തലശേരി
വിജയിച്ച നേതാവായി തന്നെയാണ് ആ മടക്കമെങ്കിലും, സുന്ദരഗാനം പാതി നിർത്തിയപോലുള്ള സങ്കടങ്ങളുടെ പകലായിരുന്നു തലശേരിക്ക് ഞായർ. മഞ്ഞയും ഓറഞ്ചും വെള്ളയും ഇടകലർന്ന ചെണ്ടുമല്ലിപ്പൂക്കളാൽ അലംകൃതമായ ചില്ലുപെട്ടിയിൽ അജയ്യനായ വിപ്ലവകാരി കണ്ണടച്ച് കിടന്നു. പാതയോരങ്ങളിൽ എല്ലായിടത്തും കണ്ണീരും വിയർപ്പുപോലെ പൊടിയുന്നുണ്ടായിരുന്നു. പകൽ മട്ടന്നൂർ വിമാനത്താവളം മുതൽ തലശേരി ടൗൺ ഹാൾവരെ 25 കിലോമീറ്റർ ജനസഞ്ചയം കോട്ടകെട്ടി. അതിനിടയിലൂടെ പതുക്കെ നീങ്ങിയ വാഹനത്തിന്റെ പുറംവാതിൽ തുറന്നുതന്നെ കിടന്നു.
11 മണിക്കെങ്കിലും തലശേരി ടൗൺ ഹാളിൽ എത്തുമെന്ന് പ്രതീക്ഷിച്ച് രാവിലെ എട്ടിനുതന്നെ വൻ ജനാവലി ഹാളിന് സമീപമെത്തി. 1500 പേർക്കിരിക്കാവുന്ന ഹാൾ തിങ്ങിനിറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആയിരങ്ങൾ അപ്പോഴേക്കും ചുറ്റിലും നിറഞ്ഞു. മുതിർന്ന നേതാക്കൾ ഹാളിലെ സൗകര്യങ്ങൾ വിലയിരുത്തി. സീറ്റുകൾ ക്രമീകരിച്ചു. തലശേരി ഏരിയയിലെ ചുകപ്പു വളന്റിയർമാർ പൊലീസിനൊപ്പം തിരക്ക് നിയന്ത്രിച്ചു.
പകൽ 2.30–- മുഖ്യമന്ത്രി പിണറായി വിജയൻ പിബി അംഗം എം എ ബേബിക്കും മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ളക്കുമൊപ്പം വേദിയിലേക്കെത്തി. തയ്യാറാക്കി വച്ച ചില്ലുകൂടിന് മൂന്നു ഭാഗത്തും നേതൃനിര ഇരിപ്പുറപ്പിച്ചു. ഭൗതികദേഹമെത്തിയാൽ പ്രവർത്തകർ പാലിക്കേണ്ട അച്ചടക്കത്തെ പറ്റി മുന്നറിയിപ്പ് മുഴങ്ങി.
മൂന്നോടെ ഉലഞ്ഞ വിലാപമായി വീട്ടുകാരുടെ കൈത്തലം താങ്ങി സഹധർമിണി വിനോദിനിയെത്തി. ഉള്ളുനടുങ്ങുന്ന കരച്ചിൽ വിങ്ങലായി നീറി.
സമയം 3.15 –- ടൗൺ ഹാൾ കവാടത്തിന് മുന്നിൽ ജനസമുദ്രത്തെ വകഞ്ഞ് വാഹനമെത്തി; പതിനായിരങ്ങളുടെ മുദ്രാവാക്യ അകമ്പടിയാൽ ഔദ്യോഗിക ഗാർഡ് ഓഫ് ഓണറിന് മുറ്റം വേദിയായി. ഇടറിയ കണ്ഠങ്ങൾ അപ്പോഴും മുദ്രാവാക്യങ്ങൾ ഉതിർത്തുകൊണ്ടേയിരുന്നു.
