തിരുവനന്തപുരം
പട്ടികജാതി വിദ്യാർഥികളുടെ സ്കോളർഷിപ് മുടക്കാൻ കേന്ദ്രസർക്കാർ. കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് അർഹരായ മുഴുവൻ പേർക്കും സ്കോളർഷിപ് ലഭ്യമാക്കാൻ 35 കോടികൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ഒക്ടോബർ 15നകം കുടിശ്ശിക പൂർണമായും ഇല്ലാതാക്കുകയാണ് പട്ടിജാതി, വർഗ വികസന വകുപ്പിന്റെ ലക്ഷ്യം.
സർക്കാർ 2021–-22വർഷത്തെ സ്കോളർഷിപ് തുകയുടെ സംസ്ഥാന വിഹിതം 2022 മാർച്ച് 31ന് മുമ്പായി വിതരണം ചെയ്തിരുന്നു. നടപ്പ് സാമ്പത്തികവർഷത്തെ ബജറ്റ് വിഹിതത്തിൽനിന്നും 2018–-19മുതലുള്ള മുൻവർഷങ്ങളിലെ കുടിശ്ശികയും നൽകി. ഇതിനു പുറമേയാണ് 35 കോടി കൂടി അനുവദിച്ചത്.
പോസ്റ്റ്മെട്രിക് സ്കോളർഷിപ് പദ്ധതിയിൽ കേന്ദ്രം പുതുക്കിയ മാർഗനിർദേശങ്ങൾ അടിച്ചേൽപ്പിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ് നൽകണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് തുക നൽകുന്നതിനുപകരം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നൽകുമെന്നും വ്യക്തമാക്കി.
ഇതോടെ സർക്കാർ ഇടപെട്ട് അർഹതയുള്ള മുഴുവൻ വിദ്യാർഥികളുടെയും വിവരം നാഷണൽ സ്കോളർഷിപ് പോർട്ടലിൽ നൽകി. എന്നാൽ, കേന്ദ്രവിഹിതം അനുവദിച്ചില്ല. എന്നാൽ കേന്ദ്രനിർദേശമനുസരിച്ച് സംസ്ഥാനവിഹിതം പൂർണമായി വിതരണം ചെയ്തിരുന്നു. ഇതിനിടെ 2.50 ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവർ 2022–-23 വർഷംമുതൽ സ്കോളർഷിപ് നാഷണൽ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഐഡി നേടി സംസ്ഥാന പോർട്ടലിൽ വീണ്ടും അപേക്ഷിക്കണമെന്ന നിബന്ധന കൊണ്ടുവന്നു. പ്രയാസകരമായ ഈ നിബന്ധന നടപ്പാക്കുന്നതിനിടെ അത് പിൻവലിച്ചു.
പകരം നാഷണൽ പേയ്മെന്റ് കോർപറേഷൻ, പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയവയുമായി സ്റ്റേറ്റ് പോർട്ടൽ സംയോജിപ്പിക്കണമെന്ന നിർദേശമുണ്ടായി. ഇതിനായി സാങ്കേതിക സഹായം ലഭ്യമാക്കിയതുമില്ല. ഇത്തരത്തിൽ ഓരോ വർഷം കടുത്ത നിബന്ധനകൾ വയ്ക്കുന്നതാണ് സ്കോളർഷിപ്പിന് കാലതാമസത്തിനിടയാക്കുന്നത്. എത്രവലിയ പ്രതിസന്ധിയുണ്ടായാലും പട്ടികവിഭാഗം വിദ്യാർഥികൾക്ക് ആനുകൂല്യം നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
https://ift.tt/eJvSlIQ
No comments:
Post a Comment