മൂന്നാര്‍: കൃഷിയിടത്തില്‍ പണിയെടുക്കുകയായിരുന്ന ആദിവാസി യുവാവിനെ വെടിവച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. ഇടമലക്കുടി കീഴ്‌പത്തംകുടി സ്വദേശിയായ ലക്ഷ്‌മണനെ(35) മൂന്നാര്‍ എസ്.ഐ. ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്.
പ്രതി കുടിയിലുണ്ടെന്ന വിവരം ലഭിച്ച പോലീസ് ഇടമലക്കുടിയില്‍ ചൊവ്വാഴ്‌ച രാത്രിയിലെത്തി. ഇയാളെ ബുധനാഴ്‌ച ഉച്ചയ്‌ക്ക് മൂന്നാര്‍ സ്‌റ്റേഷനിലെത്തിച്ചു. കഴിഞ്ഞ 11 നാണ് ഇരുപ്പുകല്ല്‌കുടി സ്വദേശിയായ സുബ്രഹ്‌മണ്യനു കൃഷി സ്‌ഥലത്തുവച്ച് വെടിയേറ്റത്. കാട്ടുമൃഗമാണെന്നു തെറ്റിധരിച്ച് വെടിവച്ചതാണെന്നാണ് പ്രതി ബന്ധുക്കളോടു പറഞ്ഞിരുന്നത്. കേസുമായി ബന്ധപ്പെട്ട് മുമ്പ് പോലീസ് കുടിയിലെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. വെടിവയ്‌ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. നെഞ്ചില്‍ വെടിയേറ്റ സുബ്രഹ്‌മണ്യനെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ശേഷമാണു വെടിയുണ്ട പുറത്തെടുത്തത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ സാമേഷ്, ഹിലാല്‍, നിഷാദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
https://ift.tt/eA8V8J
No comments:
Post a Comment