ഐജി ടി വിക്രത്തിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. ഡിഐജി രാഹുൽ ആർ നായർ, കമീഷണർ ഇളങ്കോ എന്നിവരും പൊലീസ് സേനയും എൻസിസി, എസ്പിസി കാഡറ്റുകളും പങ്കെടുത്തു. പിന്നീട് പൊതുദർശനത്തിന് ടൗൺഹാൾ വേദിയിലേക്ക്. ചുകപ്പു വളന്റിയർമാർ കോടിയേരിയെ പുഷ്പശയ്യയിലേക്ക് എത്തിച്ചപ്പോൾ ഒപ്പം തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളികളും ഉയർന്നു. "ലാൽസലാം കോടിയേരി, ഇല്ല മറക്കില്ല മരിക്കുവോളം’ കണ്ണീർവിളികൾ മിനിറ്റുകളോളം നീണ്ടു.
വിമാനത്താവളത്തിൽ ജനസാഗരം , പാതകളിൽ
പതിനായിരങ്ങൾ
സമയം ഞായർ പകൽ 12.55. ചെന്നൈയിൽനിന്നുള്ള എയർ ആംബുലൻസ് കണ്ണൂർ വിമാനത്താവളത്തിൽ നിലംതൊട്ടു. കേരള രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടിന്റെ നിറസാന്നിധ്യമായിരുന്ന പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരം എത്തിയപ്പോൾ പുറത്ത് പതിനായിരങ്ങൾ. വിമാനത്താവള ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനസാഗരം. രാവിലെ എട്ടുമുതൽ പ്രിയ സഖാവിനെ ഒരുനോക്കുകാണാൻ ജനങ്ങൾ ഒഴുകുകയായിരുന്നു.
കത്തുന്ന വെയിൽ കൂസാതെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. ഒടുവിൽ 1.30ന് ആംബുലൻസിൽനിന്ന് മൃതദേഹം പുറത്തെത്തിച്ചപ്പോൾ പതിനായിരങ്ങൾ ഏകസ്വരത്തിൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ അന്ത്യാഭിവാദ്യമർപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ തോരാത്ത കണ്ണീരുമായി അന്ത്യയാത്ര നൽകി. തുടർന്ന് വിമാനത്താവളം മുതൽ മൃതദേഹം പൊതുദർശനത്തിനുവച്ച തലശേരി ടൗൺഹാൾവരെ റോഡിനിരുവശവും മനുഷ്യമതിൽ പോലെ ജനങ്ങൾ ഒരുനോക്ക് കാണാൻ കാത്തുനിന്നു. മട്ടന്നൂർ ബസ് സ്റ്റാൻഡ്, ഉരുവച്ചാൽ, നീർവേലി, മെരുവമ്പായി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, കതിരൂർ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം ആയിരങ്ങളാണ് തടിച്ചുകൂടിയത്. 3.15ന് ടൗൺഹാളിലെത്തുമ്പോഴേക്കും തലശേരി നഗരത്തെ വീർപ്പുമുട്ടിച്ച് ജനലക്ഷങ്ങൾ. മണിക്കൂറുകളോളം ക്യൂനിന്നാണ് പ്രിയനേതാവിനെ ഒരുനോക്ക് കണ്ടത്. രാത്രി ഏറെ വൈകിയും ജനപ്രവാഹം നിലച്ചില്ല. രാത്രി പത്തോടെ ഭൗതികദേഹം ജന്മഗൃഹത്തിലേക്ക്. വൈദ്യുതി പ്രകാശത്തെയും സങ്കടത്തിൽ മുക്കി, നാട് മുഴുവൻ നേതാവിന് കാവലിരുന്നു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ എംഎൽഎ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കെ പി സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, ആർ ബിന്ദു, കെ കൃഷ്ണൻകുട്ടി, വി അബ്ദുറഹ്മാൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, ടി വി രാജേഷ്, വത്സൻ പനോളി, പി ശശി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എംപിമാരായ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എംഎൽമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, എം വിജിൻ,കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ എംപി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, എൻ എൻ കൃഷ്ണദാസ്, കെ വി തോമസ്, മുൻ ഡിജിപി എ ഹേമചന്ദ്രൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
https://ift.tt/ikBXj5E
No comments:
Post a Comment