.എന്‍. സരസുവിനെ രംഗത്തിറക്കി പോരിനു കച്ചമുറുക്കി. നേരത്തെ ബി.ഡി.ജെ.എസിന്‌ നല്‍കിയിരുന്ന ആലത്തൂര്‍ മണ്ഡലം ഇത്തവണ ബി.ജെ.പി. ഏറ്റെടുത്തെങ്കിലും ഇതുവരെയും സ്‌ഥാനാര്‍ഥി പ്രഖ്യാപനമായിട്ടില്ല. 2019 ല്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിക്ക്‌ 89,837 വോട്ടാണ്‌ ഇവിടെ ലഭിച്ചത്‌.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര നിയമസഭാ മണ്ഡലങ്ങളെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്‌. പക്ഷേ, ലോക്‌സഭയിലേക്കുള്ള രാഷ്‌ട്രീയ മത്സരത്തില്‍ അതുമാത്രം പോരെന്നു തെളിഞ്ഞത്‌ 2019 ലാണ്‌. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്‌തമായ ലീഡ്‌ നേടിയാണ്‌ 1,58,968 എന്ന വന്‍ഭൂരിപക്ഷത്തിനു രമ്യ ഹരിദാസ്‌ ജയിച്ചുകയറിയത്‌. കേന്ദ്രത്തില്‍ രണ്ടാംമോദി സര്‍ക്കാര്‍ വരാതിരിക്കാനുള്ള വികാരവും രാഹുല്‍ഗാന്ധിയുടെ കേരളത്തിലെ സ്‌ഥാനാര്‍ഥിത്വവും കൂടിയാണ്‌ അന്നു കോണ്‍ഗ്രസ്‌ മുന്നേറ്റത്തിന്‌ വഴിതുറന്നതെന്നാണ്‌ വിലയിരുത്തല്‍.
എങ്കിലും ഇത്തവണ ആലത്തൂരിലെ മത്സരം സി.പി.എം. നിസാരമായി കാണുന്നില്ല. തെരഞ്ഞെടുപ്പുകളിലൊന്നും പരാജയമറിയാത്ത രാധാകൃഷ്‌ണനെ തന്നെ കളത്തിലിറക്കിയത്‌ അതുകൊണ്ടാണ്‌. രമ്യയുടെ കാര്യത്തിലും മത്സരിച്ചപ്പോഴൊക്കെ ജയിച്ച ചരിത്രമാണുള്ളത്‌. ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആലത്തൂരില്‍ തീപാറും പോരാട്ടമാവും.
അടിസ്‌ഥാനപരമായി കാര്‍ഷിക മണ്ഡലമാണ്‌ ആലത്തൂര്‍. അതുകൊണ്ടുതന്നെ കുടിവെള്ളവും ജലസേചന പദ്ധതികളുമൊക്കെ പ്രാദേശിക തലത്തില്‍ ചര്‍ച്ചയാവും. നെല്ല്‌ സംഭരണവും അതിന്റെ വില ലഭിക്കാനുള്ള കാലതാമസവും ഇവിടെ വിഷയമാണ്‌. അതിനൊപ്പം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എം.പിയുടെ വികസന പ്രവര്‍ത്തനവും മണ്ഡലത്തിലെ സാന്നിധ്യവുമൊക്കെ ജനങ്ങള്‍ അളന്നുതൂക്കും.

എന്‍. രമേഷ്‌


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages