കോട്ടയം: പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മദ്യനയത്തിന്റെ പേരില്‍ ക്രൈസ്‌തവസഭകള്‍ ഇടഞ്ഞതോടെ കേരള കോണ്‍ഗ്രസ് (എം) നേതൃത്വം ആശങ്കയില്‍. പാര്‍ട്ടിയുടെ അടിസ്‌ഥാന വോട്ടുബാങ്കായ കത്തോലിക്കാ സഭ സംസ്‌ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയതാണ് കേരള കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം ആദ്യം നടക്കും.
സര്‍ക്കാര്‍ പ്രഖ്യപിച്ച മദ്യനയത്തിനെതിരേ വരുംദിവസങ്ങളില്‍ പള്ളികളില്‍ പരസ്യമായ പ്രഖ്യാപനം നടത്താനാണു വിവിധ ക്രൈസ്‌തവ സഭകളുടെ തീരുമാനം. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് അകന്നുനിന്ന കത്തോലിക്കാ വിഭാഗങ്ങളുമായി വീണ്ടും ബന്ധം ഊട്ടിയുറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് മദ്യനയത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വഖഫ് ബില്‍ പാസാക്കണമെന്ന ആവശ്യവുമായി കത്തോലിക്കാ സഭയാണു പ്രധാനമായും മുന്നില്‍ നിന്നിരുന്നതെങ്കില്‍, മദ്യനയത്തിനെതിരേ എല്ലാ ക്രൈസ്‌തവസഭകളും ഒരുമിച്ചുണ്ട്.
ഇതോടൊപ്പം എന്‍.എസ്.എസും രംഗത്തുണ്ട്. മദ്യനയത്തിലെ ശിപാര്‍ശകള്‍ പുറത്തുവന്നപ്പോള്‍ത്തന്നെ ക്രൈസ്‌തവ വിഭാഗങ്ങള്‍ ശക്‌തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതു പരിഗണിച്ചില്ലെന്നു മാത്രമല്ല, മദ്യവിതരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതാണ് ക്രൈസ്‌തവ സഭകളുടെ കടുത്ത അതൃപ്‌തിക്ക് ഇടയാക്കിയത്.
മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നതിനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്നും എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണു സര്‍ക്കാരിന്റേതെന്നുമുള്ള അതിരൂക്ഷ വിമര്‍ശനമാണ് കെ.സി.ബി.സി. നടത്തിയത്. ഒരുവശത്ത് ലഹരിക്കെതിരേയെന്നു പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യ ലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടാത്താപ്പാണെന്നും കെ.സി.ബി.സി. ആരോപിച്ചു.
പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ക്രൈസ്‌തവസഭകളുടെ കൂട്ടായ വേദിയായ എക്യൂമെനിക്കല്‍ ട്രസ്‌റ്റ് സമരം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ബ്രുവറികള്‍ യഥേഷ്‌ടം സ്‌ഥാപിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള മദ്യനയം പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ ക്രൈസ്‌തവസഭകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് ഒരു പരിഗണനയും സര്‍ക്കാര്‍ നല്‍കിയില്ലെന്നാണു സഭാമേലധ്യക്ഷന്മാരുടെ നിലപാട്.
ഇതിനെതിരേ സംസ്‌ഥാനത്തുടനീളം കടുത്ത പ്രക്ഷോഭം നടത്താനാണ് എക്യുമെനിക്കല്‍ അസോസിയേഷന്റെ തീരുമാനം. ഇടതുമുന്നണി ഘടകകക്ഷി നേതാക്കളെയും മദ്യനയത്തിലെ അതൃപ്‌തി സഭകള്‍ അറിയിക്കും. ക്രൈസ്‌തവ സഭകള്‍ നിലപാട് കടുപ്പിച്ചാല്‍ ഏറെ പ്രതിസന്ധിയിലാകുന്നത് കേരള കോണ്‍ഗ്രസ് (എം) ആയിരിക്കും.
ഷാലു മാത്യു
/loading-logo.jpg
No comments:
Post a Comment