കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനു ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. സ്വപ്‌നയെ ശിവശങ്കര്‍ ഇക്കാര്യം അറിയിക്കുന്ന വാട്‌സ്‌ആപ് ചാറ്റ് തെളിവായി ചേര്‍ത്താണ് ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
'നിനക്ക് ജോലി വാങ്ങിത്തരണമെന്നു സി.എം. എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷേ അതു താഴ്‌ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും'- എന്നാണു ശിവശങ്കറിന്റെ സന്ദേശം. ശിവശങ്കറും സ്വപ്‌നയുമായുള്ള വാട്‌സ്‌ആപ് ചാറ്റുകളുടെ വിശദാംശങ്ങള്‍ സഹിതമാണ് ഇ.ഡി. കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് കേസില്‍ നിര്‍ണായക വഴിത്തിരിവാകും.
വാട്‌സ്‌ആപ് ചാറ്റുകളിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റിനു മുമ്പ് മൂന്നുദിവസം ശിവശങ്കറിനെ ഇ.ഡി. ചോദ്യംചെയ്‌തത്. കൂടുതല്‍ സമയവും മൗനം പാലിച്ച ശിവശങ്കര്‍ ചോദ്യംചെയ്യലുമായി സഹകരിച്ചില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേത്തുടര്‍ന്ന്, കൂടുതല്‍ ചോദ്യംചെയ്യലിനായി ശിവശങ്കറിനെ കോടതി അഞ്ചുദിവസത്തേക്ക് ഇ.ഡി. കസ്‌റ്റഡിയില്‍ വിടുകയായിരുന്നു. ആരോഗ്യസ്‌ഥിതി പരിഗണിച്ച് രണ്ടുമണിക്കൂര്‍ ചോദ്യംചെയ്യലിനുശേഷം അരമണിക്കൂര്‍ ഇടവേള അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.
'പിഴവ് സംഭവിച്ചാല്‍ എല്ലാം അവര്‍ നിന്റെ തലയിലിടും'
ലൈഫ് മിഷന്‍ കരാറിന്റെ കോഴപ്പണം എത്തിയതിനു തലേന്ന് സ്വപ്‌നയുമായി ശിവശങ്കര്‍ നടത്തിയ വാട്‌സ്‌ആപ് ചാറ്റാണു സുപ്രധാനതെളിവായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇ.ഡി. ചൂണ്ടിക്കാട്ടിയത്. കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ എല്ലാം അവര്‍ നിന്റെ തലയില്‍ ഇടുമെന്നും ശിവശങ്കര്‍ സ്വപ്‌നയ്‌ക്കു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പനു നിര്‍മാണക്കരാര്‍ നല്‍കാന്‍ മുന്‍കൈയെടുത്തതു ശിവശങ്കറാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഹാജരാകാന്‍ നോട്ടീസ്
കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ക്ക് ഇ.ഡി. നോട്ടീസ് നല്‍കി. വേണുഗോപാലിനെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യംചെയ്യാനാണു നീക്കം. സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ പണത്തെക്കുറിച്ച് അറിയില്ലെന്ന ശിവശങ്കറിന്റെ വാദം പൊളിക്കാനാണിതെന്നാണു സൂചന.
https://ift.tt/g8jG2y9
No comments:
Post a Comment