തിരുവനന്തപുരം: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടേതായി സംസ്‌ഥാനത്തെ വിവിധ ബാങ്കുകളിലുള്ളത് 9369 കോടി രൂപയുടെ നിക്ഷേപം!. സാധാരണക്കാരായ സ്‌ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വ്യക്‌തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി 1998 മുതല്‍ കുടുംബശ്രീ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഭാഗമായാണ് അയല്‍ക്കൂട്ടതലത്തില്‍ സമ്പാദ്യ രൂപീകരണം.
രജത ജൂബിലി പിന്നിട്ട കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് അയല്‍ക്കൂട്ട അംഗങ്ങളുടേതായി ഇതുവരെയുള്ള ഭീമമായ നിക്ഷേപം.
ആഴ്‌ചതോറും എല്ലാ അംഗങ്ങളും കുറഞ്ഞത് പത്തു രൂപ വീതം നിക്ഷേപിക്കണം എന്ന വ്യവസ്‌ഥയിലായിരുന്നു പദ്ധതിയുടെ തുടക്കമെങ്കിലും ക്രമേണ അയല്‍ക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും എണ്ണത്തിലും നിക്ഷേപത്തിലുമുണ്ടായ ക്രമാനുഗത പുരോഗതിയാണ് സമ്പാദ്യം ശതകോടികളിലേക്ക് കുതിക്കാന്‍ സഹായകമായത്.
കൂടാതെ കുടുംബശ്രീ മിഷന്‍ 2024-25 സാമ്പത്തിക വര്‍ഷം നടത്തിയ സസ്‌റ്റെയിനബിള്‍ ത്രിഫ്‌റ്റ് ആന്‍ഡ് ക്രെഡിറ്റ് ക്യാമ്പയിന്‍ മുഖേന അയല്‍ക്കൂട്ട അംഗങ്ങളുടെ ശരാശരി ആഴ്‌ച സമ്പാദ്യം ഗണ്യമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഇതോടെ ഏഷ്യയില്‍ തന്നെ ആഴ്‌ച സമ്പാദ്യത്തിലൂടെ ഏറ്റവും കൂടുതല്‍ നിക്ഷേപം കൈവരിക്കുന്ന സ്‌ത്രീകൂട്ടായ്‌മയെന്ന ഖ്യാതിയും കുടുംബശ്രീക്ക് സ്വന്തം.
വ്യക്‌തിഗത വായ്‌പയായും പരസ്‌പര ജാമ്യത്തിലും വായ്‌പയെടുക്കാനും അയല്‍ക്കൂട്ടങ്ങളില്‍ അവസരമുണ്ട്. നിലവില്‍ 28723.89 കോടിരൂപ ആന്തരിക വായ്‌പാ ഇനത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്ന് സംസ്‌ഥാനമൊട്ടാകെയുള്ള കുടുംബശ്രീ സംരംഭകരില്‍ നല്ലൊരു വിഭാഗവും അയല്‍ക്കൂട്ടങ്ങളില്‍നിന്നു വായ്‌പയെടുത്ത് സംരംഭം തുടങ്ങി വിജയിച്ചവരാണ്.
ഇന്ന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവരാണ് എല്ലാ അയല്‍ക്കൂട്ട അംഗങ്ങളും. 3.07 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ ഇതുവരെ ബാങ്കുമായി ലിങ്ക് ചെയ്‌തു കഴിഞ്ഞു. ഇതുവഴി സ്വന്തമായി ബാങ്കിടപാടുകള്‍ നടത്താനും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനുള്ള ശേഷിയും ഇവര്‍ കൈവരിച്ചിട്ടുണ്ട്.
/loading-logo.jpg
No comments:
Post a Comment