തൃശൂര്‍ തോല്‍വി മുതല്‍ മേയര്‍ വരെ വിഷയങ്ങളേറെ ; സി.പി.എം അവഗണനയില്‍, ആശങ്കയോടെ സി.പി.ഐ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, September 24, 2024

തൃശൂര്‍ തോല്‍വി മുതല്‍ മേയര്‍ വരെ വിഷയങ്ങളേറെ ; സി.പി.എം അവഗണനയില്‍, ആശങ്കയോടെ സി.പി.ഐ

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നഷ്ടമാകുന്ന സ്വാധീനം തിരിച്ചുപിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന സി.പി.ഐയ്ക്ക് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും സമീപനത്തില്‍ ആശങ്ക. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ സി.പി.ഐയുടെ ഭാവി തന്നെ അപകടത്തിലാകുമെന്നു നേതാക്കളും അണികളും ആശങ്കപ്പെടുന്നു. തൃശൂര്‍ പൂരം അലങ്കോലമാലയതുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവലാതികള്‍ മുഖവിലയ്‌ക്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിലും സി.പി.ഐ. നേതൃത്വം അപകടം മണക്കുന്നു.

വെളിയം ഭാര്‍ഗവന്‍ അടക്കമുള്ള നേതൃത്വനിര സി.പി.എമ്മിനോട് നേരിട്ട് മുട്ടിയാണ് സി.പി.ഐയുടെ സ്വാധീനം മുന്നണിയിലും സംസ്ഥാന രാഷ്ട്രീയത്തിലും നിലനിര്‍ത്തിപോന്നത്. എന്നാല്‍, കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായതോടെ സി.പി.എമ്മിന്റെ ബി ടീം ആയി മാറിയെന്ന വിമര്‍ശനം പാര്‍ട്ടി ഘടകങ്ങളിലും ശക്തമായി ഉയര്‍ന്നു. ബിനോയ് വിശ്വത്തിലേക്ക് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ എത്തിയെങ്കിലും ഇക്കാര്യത്തില്‍ മാറ്റമില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടി അണികള്‍ക്കുള്ളത്.

ഈ സാഹചര്യത്തില്‍ തന്നെയാണ് പൂരം, തൃശൂര്‍ മേയര്‍ അടക്കമുള്ള വിവാദങ്ങളില്‍ സി.പി.ഐയുടെ ആവശ്യം പൂര്‍ണ്ണമായി നിരാകരിക്കാന്‍ സി.പി.എമ്മിനേയും മുഖമന്ത്രിയേയും പ്രേരിപ്പിക്കുന്നതെന്നും കരുതുന്നവരുണ്ട്. ജനകീയനെന്ന പ്രതിച്ഛായ ഉയര്‍ത്തിപിടിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാറിന് തൃശൂരിലെ തോല്‍വിയോട് പൊരുത്തപ്പെടാന്‍ ഇനിയും സാധിച്ചിട്ടില്ല. പൂരം അലങ്കോലമായതാണ് തന്റെ തോല്‍വിയ്ക്ക് പ്രധാന കാരണമെന്ന് വിശ്വസിക്കാനാണ് അദേഹം താല്‍പ്പര്യപ്പെടുന്നതും.

