ലണ്ടൻ
കേരളത്തിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ ജോലി ലഭ്യമാക്കാൻ സംസ്ഥാന സർക്കാരും യുകെയും തമ്മിൽ ധാരണപത്രം ഒപ്പിട്ടു. യൂറോപ്പ് -യുകെ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നേർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പിട്ടത്. നോർക്ക റൂട്സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയിൽനിന്ന് നാവിഗോ സിഇഒ മൈക്കേൽ റീവ് ധാരണപത്രം ഏറ്റു വാങ്ങി.
സുരക്ഷിതവും സുതാര്യവും നിയമപരവുമായ മാർഗങ്ങളിലൂടെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. നവംബറിൽ ഒരാഴ്ചത്തെ യുകെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനും ആലോചനയുണ്ട്. ആദ്യഘട്ടത്തിൽ 3000ൽ അധികം ഒഴിവിലേക്കാണ് തൊഴിൽ സാധ്യത തെളിയുന്നത്. സംസ്ഥാന സർക്കാരിനായി നോർക്ക റൂട്സും യുകെയിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളായ ദി നാവിഗോ ആൻഡ് ഹംബറും നോർത്ത് യോർക്ക്ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പദ്ധതി യാഥാർഥ്യമായത്. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, ഡോ. ജോജി കുര്യാക്കോസ്, ഡോ. സിവിൻ സാം, അജിത്ത് കോളശേരി തുടങ്ങിയവരും പങ്കെടുത്തു.
https://ift.tt/eJvSlIQ
No comments:
Post a Comment