മാര്‍ കൂവക്കാട്‌ കര്‍ദിനാളായി അഭിഷിക്‌തനായി; ഭാരത കത്തോലിക്ക സഭയ്ക്ക് അഭിമാന നിമിഷം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, December 8, 2024

മാര്‍ കൂവക്കാട്‌ കര്‍ദിനാളായി അഭിഷിക്‌തനായി; ഭാരത കത്തോലിക്ക സഭയ്ക്ക് അഭിമാന നിമിഷം

വത്തിക്കാന്‍ സിറ്റി: പ്രാര്‍ഥനാഗീതങ്ങള്‍ അലയടിച്ച വത്തിക്കാനിലെ സെന്റ്‌ പീറ്റര്‍ ബസലിക്കയില്‍ ചങ്ങനാശേരി അതിരൂപതാംഗമായ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ കൂവക്കാട്‌ ഉള്‍പ്പെടെ 21 പേര്‍ കര്‍ദിനാള്‍മാരായി അഭിഷിക്‌തരായി. വിശുദ്ധ കര്‍മ്മങ്ങള്‍ക്കു ഫ്രാന്‍സിസ്‌ മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പുതിയ കര്‍ദിനാള്‍മാര്‍ക്കു മാര്‍പാപ്പ സ്‌ഥാനചിഹ്നങ്ങളായ സ്വര്‍ണമോതിരം, കറുപ്പും ചുവപ്പും നിറം കലര്‍ന്ന കിരീടം എന്നിവ അണിയിക്കുകയും സര്‍ട്ടിഫിക്കറ്റ്‌ കൈമാറുകയും ചെയ്‌തു. നവ കര്‍ദിനാള്‍മാരുമായി മാര്‍പാപ്പ പിന്നീടു കൂടിക്കാഴ്‌ച നടത്തും.
ചങ്ങനാശേരി മാമ്മൂട്‌ സ്വദേശിയായ മാര്‍ ജോര്‍ജ്‌ കൂവക്കാട്‌ വൈദിക പദവിയില്‍നിന്നു നേരിട്ടു കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്ന, ഇന്ത്യയില്‍നിന്നുള്ള ആദ്യ പുരോഹിതനാണ്‌. കത്തോലിക്ക സഭയില്‍ സാധാരണ മെത്രാന്മാരെയാണു കര്‍ദിനാള്‍മാരായി ഉയര്‍ത്തുക.
മാമ്മൂട്‌ കൂവക്കാട്‌ ജേക്കബ്‌ വര്‍ഗീസ്‌-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്‌. 2004 ജൂലൈ 24നാണു പൗരോഹിത്യം സ്വീകരിച്ചത്‌. കഴിഞ്ഞ ഒക്‌ടോബര്‍ ആറിനു മധ്യാഹ്ന പ്രാര്‍ഥനയ്‌ക്കിടെ മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി പ്രഖ്യാപിച്ചു.
വത്തിക്കാനില്‍ നടന്ന വിശുദ്ധകര്‍മങ്ങളില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ തോമസ്‌ തറയില്‍, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ തോമസ്‌ പാടിയത്ത്‌, മാര്‍ സ്‌റ്റീഫന്‍ ചിറപ്പണത്ത്‌, സന്യസ്‌തര്‍ എന്നിവര്‍ ഉള്‍പ്പെടെ നാനൂറോളം മലയാളികള്‍ പങ്കാളികളായി.
കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രി ജോര്‍ജ്‌ കുര്യന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘവും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍, അനില്‍ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്‌ എം.പി, ടോം വടക്കന്‍, സത്നാം സിങ്‌ സന്ധു എന്നിവരാണു പ്രതിനിധിസംഘത്തിലുള്ളത്‌.
മാര്‍ ജോര്‍ജ്‌ കൂവക്കാട്ടിന്റെ മാതൃ ഇടവകയായ മാമ്മൂട്‌ ലൂര്‍ദ്‌മാതാ പള്ളിയില്‍ ഒരുക്കിയ വലിയ എല്‍.സി.ഡി. സ്‌ക്രീനില്‍ നൂറുകണക്കിനു വിശ്വാസികള്‍ ചടങ്ങ്‌ വീക്ഷിച്ചു. ചങ്ങനാശേരി അതിരൂപതയും മാതൃ ഇടവകയും വിശ്വാസികള്‍ക്കു മധുരം വിതരണം ചെയ്‌തു. മാമ്മൂട്‌ ലൂര്‍ദ്‌മാതാ പള്ളിയില്‍ കര്‍ദിനാളിനുവേണ്ടി മൂന്നു കുര്‍ബാനകള്‍ അര്‍പ്പിച്ചു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages