കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്‌ജി ജെ. നാസര്‍ ഇന്നു ശിക്ഷാ വിധി പറയും. കേസില്‍ പ്രതിയായ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ (54) കുറ്റക്കാരനെന്നു കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സഹോദരന്‍ രഞ്‌ജി കുര്യന്‍, മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ എന്നിവരെ വെടിവെച്ച് കൊന്ന കേസിലാണു ശിക്ഷ.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണക്കാക്കി പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അപ്രതീക്ഷിത പ്രകോപനത്തിന്റെ പേരിലായിരുന്നില്ല കൊലപാതകം. നേരത്തെതന്നെ തയാറെടുപ്പുകള്‍ നടത്തിയാണു പ്രതി എത്തിയത്. ഉന്നതനിലവാരമുള്ള സ്‌ഥാപനങ്ങളില്‍ പഠിച്ച പ്രതിയുടെ ജീവിച്ച സാഹചര്യങ്ങളും ഉയര്‍ന്നനിലയിലായിരുന്നു. എന്നിട്ടും ക്രൂരകൊലപാതകമാണു നടത്തിയത്. ഇതു കണക്കിലെടുത്താല്‍ പ്രതിക്ക് മാനസാന്തരം വരാനുള്ള സാധ്യതയില്ല. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.എസ് അജയന്‍ വാദിച്ചു. കൊല്ലപ്പെട്ട രഞ്‌ജി കുര്യന്റെ കുടുംബം സാമ്പത്തികമായി തകര്‍ന്നുവെന്നും ഉന്നത സാമ്പത്തികനിലയുള്ള പ്രതിയില്‍ നിന്നു വലിയ നഷ്‌ടപരിഹാരം ഈടാക്കി വാദിഭാഗത്തിനു നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ജോര്‍ജ് കുര്യനു സംഭവത്തില്‍ പശ്‌ചാത്താപമുണ്ടെന്നും, മാനസാന്തരത്തിനുള്ള കാലയളവ് ഇനി ഉണ്ടാകണമെന്നും പ്രതിഭാഗം പറഞ്ഞു. കരിക്കിന്‍ വില്ല കൊലപാതക കേസിലെ പ്രതി റെന്നി ജോര്‍ജ് ഇപ്പോള്‍ ആത്മീക കാര്യങ്ങളില്‍ സജീവമായിരിക്കുന്നതുപോലെ ഇത്തരത്തിലുള്ള ഒരു സാഹചര്യം ജോര്‍ജ് കുര്യനും നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. സാമ്പത്തിക നില ആകെ തകര്‍ന്ന പ്രതിയുടെ കുടുംബത്തിന് ഇപ്പോള്‍ അതീവ ഗുരുതരമായ ബാധ്യതകളുണ്ട്. കുടുംബ സ്വത്ത് എറെയുണ്ടായിട്ടും പ്രതിക്ക് ഇതു നിഷേധിക്കപ്പെട്ടിരുന്നെന്നും ഇതെല്ലാം കണക്കിലെടുത്ത് ഏറ്റവും കൂറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
/loading-logo.jpg
No comments:
Post a Comment