കോഴിക്കോട്
ചില നേതാക്കളെ പ്രീതിപ്പെടുത്തുന്നവർക്കാണ് ബിജെപിയിൽ പദവികളെന്ന് ആർഎസ്എസ് പ്രചാരക് ബൈഠകിൽ വിമർശം. സ്വന്തം സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ശ്രമിച്ച് പരിവാറിന്റെ ഭദ്രത തകർത്ത നേതൃത്വമാണ് ബിജെപിയെ നയിക്കുന്നത്. പരിചയസമ്പന്നരെ നേതൃത്വം ഏൽപ്പിച്ചില്ലെങ്കിൽ ബിജെപിയുടെ നടപ്പുദോഷം മാറില്ലെന്നും പ്രചാരക്മാർ അഭിപ്രായപ്പെട്ടു.
കൊച്ചിയിലെ ഭാസ്കരീയത്തിൽ ബുധനാഴ്ചയായിരുന്നു പ്രചാരക്മാരുടെ വാർഷിക യോഗം. ബിജെപിയുടെ ശൈലി, നേതൃത്വം, നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനം എന്നിവയിലെല്ലാം കടുത്ത എതിർപ്പ് ഉയർന്നു. നിലവിലുള്ള നേതൃത്വത്തെ വാഴിക്കാൻ ശ്രമിച്ച സേതുമാധവനടക്കമുള്ള ആർഎസ്എസ് നേതാക്കൾക്കെതിരെയും പ്രതിഷേധമുയർന്നു. തലമുറകളായി ആർജിച്ച കരുത്തും സൽപ്പേരും ചോരുകയാണെന്നായിരുന്നു വിമർശനത്തിന്റെ കാതൽ.
പുതിയ നേതൃത്വം പഴയ തലമുറയെയും പരിചയസമ്പന്നരേയും തഴഞ്ഞതായി കണ്ണൂരിൽ നിന്നുള്ള പ്രചാരക് പറഞ്ഞു. പകപോക്കൽ നയം നടപ്പാക്കി. പക്വതയില്ലാത്ത ഇടപെടലാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയത്. സാമ്പത്തിക അജൻഡയടക്കം ലക്ഷ്യമിട്ടാണോ ഒരുവിഭാഗത്തെ വെട്ടിനിരത്തിയതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴ ആരോപണം നേരിടുന്ന ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശനെ തിരിച്ചുവിളിക്കണമെന്നും ആവശ്യമുയർന്നു. കെ സുരേന്ദ്രനോട് ഇടഞ്ഞ് സഹ സംഘടനാ സെക്രട്ടറി സുഭാഷ് നീണ്ട അവധിയിൽ പോയത് പരിഹരിക്കാൻ ആർഎസ്എസ് നേതൃത്വം ഇടപെടാതിരുന്നത് കഴിവുകേടായും ചൂണ്ടിക്കാണിക്കപ്പെട്ടു.
പ്രാന്ത സംഘചാലക് അഡ്വ. കെ കെ ബാലറാം അധ്യക്ഷനായി.
നേതൃത്വത്തിനെതിരായും ശക്തമായ വിമർശനം ഉയർന്നതിനാൽ ബൈഠകിന്ശേഷം അടിയന്തര ആർഎസ്എസ് കോർ കമ്മിറ്റി വ്യാഴാഴ്ച ചേർന്നു. പ്രാന്തകാര്യവാഹക് പി എൻ ഈശ്വരൻ, പ്രാന്ത പ്രചാരക് പി എൻ ഹരികൃഷ്ണകുമാർ, സഹപ്രാന്ത പ്രചാരക് എസ് സുദർശനൻ, സഹകാര്യവാഹക് എം രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു. അടുത്ത ദിവസം ആർഎസ്എസ് പ്രാന്തീയ ബൈഠകും ചേരും.
https://ift.tt/eA8V8J
No comments:
Post a Comment