കൊച്ചി: കള്ളപ്പണമുപയോഗിച്ച് ആഡംബരജീവിതം നയിക്കുന്നയാളാണ് അര്ജുന് ആയങ്കിയെന്നു കസ്റ്റംസ്. സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രമായ ഇയാള്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ ചോദ്യംചെയ്യലിനു കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന്, എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അര്‍ജുനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റൊരു പ്രതിയായ ഷെഫീഖിനെ കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു.
അര്ജുന് നിലവില്‍ വ്യാജമൊഴികളാണു നല്‍കുന്നത്. തെളിവുകള്‍ നശിപ്പിച്ചശേഷമാണു ചോദ്യംചെയ്യലിനു ഹാജരായത്. സ്വര്‍ണവുമായി ഷെഫീഖ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന വിവരം അര്ജുന് അറിയാമായിരുന്നു. സ്വര്‍ണക്കടത്തില്‍ ഇയാളുടെ പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും വാട്സ്ആപ് ചാറ്റുകളും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. സജേഷിന്റെ പേരിലുള്ള കാര്‍ അര്‍ജുന്റേതാണ്. സജേഷ് ഇയാളുടെ ബിനാമിയാണെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്കു ഭീഷണിയായ സ്വര്‍ണക്കടത്തിന് അന്തര്സംസ്ഥാനബന്ധങ്ങളുണ്ട്. മൊബൈല്‍ ഫോണും തിരിച്ചറിയല്രേഖയുമില്ലാതെയാണ് അര്ജുന് ചോദ്യംചെയ്യലിെനത്തിയത്.
ഒന്നാംപ്രതി ഷെഫീഖിനൊപ്പമിരുത്തി അര്‍ജുനെ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. എത്രയും വേഗം ചോദ്യംചെയ്തില്ലെങ്കില്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാതാകും. ദുബായില്‍നിന്നു സലിം എന്നയാളാണു സ്വര്‍ണം തന്റെ പക്കല്‍ ലഭിക്കാന്‍ ഏര്‍പ്പാട് ചെയ്തതെന്നാണു ഷെഫീഖിന്റെ മൊഴി. സലിം പറഞ്ഞതനുസരിച്ച് ജലീലും മറ്റൊരാളുമാണു സ്വര്‍ണമടങ്ങിയ പെട്ടി നല്‍കിയത്.
കരിപ്പുര്‍ വിമാനത്താവളത്തിലെ ആഗമനഭാഗത്ത് അര്ജുന് ഉണ്ടായിരുന്നെന്നും ഷെഫീഖ് മൊഴി നല്കി. സ്വര്‍ണവുമായി വിമാനത്താവളത്തിലെത്തിയ ആളുമായി അര്ജുന് നേരിട്ടു ബന്ധമുണ്ട്. അര്ജുന് കള്ളക്കടത്തിന്റെ മുഖ്യസൂത്രധാരനാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
https://ift.tt/eA8V8J
No comments:
Post a Comment