അത്‌ കുറ്റമല്ല; വഖഫ്‌ ബോര്‍ഡിന്‌ തിരിച്ചടി, ഭൂനിയമഭേദഗതിക്ക്‌ മുന്‍കാലപ്രാബല്യമില്ല: ഹൈക്കോടതി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, November 13, 2024

അത്‌ കുറ്റമല്ല; വഖഫ്‌ ബോര്‍ഡിന്‌ തിരിച്ചടി, ഭൂനിയമഭേദഗതിക്ക്‌ മുന്‍കാലപ്രാബല്യമില്ല: ഹൈക്കോടതി

കൊച്ചി: വഖഫ്‌ ഭൂമി കൈവശംവയ്‌ക്കുന്നതു കുറ്റകരമാക്കുന്ന നിയമഭേദഗതിക്കു മുന്‍കാലപ്രാബല്യമില്ലെന്നു ഹൈക്കോടതി. വഖഫ്‌ ഭൂമി കൈവശംവച്ചെന്നാരോപിച്ച്‌ കോഴിക്കോട്‌ തപാല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്‌, മേരിക്കുന്ന്‌ സബ്‌ പോസ്‌റ്റ് മാസ്‌റ്റര്‍ എന്നിവര്‍ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ കോഴിക്കോട്‌ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.

വഖഫ്‌ ബോര്‍ഡിന്റെ പരാതിയിലായിരുന്നു തപാല്‍വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരായ കേസ്‌. 1999-ലാണ്‌ കോഴിക്കോട്ടെ മേരിക്കുന്ന്‌ പോസ്‌റ്റ് ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചതെന്നിരിക്കേ 2017-ല്‍ കേസെടുത്തതു ചോദ്യംചെയ്‌താണു ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്‌. ഇതില്‍ 2013-ലെ വഖഫ്‌ നിയമഭേദഗതിപ്രകാരം കേസെടുക്കാനാവില്ലെന്നാണു ജസ്‌റ്റിസ്‌ പി.വി. കുഞ്ഞിക്കൃഷ്‌ണന്റെ ബെഞ്ച്‌ വ്യക്‌തമാക്കിയത്‌.

അനുമതിയില്ലാതെ വഖഫ്‌ ഭൂമി കൈവശംവച്ചെന്നായിരുന്നു മേരിക്കുന്ന്‌ പോസ്‌റ്റ് ഓഫീസ്‌ ജീവനക്കാര്‍ക്കെതിരായ കേസ്‌. 1999 സെപ്‌റ്റംബര്‍ മുതല്‍ സ്വകാര്യസ്‌ഥലത്തു വാടകയ്‌ക്കാണു മേരിക്കുന്ന്‌ പോസ്‌റ്റ് ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. കരാര്‍ യഥാസമയങ്ങളില്‍ പുതുക്കുകയും ചെയ്‌തു.
പിന്നീട്‌, ഈ സ്‌ഥലത്ത്‌ വാണിജ്യസമുച്ചയം നിര്‍മിക്കുന്നതിനായി പോസ്‌റ്റ് ഓഫീസ്‌ തന്റെതന്നെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റണമെന്ന്‌ ഉടമ ആവശ്യപ്പെട്ടു. 2005 ജൂണില്‍ പോസ്‌റ്റ് ഓഫീസ്‌ പുതിയ കെട്ടിടത്തിലേക്കു മാറ്റി. കെട്ടിടത്തിനു ഗ്രില്‍ വച്ചുനല്‍കാമെന്ന്‌ ഉടമ 2006 ഓഗസ്‌റ്റില്‍ പോസ്‌റ്റ് ഓഫീസ്‌ അധികൃതരെ അറിയിച്ചെങ്കിലും 2014 വരെ നടപ്പാക്കിയില്ല. പിന്നീട്‌ വാടക സ്വീകരിക്കാതായി.

കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട്‌ നോട്ടീസും അയച്ചു. ഇതിനൊപ്പം സ്‌ഥലം തിരിച്ചുവാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട്‌ വഖഫ്‌ ട്രിബ്യൂണലിലും ഉടമ പരാതി നല്‍കി. ട്രിബ്യൂണല്‍ സ്‌ഥലമുടമയ്‌ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും തപാല്‍ വകുപ്പിന്റെ അപ്പീലില്‍ വിധി റദ്ദാക്കി. ഇതോടെയാണ്‌ പോസ്‌റ്റ് ഓഫീസ്‌ ഭൂമി കൈയേറിയെന്നാരോപിച്ച്‌ വഖഫ്‌ ബോര്‍ഡ്‌ സി.ഇ.ഒ. നോട്ടീസ്‌ പുറപ്പെടുവിച്ചത്‌.

കേസ്‌ വീണ്ടും ട്രിബ്യൂണലിനു മുന്നിലെത്തിയപ്പോള്‍ 45 ദിവസത്തിനകം സ്‌ഥലമൊഴിയാന്‍ ഉത്തരവായി. ഇതിനു പിന്നാലെയാണ്‌ പോസ്‌റ്റ് ഓഫീസ്‌ അധികൃതര്‍ക്കെതിരേ 2013-ലെ ഭേദഗതിപ്രകാരമുള്ള വഖഫ്‌ നിയമം 52(എ) വകുപ്പുപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ ബോര്‍ഡ്‌ കോടതിയെ സമീപിച്ചത്‌.
മുനമ്പം, ചാവക്കാട്‌, വയനാട്‌ എന്നിവിടങ്ങളിലടക്കം വഖഫ്‌ ബോര്‍ഡ്‌ ഭൂമിയുമായി ബന്ധപ്പെട്ട്‌ ആശങ്കകളുയരുന്ന സാഹചര്യത്തിലാണു ഹൈക്കോടതിയുടെ നിര്‍ണായകവിധി. തപാല്‍വകുപ്പിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുവിന്‍ ആര്‍. മേനോന്‍ കോടതിയില്‍ ഹാജരായി.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages