തിരുവനന്തപുരം: ബി.ജെ.പി. ആഗ്രഹിച്ചതുപോലെ, കേന്ദ്രത്തിന്റെ ജനവിരുദ്ധ ബജറ്റ് ചര്‍ച്ചയാക്കാതിരിക്കാന്‍ യു.ഡി.എഫ്. അവരുമൊത്ത് കേരളത്തിനെതിരേ പ്രക്ഷോഭത്തിലേക്കു പോയെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
ഏറ്റവും ജനവിരുദ്ധ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. തൊഴിലുറപ്പിലുള്ളതുള്‍പ്പെടെ വിഹിതങ്ങള്‍ വെട്ടിക്കുറച്ചു. അതിനെക്കുറിച്ചും അദാനി പ്രശ്‌നത്തെക്കുറിച്ചും രാജ്യത്തെ മറ്റ് പല സംസ്‌ഥാനങ്ങളിലും വലിയ ചര്‍ച്ച നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ചു. അതൊന്നും ഇവിടെ ചര്‍ച്ചചെയ്യാതെ ചരിത്രത്തിലില്ലാത്തതുപോലെ ബജറ്റിനെതിരായി പ്രക്ഷോഭവുമായി നീങ്ങുകയാണ് യു.ഡി.എഫ് എന്നും ബാലഗോപാല്‍ പത്രസമ്മേളത്തില്‍ കുറ്റപ്പെടുത്തി.
കേരളത്തിന് കിട്ടിക്കൊണ്ടിരുന്ന അര്‍ഹമായ നികുതിവിഹിതം ഇപ്പോള്‍ കേന്ദ്രം തരുന്നില്ല. അത് ലഭിച്ചാല്‍ കടമെടുക്കേണ്ട ആവശ്യംപോലും വരില്ല. റവന്യു കമ്മി ഗ്രാന്റ് ഒരു പരിഹാരമല്ല. ധനകാര്യകമ്മിഷനില്‍ അര്‍ഹമായ വിഹിതം ലഭിക്കണം. ഈ ഘട്ടത്തില്‍ നികുതിവര്‍ധന ഏര്‍പ്പെടുത്താതിരിക്കാനാവില്ല.
കഴിഞ്ഞ രണ്ടു ബജറ്റിലും താന്‍ ഒരു നികുതിയും ഏര്‍പ്പെടുത്തിയിരുന്നില്ല. 2015-16ലെ ബജറ്റില്‍ യു.ഡി.എഫ് പെട്രോള്‍-ഡീസലിന് ഒരു രൂപ അധിക നികുതി ചുമത്തി. അന്ന് റവന്യുവരുമാനം 77,427 കോടിരൂപയും ചെലവ് , 85,000 അടുത്തുമായിരുന്നു. ഇന്ന് റവന്യുവരവ് 1,35000 കോടിയും ചെലവ് 1.70,000 കോടിയിലധികവുമാണ്.
നിലവില്‍ കേരളത്തില്‍നിന്ന് ഒരുലിറ്ററിന് 21.10 പൈസയാണ് കേന്ദ്രം കൊണ്ടുപോകുന്നത്. 2.20 രൂപ ഒഴിച്ച് ബാക്കിയെല്ലാം സെസ് ആയിട്ടാണ് കേന്ദ്രം വാങ്ങുന്നത്. ഡീസലിന് 14 രൂപയാണ് സെസായി ഈടാക്കുന്നത്. വലിയ സമരം നടത്തുന്നവര്‍ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എം.പിമാര്‍ കേരളത്തിന് വേണ്ടി നില്‍ക്കണം
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ലോക്‌സഭയിലെ മറുപടിയെയും അതിന് ആധാരമായ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തെയും തള്ളി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജി.എസ്.ടി. നഷ്‌ടപരിഹാരവും റവന്യു കമ്മി ഗ്രാന്റും ലഭിക്കുന്നില്ലെന്ന പരാതി കേരളത്തിനില്ലെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍നിന്നു ലോക്‌സഭയില്‍ പോകുന്നവര്‍ കേരളത്തിനു വേണ്ടി നില്‍ക്കണം. ഇവിടെ ആരു ഭരിക്കുന്നുവെന്നല്ല നോക്കേണ്ടത്. ജി.എസ്.ടി. നഷ്‌ടപരിഹാരം കിട്ടുന്നില്ലെന്നല്ല, നഷ്‌ടപരിഹാരം തുടര്‍ന്നും നല്‍കണമെന്നും അര്‍ഹമായ വിഹിതം നല്‍കണമെന്നുമുള്ള രണ്ട് ആവശ്യങ്ങളാണ് കേരളത്തിനുള്ളത്. ഇത് എം.പിമാരോട് നേരത്തെതന്നെ പറഞ്ഞതാണ്. മുന്‍പ് ശശി തരൂര്‍ ഇതേ ചോദ്യം ഉന്നയിച്ചപ്പോഴും കാര്യങ്ങള്‍ വ്യക്‌തമാക്കിയിരുന്നു. എന്നിട്ടും നമ്മള്‍ പറയാത്ത ഒരുകാര്യം ചോദിക്കുകയും അതിലൂടെ കേരളത്തെ വിമര്‍ശിക്കാനുള്ള വടി കൊടുക്കുകയുമാണ് എം.പിമാര്‍ ചെയ്യുന്നത്.
ഈ മാസം 18നും ജി.എസ്.ടി. കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അതിലും നഷ്‌ടപരിഹാരത്തിന്റെ കാലാവധി നീട്ടണമെന്നാണ് കേരളം ആവശ്യപ്പെടുക. ഐ.ജി.എസ്.ടിയില്‍ കുറച്ചുകൂടി കേരളത്തിനു കിട്ടാമെന്നാണ് നിലപാടെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
https://ift.tt/TybKOJf
No comments:
Post a Comment