

പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ 125 സീറ്റുകളിൽ വിജയിച്ച് എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് പൂർത്തിയായത്. കോൺഗ്രസും ആർ ജെഡിയും നേതൃത്വം നൽകിയ മഹാഗഡ് ബന്ധൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് എൻഡിഎ ഭരണത്തുടർച്ച നേടിയത്.
ആർ ജെ ഡിയുമായി ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവി ബിജെപിക്ക് നഷ്ടമായത്. ബി ജെ പിക്ക് 74 സീറ്റുകളും ആർജെഡിക്ക് 75 സീറ്റുകളുമാണ് ലഭിച്ചത്. 70 മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റുകളിൽ ഒതുങ്ങി. 9. 49 ശതമാനം വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. ആർജെ ഡിക്ക് 23.1 ശതമാനം വാേട്ടുകൾ ലഭിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിന് 43 സീറ്റുകൾ ലഭിച്ചു.
243 അംഗ നിയമസഭയിൽ 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എൻ ഡി എ മുന്നണിയിൽ മത്സരിച്ച വികാസ് ഷീൽ ഇൻസാൻ പാർട്ടിയും ഹിന്ദുസ്ഥാനി അവാം മോർച്ചയും നാല് സീറ്റുകൾ വീതം നേടി.
മഹാഗഡ് ബന്ധൻ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകൾ വീതം നേടി. ഇവർക്കൊപ്പം ഉണ്ടായിരുന്ന സിപിഐ എം എൽ 12 സീറ്റുകളിൽ വിജയിച്ചു. ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ബി എസ് പി ക്കും ഒരു മണ്ഡലത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. അസാദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൾ മുസ്ലീമീൻ അഞ്ച് സീറ്റുകളിൽ വിജയിച്ചു.
മഹാഗഡ് ബന്ധൻ സഖ്യത്തിനായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങളിൽ വിജയസാധ്യത. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇത് ശരിവക്കുന്ന തരത്തിലായിരുന്നു ഫലങ്ങൾ പുറത്തുവന്നത്. എന്നാൽ പിന്നീട് ലീഡ് നില മാറി മറിയുകയും ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് നീങ്ങുകയുമായിരുന്നു. അവസാന ഘട്ടത്തിൽ വാേട്ടെണ്ണലിൽ കൃത്രിമം നടന്നതായി ആരോപിച്ച് കോൺഗ്രസും ആർജെഡി യും രംഗത്തെത്തിയിരുന്നു.
https://ift.tt/3kAcVGV
No comments:
Post a Comment