പൊതുധനകാര്യത്തില്‍ സമ്മര്‍ദം; പ്രവര്‍ത്തനരഹിതമായ പതിനെട്ട്‌ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കൂടേയെന്നു സി.എ.ജി. - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, March 30, 2025

പൊതുധനകാര്യത്തില്‍ സമ്മര്‍ദം; പ്രവര്‍ത്തനരഹിതമായ പതിനെട്ട്‌ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കൂടേയെന്നു സി.എ.ജി.

തിരുവനന്തപുരം: സംസ്‌ഥാനത്തു പ്രവര്‍ത്തനരഹിതമായ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എത്രയും വേഗം അടച്ചുപൂട്ടണമെന്നു സി.എ.ജി. സംസ്‌ഥാനത്തിന്റെ പൊതുധനകാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകാതിരിക്കാന്‍ ഇതിനുള്ള നടപടികള്‍ എത്രയും വേഗം കൈകൊള്ളണമെന്നാണ്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ ശിപാര്‍ശ. പൊതുമേഖലാ സ്‌ഥാപനങ്ങള്‍ സംബന്ധിച്ച്‌ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഈ ശിപാര്‍ശ.

കേരളത്തില്‍ മൊത്തം 149 പൊതുമേഖലാ സ്‌ഥാപനങ്ങളാ(എസ്‌.പി.എസ്‌.ഇ)ണുള്ളത്‌. അതില്‍ പതിനെട്ട്‌ എണ്ണം പ്രവര്‍ത്തനരഹിതമാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഒന്നുകില്‍ ഈ കമ്പനികള്‍ പ്രവര്‍ത്തനരഹിതമാണ്‌. അല്ലെങ്കില്‍ 1986-87 മുതല്‍ ലിക്വിഡേഷന്റെ വിവിധ ഘട്ടങ്ങളിലാണ്‌. ഈ കാലതാമസം കണക്കിലെടുക്കുമ്പോള്‍, പൊതുധനകാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തനരഹിതമായ എസ്‌.പി.എസ്‌.ഇകളുടെ അടച്ചുപൂട്ടല്‍ നടപടികള്‍ സര്‍ക്കാരിന്‌ വേഗത്തിലാക്കണം.

പൊതുമേഖലാ സ്‌ഥാപനങ്ങളുണ്ടാക്കുന്ന സാമ്പത്തിക നഷ്‌ടത്തിന്റെ അടിസ്‌ഥാനകാരണം പരിഹരിക്കേണ്ടത്‌ അനിവാര്യമാണ്‌. അറ്റമൂല്യം പൂര്‍ണമായും ഇല്ലാതായ കമ്പനികളുടെ ഓഹരി വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നത്‌ പരിഗണിക്കണം.

അതോടൊപ്പം തന്നെ ദീര്‍ഘകാലമായി ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന പി.എസ്‌.ഇകളും സംസ്‌ഥാന സര്‍ക്കാരും തമ്മിലുള്ള മൂലധനം, വായ്‌പകള്‍, ഗ്യാരന്റികള്‍ എന്നിവയിലെ വ്യത്യാസങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നും റിപ്പോര്‍ട്ട്‌ ശിപാര്‍ശചെയ്യുന്നു. 2 023 മാര്‍ച്ച്‌ 31-ലെ കണക്കനുസരിച്ച്‌ കേരളത്തില്‍ സി.എ.ജിയുടെ ഓഡിറ്റ്‌ അധികാരപരിധിയില്‍ 149 പി.എസ്‌.ഇകളാണുള്ളത്‌. അതില്‍ 130 എണ്ണം സര്‍ക്കാര്‍ കമ്പനികളും 15 എണ്ണം സര്‍ക്കാര്‍ നിയന്ത്രിത കമ്പനികളും നാല്‌ സ്‌റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളുമാണ്‌.