അതുകൊണ്ട് തന്നെ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് സുനില്‍കുമാര്‍ അടക്കമുള്ള സി.പി.ഐ. നേതാക്കള്‍ കൈകൊള്ളുന്നത്. ആര്‍.എസ്.എസ്. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ എ.ഡി.ജി.പി: എം.ആര്‍. അജിത്കുമാറിനെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെങ്കിലും മുഖ്യമന്ത്രി ഇത് അവഗണിക്കുകയാണ്. എ.ഡി.ജി.പി. സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ശക്തമായി രംഗത്തിറങ്ങുമെന്ന് സി.പി.ഐ. നേതാക്കള്‍ പറയുമ്പോഴും റിപ്പോര്‍ട്ട് പുറത്തുവിടുമെന്നതില്‍പോലും ഉറപ്പുമില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും ഫലപ്രഖ്യാപനത്തിന് ശേഷവും സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തുന്ന തൃശൂര്‍ മേയര്‍ വര്‍ഗീസിനെ മാറ്റണമെന്നും ബാക്കിയുള്ള കാലാവധി തങ്ങള്‍ക്ക് അനുവദിക്കണമെന്ന അന്ത്യശാസനം സി.പി.എം. നിര്‍ദാക്ഷിണ്യം തള്ളിയെതങ്കിലും അമര്‍ഷം ഉള്ളിലൊതുക്കാനേ സി.പി.ഐയ്ക്കു സാധിക്കുന്നുള്ളൂ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക അടക്കമുള്ള ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ഒലിച്ചുപോയതിന്റെ ആശങ്കയും സി.പി.ഐയെ വേട്ടയാടുന്നുമുണ്ട്. മന്ത്രി കെ. രാജന്‍ അടക്കമുള്ള പല മുതിര്‍ന്ന സി.പി.ഐ നേതാക്കളുടേയും ബൂത്തുകളില്‍ ബി.ജെ.പിയാണ് ലീഡ് നേടിയത്. ഇതിനൊപ്പം സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്നുള്ള കടുത്ത അവഗണനയും സി.പി.ഐയുടെ രാഷ്ട്രീയ ഭാവിയെ തന്നെ ചോദ്യംചെയ്യുന്നു. ഈ സാഹചര്യത്തില്‍ മുന്നണി മാറ്റം അടക്കമുള്ള ശക്തമായ നടപടിയിലേക്ക് സി.പി.ഐ ഭാവിയില്‍ കടക്കുമോയെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. മുമ്പ് കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ച പാരമ്പര്യവും സി.പി.ഐയ്ക്കുണ്ട്.

ഇന്നലെ തൃശൂരില്‍ നടന്ന അഴീക്കോടന്‍ രക്തസാക്ഷിത്വ ദിനാചരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തെങ്കിലും പൂര വിവാദത്തില്‍ പ്രതികരണമുണ്ടായില്ല. അടുത്ത പൂരത്തോടെ ഈ വിവാദം അവസാനിക്കുമെന്നും സര്‍ക്കാരിന്റെ ഭാഗമായി തുടരേണ്ടത് സി.പി.ഐയുടെ ആവശ്യമായതിനാല്‍തന്നെ കടുത്ത തീരുമാനത്തിലേക്ക് കടക്കില്ലെന്നുമാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

ആര്‍.എസ്.എസ്. നേതൃത്വവുമായുള്ള പോലീസ് ഉന്നത ഉദ്യേഗസ്ഥന്റെ ചര്‍ച്ചയും വിവാദ വിഷയങ്ങളില്‍ ആര്‍.എസ്.എസ്. നേതാക്കളുടെ സാന്നിദ്ധ്യവും യാദൃശ്ചികമായി കരുതാന്‍ സി.പി.ഐ. ഒരുക്കവുമല്ല. തൃശൂരില്‍ കനത്ത വോട്ട് ചോര്‍ച്ച നേരിട്ട കോണ്‍ഗ്രസ് പക്ഷേ, പൂര വിഷയം പ്രധാന കാരണമായി കാണുന്നുമില്ല. കെ.പി.സി.സി. നിയോഗിച്ച അന്വേഷണ കമ്മിറ്റി, കോണ്‍ഗ്രസ് നേതൃത്വതലത്തിലെ പിഴവാണ് പരാജയത്തിന്റെ പ്രധാന കാരണമായി കണ്ടെത്തിയത്. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിന്റെ പാതയിലുള്ള സി.പി.ഐയുടെ തുടര്‍ നീക്കങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും താല്‍പ്പര്യമേറെ.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages