കോടിയേരി ബാലകൃഷ്ണനുമായി 52 വർഷത്തെ പരിചയമുണ്ട്, ആദ്യം കാണുന്നത് 1970-ലാണ്. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്റെ ഒരു വാഹനജാഥയ്ക്ക് തലശേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ബാലകൃഷ്ണനായിരുന്നു അധ്യക്ഷൻ. അന്ന് അദ്ദേഹം എസ്എഫ്ഐ പ്രവർത്തകനായിരുന്നു. 1973ൽ കോടിയേരി എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ സംസ്ഥാന സെക്രട്ടറിയായി തുടർന്നു. 1980 മുതൽ 82 വരെ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി. 1970 മുതൽ സിപിഐ എം അംഗം. സംസ്ഥാന കമ്മിറ്റിയിലും കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. അതിസമർഥനായ പ്രക്ഷോഭകനും പ്രചാരകനും സംഘാടകനും ഭരണകർത്താവുമായിരുന്നു കോടിയേരി.
ജനാധിപത്യ കക്ഷിയായ കമ്യൂണിസ്റ്റ് പാർടിയുടെ ചർച്ചകളിൽ തന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചവരോട് ഒരിക്കലും കോടിയേരി അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നില്ല. അങ്ങേയറ്റം സമചിത്തതയോടെയാണ് അവയെ സമീപിച്ചിരുന്നത്. സ്വീകരിക്കേണ്ടതിനെ സ്വീകരിച്ചും എതിർക്കേണ്ടതിനെ എതിർത്തും അഭിപ്രായങ്ങളെ യുക്തിപൂർവം നേരിടാൻ അസാമാന്യമായ വൈദഗ്ധ്യം പ്രകടിപ്പിച്ചു. വിയോജിപ്പ് പ്രകടിപ്പിച്ചവരുടെയടക്കം അംഗീകാരം നേടി.
സംഘടനാ വിഷയങ്ങളിൽ പരിഹാരം കാണുന്നതിലും കോടിയേരിയുടെ ഇടപെടലുകൾ മാതൃകാപരമായിരുന്നു.
പാർടിക്കുള്ളിൽ യോജിപ്പ് വളർത്തുകയെന്ന ലക്ഷ്യം എപ്പോഴും മുറുകെപ്പിടിച്ചു. ആരെയും വിരോധികളാക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന അതിസമർഥമായ സംഘടനാ സമീപനം എന്നും സ്വീകരിച്ചു. പൊതുജീവിതത്തിൽ രാഷ്ട്രീയമായി കടുത്ത എതിർപ്പുള്ളവരോടടക്കം കോടിയേരി ഒരിക്കലും വ്യക്തിപരമായ വിരോധം കാട്ടിയിരുന്നില്ല. എല്ലാവരോടും സൗഹൃദം പുലർത്തി. കടുത്ത എതിരാളികളുടേതടക്കം സ്നേഹവും പരിഗണനയും നേടുന്നതായിരുന്നു കോടിയേരിയുടെ സമീപനം.
https://ift.tt/bkqhEYx
No comments:
Post a Comment