കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം കാണാന്‍ പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെത്തി. ഇന്നലെ രാത്രി ഏഴരയോടെയാണു സ്‌ട്രെക്ച്ചറില്‍ കിടത്തി പുഷ്പനെ പ്രവര്‍ത്തകര്‍ ടൗണ്‍ ഹാളിലെത്തിച്ചത്. പാര്‍ട്ടി പതാക പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ശരീരത്തിനരികെ പ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുവന്നപ്പോള്‍ തല ചരിച്ച്, രണ്ടര പതിറ്റാണ്ട് തനിക്ക് താങ്ങും തണലുമായിരുന്ന പ്രിയ സഖാവിന്റെ മുഖം പുഷ്പന്‍ അവസാനമായി കണ്ടു. പ്രിയ സഖാവിനെ കണ്ട പുഷ്പന്‍ മുഷ്ടി ചുരുട്ടി ലാല്‍സലാം മുഴക്കി ആദരാഞ്ജലിയര്‍പ്പിച്ചു.
''അവസാനമായിട്ട് ഒന്ന് കാണാന്‍ വന്നതാണ്. എന്റെ എല്ലാ കാര്യങ്ങള്‍ക്കും എല്ലാ സഹായങ്ങളും ചെയ്ത് തന്ന ആളാണ്.നാട്ടിലുള്ളപ്പോഴും അല്ലാത്തപ്പോഴും വിളിക്കാറുണ്ട്. നാട്ടിലുള്ളപ്പോള്‍ കാണാന്‍ വരാറുണ്ട്.'' കോടിയേരി സഖാവിന് ഹൃദയം കൊണ്ട് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് പുഷ്പൻ പറഞ്ഞു. കിടന്ന കിടപ്പിൽ കോടിയേരി സഖാവിനെ ഒരു നോക്ക് കണ്ട് പുഷ്പൻ തിരികെ മടങ്ങുമ്പോൾ കൂടെ നിന്നവരുടെ കണ്ണ് നിറഞ്ഞു. 'ഇല്ലാ ഇല്ല മരിക്കുന്നില്ല...' മുദ്രാവാക്യം വിളിച്ച് പാര്‍ട്ടി പ്രവർത്തകരും.
കോടിയേരി തലശേരിയിലെത്തിയാല്‍ പുഷ്പനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. പ്രിയ സഖാവിനെ അവസാനമായി ഒന്നുകാണണമെന്നു പുഷ്പന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ആംബുലന്‍സില്‍ പൊതുദര്‍ശനം നടക്കുന്ന തലശേരി ടൗണ്‍ ഹാളിലെത്തിച്ചത്.
കോടിയേരി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ വേളയിലാണ് കൂത്തുപറമ്പ് വെടിവയ്പ്പുണ്ടായത്. കൂത്തുപറമ്പില്‍ അന്നത്തെ സഹകരണമന്ത്രിയായ എം.വി. രാഘവനെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ അഞ്ചുപേരെയാണ് പോലീസ് വെടിവച്ചുകൊന്നത്. വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ പുഷ്പന്‍ ശയ്യാവലംബിയായി മനേക്കരയിലെ വീട്ടില്‍ കഴിയുകയാണ്. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ കോടിയേരി പുഷ്പനെ ചൊക്ലിയിലെ വീട്ടിലെത്തി കണ്ടിരുന്നു.
https://ift.tt/QqRP8nS
No comments:
Post a Comment