130 സര്‍ക്കാര്‍ കമ്പനികളിലും 15 സര്‍ക്കാര്‍ നിയന്ത്രിത മറ്റ്‌ കമ്പനികളിലും 127 എണ്ണമാണ്‌ പ്രവര്‍ത്തനത്തിലുള്ളത്‌, ബാക്കി 18 എണ്ണം പ്രവര്‍ത്തനരഹിതമാണ്‌. നാല്‌ സ്‌റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതില്‍ ഒരു പി.എസ്‌.ഇയും സ്‌റ്റോക്ക്‌ എക്‌സ്ചേഞ്ചുകളില്‍ ലിസ്‌റ്റ് ചെയ്‌തിട്ടില്ല. പ്രവര്‍ത്തനത്തിലുള്ള 131 പി.എസ്‌.ഇകളില്‍, മൂന്ന്‌ സര്‍ക്കാര്‍ കമ്പനികള്‍ അവരുടെ ആദ്യ വാര്‍ഷിക കണക്കുകള്‍ക്ക്‌ അന്തിമരൂപം നല്‍കിയിട്ടില്ല. ഈ മൂന്ന്‌ പി.എസ്‌.ഇകളുടെ കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ രണ്ട്‌ വര്‍ഷങ്ങള്‍ വരെ കാലതാമസമുണ്ടായിട്ടുണ്ട്‌.

പി.എസ്‌.ഇകളുടെ വിറ്റുവരവ്‌ 2020-21-ലെ 34,769.57 കോടി രൂപയില്‍നിന്ന്‌ 2022-23-ല്‍ 38,781.41 കോടി രൂപയായി ഉയര്‍ന്നെങ്കിലും, ഈ വര്‍ധന ജി.എസ്‌.ഡി.പിയിലെ വര്‍ധനയ്‌ക്കു തത്തുല്യമായിരുന്നില്ല, ഈ കാലയളവില്‍ ജി.എസ്‌.ഡി.പി 7,71,724 കോടിയില്‍ നിന്ന്‌ 10,46,188 കോടിയായി ഉയര്‍ന്നു. അതുമൂലം ജി.എസ്‌.ഡി.പിയുമായി വിറ്റുവരവിനുള്ള ശതമാനം 4.51ല്‍ നിന്ന്‌ 3.71ശതമാനമായി കുറഞ്ഞു.

ജി.എസ്‌.ഡി.പിയുടെ വളര്‍ച്ചാ നിരക്കില്‍ 2021-22-നെ അപേക്ഷിച്ച്‌ 2022-23-ല്‍ 11.95 ശതമാനം വര്‍ധനയുണ്ടായി, എന്നാല്‍, സര്‍ക്കാര്‍ കമ്പനികളുടെയും, സര്‍ക്കാര്‍ നിയന്ത്രിത മറ്റ്‌ കമ്പനികളുടെയും, സ്‌റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളുടെയും മൊത്തം വിറ്റുവരവ്‌ ഇതേ കാലയളവില്‍ 8.43 ശതമാനം മാത്രമാണു വര്‍ധിച്ചത്‌. പി.എസ്‌.ഇകളുടെ വിറ്റുവരവിന്റെ വിഹിതത്തിലെ വര്‍ധനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജി.എസ്‌.ഡി.പിയിലെ വര്‍ധന കൂടുതലായതിനാല്‍, ജി.എസ്‌.ഡി.പിയിലേക്കുള്ള വിറ്റുവരവ്‌ 2021-22-ലെ 3.83 ശതമാനത്തില്‍ നിന്ന്‌ 2022-23-ല്‍ 3.71 ശതമാനമായി കുറഞ്ഞു.

2022-23 കാലയളവില്‍, പ്രവര്‍ത്തനത്തിലുള്ള പി.എസ്‌.ഇകളിലെ മൊത്തം മൂലധന നിക്ഷേപത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നിക്ഷേപിച്ച 10,015.46 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ച 163.07 കോടി രൂപയും സംസ്‌ഥാന സര്‍ക്കാര്‍ കമ്പനികള്‍/ഹോള്‍ഡിങ്‌ കമ്പനികള്‍, ധനകാര്യ സ്‌ഥാപനങ്ങള്‍ എന്നിവ നിക്ഷേപിച്ച 987.46 കോടി രൂപയുമാണ്‌ ഉള്‍പ്പെടുന്നത്‌. 27 പി.എസ്‌.ഇകളിലുണ്ടായിരുന്ന 492.64 കോടി രൂപയുടെ മൂലധന നിക്ഷേപത്തില്‍ 308.28 കോടി രൂപയും സര്‍ക്കാരിന്റെ ബജറ്റ്‌ വിഹിതത്തിലൂടെയായിരുന്നുവെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages