ചെൈന്ന/കണ്ണൂര്‍/തിരുവനന്തപുരം: പെരുമാറ്റത്തില്‍ സൗമ്യതയും നിലപാടുകളില്‍ കമ്യൂണിസ്റ്റ് കാര്‍ക്കശ്യവുമായി സി.പി.എമ്മിനെ തുടര്‍ച്ചയായി മൂന്നുതവണ നയിച്ച മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയവേ, ചെെന്നെയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി 8.10-നായിരുന്നു അന്ത്യം.
മൂന്നുവര്‍ഷമായി അസുഖബാധിതനായിരുന്നു. ആരോഗ്യനില വഷളായതിനേത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 29-നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സില്‍ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷവും ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. മരണസമയത്തു ഭാര്യ വിനോദിനിയും മക്കളായ ബിനോയിയും ബിനീഷും അടുത്തുണ്ടായിരുന്നു. വ്യോമമാര്‍ഗം ഇന്ന് ജന്മനാടായ കണ്ണൂരിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു കണ്ണൂര്‍ പയ്യാമ്പലത്ത്.
കണ്ണൂരിലെ തലശേരിയില്‍നിന്ന് അഞ്ചുതവണ (1982, 1987, 2001, 2006, 2011) എം.എല്‍.എയായ കോടിയേരി, വി.എസ്. സര്‍ക്കാരില്‍ (2006-11) ആഭ്യന്തരം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 2001-ലും 2011-ലും നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായി പ്രവര്‍ത്തിച്ചു. ഈവര്‍ഷം കൊച്ചിയില്‍ നടന്ന സി.പി.എം. സംസ്ഥാനസമ്മേളനത്തില്‍ തുടര്‍ച്ചയായി മൂന്നാംതവണയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ആരോഗ്യം മോശമായതിനേത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 28-ന് സ്ഥാനമൊഴിഞ്ഞു.
കണ്ണൂര്‍, കല്ലറ തലായി എല്‍.പി. സ്‌കൂള്‍ അധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16-നു ജനനം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, ഓണിയന്‍ ഗവണ്‍മെന്റ് െഹെസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമികവിദ്യാഭ്യാസം. മാഹി മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍നിന്നു പ്രീഡിഗ്രിയും ബിരുദപഠനവും പൂര്‍ത്തിയാക്കി. സി.പി.എം. നേതാവും തലശേരി മുന്‍ എം.എല്‍.എയുമായ എം.വി. രാജഗോപാലിന്റെ മകള്‍ എസ്.ആര്‍. വിനോദിനിയാണു ഭാര്യ. മക്കള്‍: ബിനോയ്, ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനീറ്റ.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കേ എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയായാണു രാഷ്ട്രീയപ്രവേശം. പത്താം ക്ലാസ്സിനുശേഷം ചെെന്നെയിലെ ചിട്ടിക്കമ്പനിയില്‍ രണ്ടുമാസം ജോലിചെയ്തു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി മാഹി കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. 1970-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1970-ല്‍ ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറിയും മാഹി കോളജ് യൂണിയന്‍ ചെയര്‍മാനുമായി. അതേവര്‍ഷം തിരുവനന്തപുരത്ത് എസ്.എഫ്.ഐ. രൂപീകരണസമ്മേളനത്തില്‍ പങ്കെടുത്തു. 1973-ല്‍ കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായി. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയില്‍വാസം. ജയില്‍ജീവിതത്തിനിടെയാണു പിണറായി വിജയനുമായുള്ള ഉറ്റസൗഹൃദത്തിന്റെ തുടക്കം.
1979 വരെ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, തുടര്‍ന്ന് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി. 1980 മുതല്‍ 1982 വരെ ഡി.െവെ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്. 1988-ലെ ആലപ്പുഴ സമ്മേളനത്തില്‍ സി.പി.എം. സംസ്ഥാനസമിതിയംഗമായി. 1990-95 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 1995-ലെ കൊല്ലം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 2002-ലെ െഹെദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയംഗവും 2008-ലെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.ബി. അംഗവുമായി.
പിണറായിയുടെ പിന്‍ഗാമിയായി 2015-ലെ ആലപ്പുഴ സമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയായി. 2018-ലെ കണ്ണൂര്‍ സമ്മേളനത്തിലും 2022-ലെ കൊച്ചി സമ്മേളനത്തിലും വീണ്ടും സംസ്ഥാന സെക്രട്ടറി. കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍ സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
https://ift.tt/8SynlCw
No comments:
Post a Comment