തൃശൂര്‍: തെരഞ്ഞെടുപ്പിനുശേഷം നടന്ന ആദ്യ എന്‍.ഡി.എ. യോഗത്തില്‍ താരമായി ബി.ജെപി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍. എന്‍.ഡി.എയ്ക്കു സംസ്ഥാനത്തുനിന്നുള്ള ആദ്യ എം.പിയെ ജയിപ്പിച്ചെടുക്കുന്നതില്‍ നിര്‍ണായകമായത് അനീഷ് കുമാറിന്റെ പ്രവര്‍ത്തന മികവായിരുന്നു. എന്‍.ഡി.എ. സഖ്യകക്ഷി നേതാക്കളെല്ലാം ബി.ജെ.പി. തൃശൂര്‍ ജില്ലാ ഘടകത്തിന്റെ പ്രവര്‍ത്തനശൈലിയെ വാനോളം പുകഴ്ത്തി.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും തൃശൂര്‍ ഘടകത്തിന്റെ പ്രചാരണ തന്ത്രങ്ങള്‍ മാതൃകയാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കൃത്യതയോടെ വോട്ട് ചേര്‍ക്കല്‍ മുതല്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലേക്കും ഇറങ്ങിയെത്താന്‍ തയാറാക്കിയ പദ്ധതികളും പ്രായോഗിക സമീപനങ്ങളും അടക്കം അനീഷ് കുമാര്‍ യോഗത്തില്‍ വിശദീകരിച്ചു.
ബി.ജെ.പിയില്‍ ഗ്രൂപ്പിസം ശക്തമാകുന്നുവെന്ന ആരോപണം ഉയരുമ്പോള്‍തന്നെ, യാതൊരുവിധ വിഭാഗീയതയ്ക്കും ഇടനല്‍കാതെയാണ് തൃശൂര്‍ ഘടകം തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടത്. വരാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകളില്‍ ഇതേ മാതൃകയില്‍ പ്രവര്‍ത്തന പദ്ധതി സജ്ജീകരിച്ചാല്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി.
ഇത്തവണ എന്തു വില കൊടുത്തും ജയിക്കണമെന്ന വാശിയിലായിരുന്നു ഇത്തവണ തൃശൂരില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അനീഷ് കുമാര്‍ പറഞ്ഞു. ആവശ്യമായ എല്ലാ സഹായ സഹകരണവും സംസ്ഥാന നേതൃത്വത്തിന്റെയും എന്‍.ഡി.എ. സഖ്യകക്ഷികളുടെയും ഭാഗത്ത് നിന്നുണ്ടായി. ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഘടകം സജ്ജമാണെന്നും അനീഷ് കുമാര്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി.ക്കും മറ്റ് ഹിന്ദു സംഘടനകള്‍ക്കുമെതിരേ സി.പി.എം ഭീഷണി തുടരുകയാണെന്നും ഇത് വെച്ചു പൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ. സംസ്ഥാന ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുസ്ലിം വോട്ടിനു വേണ്ടി നിലവാരമില്ലാത്ത ഇടപെടലാണ് സി.പി.എമ്മും മുഖ്യമന്ത്രിയും നടത്തുന്നത്. ചില ക്രൈസ്തവ സംഘടനകളെയും അവര്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്. ഇതിനെതിരായി ശക്തമായ ഐക്യനിര കെട്ടിപ്പടുക്കും. എന്‍.ഡി.എ. മുന്നണിക്കു പിന്തുണ നല്‍കിയതിന്റെ പേരില്‍ ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ല. ഈഴവ സമുദായത്തില്‍ വലിയമാറ്റം പ്രകടമാണ്. വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.
വിശ്വാസയോഗ്യമായ മൂന്നാം ബദലിന് കേരളത്തില്‍ കളം ഒരുങ്ങികഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികള്‍ക്കും വലിയ അങ്കലാപ്പാണുണ്ടാക്കിയിരിക്കുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും അല്ലാത്ത ഒരു ബദലിനു കേരളം വോട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ജനം കേട്ടു. എന്‍.ഡി.എ. പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു.
ഉപതെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് മുന്നണി പ്രവര്‍ത്തിക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. എന്‍.ഡി.എ. കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി. നേതാക്കളായ വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, വിഷ്ണുപുരം ചന്ദ്രശേഖരന്‍ പങ്കെടുത്തു.
/loading-logo.jpg
No comments:
Post a Comment