കൊച്ചി
പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ മാതൃകയാക്കിയെന്ന് മഹാരാഷ്ട്ര സിഡ്കോ ട്രാൻസ്പോർട്ട് ആൻഡ് എയർപോർട്ട് ചീഫ് ജനറൽ മാനേജർ ഗീത അജിത്പിള്ള. കൊച്ചി മേയർ എം അനിൽകുമാറിനോട് കൊച്ചിയുടെ നഗര ഗതാഗതവികസനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. കൊച്ചി മെട്രോയും ആദ്യത്തെ വാട്ടർ മെട്രോയുമൊക്കെ രാജ്യമെങ്ങും പഠനവിഷയമാണെന്നും ഗീത പറഞ്ഞു. ജിസിഡിഎ സംഘടിപ്പിച്ച ‘ബോധി 2022’ ദേശീയ നഗരവികസന സെമിനാറിൽ ‘പൊതു–-സ്വകാര്യ പങ്കാളിത്തം’ വിഷയത്തിൽ സംസാരിക്കാൻ എത്തിയതായിരുന്നു ചങ്ങനാശേരി സ്വദേശി ഗീത.
പൊതു–-സ്വകാര്യ വിഭാഗത്തിലുള്ള രാജ്യത്തെ ഒന്നാംനമ്പർ വിമാനത്താവളമാണ് കൊച്ചി. മഹാരാഷ്ട്ര മന്ത്രിസഭ കൊച്ചി മാതൃകയെ അഭിനന്ദിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച വിമാനത്താവളം എങ്ങനെ നിർമിക്കാമെന്നതിന് ഉദാഹരണമായി എയർപോർട്ട് അതോറിറ്റി ഐഎഎസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
പുതിയൊരു ആശയമാണ് കൊച്ചി ഇന്ത്യക്കുമുന്നിൽ വച്ചത്. വിമാനത്താവളം സ്വകാര്യവൽക്കരിച്ചാൽ നമ്മുടെ സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന് ആളുകൾ ഭയപ്പെട്ടിരുന്നു. എന്നാൽ, സർക്കാരാണ് ഇത് നിയന്ത്രിക്കുന്നത്. വിമാനയാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണ്. കണക്കുകൾ അനുസരിച്ച് 2040ൽ രാജ്യത്ത് വിമാനയാത്രക്കാരുടെ എണ്ണം നൂറുകോടിയാകും. രാജ്യമെമ്പാടും ധാരാളം ചെറുകിട വിമാനത്താവളങ്ങളുടെ നിർമാണത്തിന് ഇത് വഴിതുറക്കും.
വെള്ളപ്പൊക്കഭീഷണി നേരിടാൻ കൊച്ചിക്ക് മാസ്റ്റർ ഡ്രെയിനേജ് പ്ലാനാണ് വേണ്ടത്. കൊച്ചിയിലെ 84 കനാലുകൾ വൃത്തിയാക്കണമെന്നും ഗീത പറഞ്ഞു. കോഴിക്കോട് എൻഐടിയിൽ പഠിച്ച ഗീത, നവി മുംബൈയിൽ ഭർത്താവ് ഐടി ഉദ്യോഗസ്ഥൻ അജിത്പിള്ളയോടൊപ്പമാണ് താമസം.
https://ift.tt/eJvSlIQ
No comments:
Post a Comment