തിരുവനന്തപുരം : പിണറായി സര്‍ക്കാരിലെ ഏറ്റവും ശക്‌തനായ ഉദ്യോഗസ്‌ഥനായിരുന്നു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍. ചീഫ് സെക്രട്ടറിയുടെയും ഡി.ജി.പിയുടെയും നിയമനങ്ങളില്‍വരെ മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായ ശിവശങ്കറിന്റെ വാക്കായിരുന്നു അന്തിമം.
ശിവശങ്കര്‍ അയയ്‌ക്കുന്ന ഫയലുകളില്‍ ചീഫ് സെക്രട്ടറി പോലും കണ്ണുംപൂട്ടി ഒപ്പിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രബലയായിരുന്ന ഒരു ഉദ്യോഗസ്‌ഥയ്‌ക്കു ജോലി ഉപേക്ഷിക്കേണ്ടിവന്നതും ശിവശങ്കറിന്റെ അപ്രമാദിത്വം മൂലമായിരുന്നു. പല ഫയലുകളിലെയും അതിരുവിട്ട താത്‌പര്യങ്ങളെ എതിര്‍ത്തതാണ് അവരുടെ കസേര തെറിക്കാന്‍ കാരണം.
കാര്യശേഷിയില്‍ അങ്ങേയറ്റം മികവുണ്ടായിരുന്ന ശിവശങ്കറിനു മുഖ്യമന്ത്രിയെ എന്തും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹത്തിനു കായിക/യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം ലഭിച്ചതും അതിന്റെ ബാക്കിപത്രമാണ്. കഴിഞ്ഞ 31-നു വിരമിച്ചെങ്കിലും പുതിയ തസ്‌തിക ഉറപ്പിച്ചിരിക്കേയാണു വീണ്ടും ഇ.ഡിയുടെ രംഗപ്രവേശം.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി 98 ദിവസം ജയിലില്‍ കഴിഞ്ഞ ശിവശങ്കര്‍ 1995 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്‌ഥനാണ്. വിവാദങ്ങളേത്തുടര്‍ന്നു സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും കോടതിയില്‍ കേസുള്ളതിനാല്‍ അനുമതി ലഭിച്ചില്ല.
ജയില്‍ ജീവിതത്തിനുശേഷം "അശ്വത്ഥാമാവ് വെറുമൊരു ആന" എന്ന പേരില്‍ ആത്മകഥയെഴുതിയതു കൂടുതല്‍ കുരുക്കായി. "ചതിയുടെ പത്മവ്യൂഹം" എന്ന പേരില്‍ ശിവശങ്കറിനെ തുറന്നുകാട്ടി സ്വപ്‌ന സുരേഷും പുസ്‌തകമെഴുതിയതായിരുന്നു അനന്തരഫലം.
സ്വര്‍ണക്കടത്ത് സംഘത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ 2020 ഒക്‌ടോബര്‍ 28-നാണ് ശിവശങ്കറിനെ ഇ.ഡി. ആദ്യം അറസ്‌റ്റ് ചെയ്‌തത്. ശിവശങ്കറിനെ ആദ്യം പിന്തുണച്ചും പിന്നീട് ന്യായീകരിച്ചും മുന്നോട്ടുപോയ മുഖ്യമന്ത്രി, സ്വപ്‌നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദ്ദേഹത്തെ കൈവിട്ടു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി സെക്രട്ടറി പദവികളില്‍നിന്നു പുറത്താക്കി. തുടര്‍ന്ന് ശിവശങ്കര്‍ ഒരുവര്‍ഷത്തെ അവധിയില്‍ പ്രവേശിച്ചു.
സ്വര്‍ണത്തടത്ത് കേസില്‍ അന്വേഷണത്തിനു തുടക്കമിട്ടതു കസ്‌റ്റംസാണെങ്കിലും എന്‍.ഐ.എയും ഇ.ഡിയുമെല്ലാം പിന്നാലെയെത്തി. ദിവസങ്ങളോളം ശിവശങ്കറിനെ ചോദ്യംചെയ്‌തു.
സ്വപ്‌ന ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള ചാറ്റുകളെക്കുറിച്ച് കൃത്യമായി മറുപടി പറയാന്‍ കഴിയാതിരുന്നതോടെയാണു ശിവശങ്കര്‍ അറസ്‌റ്റിലായത്.
അതോടെ, പിണറായി സര്‍ക്കാരും അഗ്നിപരീക്ഷ നേരിട്ടു. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രിമാരുടെ പേരുകള്‍ ആരോപണങ്ങളില്‍ നിറഞ്ഞു. മഹാപ്രളയത്തിനുശേഷം റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എം.ജിയെ കൊണ്ടുവരാനുള്ള നീക്കം വിവാദമായിരുന്നു. പിന്നീടു സ്‌പ്രിങ്‌ളര്‍ വിവാദമുണ്ടായപ്പോഴും ശിവശങ്കറിനെ മുഖ്യമന്ത്രി കൈവിട്ടില്ല.
തിരുവനന്തപുരം സ്വദേശിയായ ശിവശങ്കര്‍ 1978-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി. ബി.ടെക്. ബിരുദം നേടിയശേഷം റിസര്‍വ് ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഡെപ്യൂട്ടി കലക്‌ടറായി സംസ്‌ഥാന സര്‍വീസില്‍. 2000-ല്‍ ഐ.എ.എസ്. നേടി. 2016-ല്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി. 2019-ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി.
യദുകൃഷ്‌ണനെ പ്രതിചേര്‍ത്തു
കൊച്ചി: ലൈഫ് മിഷന്‍ കോഴയിടപാടിലെ കള്ളപ്പണ ഇടപാടു സംബന്ധിച്ച കേസില്‍ യൂണീറ്റാക് കമ്പനിയുടെ സ്‌റ്റാഫും മൂന്നാം പ്രതി സന്ദീപ് നായരുടെ സുഹൃത്തുമായ തിരുവനന്തപുരം സ്വദേശി യദുകൃഷ്‌ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) പ്രതിചേര്‍ത്തു. യദുകൃഷ്‌ണനു മൂന്നു ലക്ഷം കോഴ ലഭിച്ചെന്നാണ് കണ്ടെത്തല്‍. യൂണീറ്റാക് കമ്പനിയെ സരിത്തിനു പരിചയപ്പെടുത്തിയതിന് ആയിരുന്നു ഇത്.
ശിവശങ്കറിന്റെ സര്‍വീസ് രേഖ
ജനനം: 1963 ജനുവരി 24.
1978ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ രണ്ടാം റാങ്ക്. പിന്നീട് ബി-ടെക് ബിരുദം (ഇന്‍സ്‌ട്രമെന്റേഷന്‍), പി.ജി. ഡി-പ്ലോമ (റൂറല്‍ മാ-നേജ്‌മെന്റ്).
റിസര്‍വ് ബാങ്കില്‍ തുടക്കം.
ഡെപ്യൂട്ടി കലക്‌ടറായി സംസ്‌ഥാന സര്‍വീസില്‍.
2000: ഐ.എ.എസ്. കണ്‍ഫര്‍ ചെയ്‌തു.
2001: സിവില്‍ സപ്ലൈസ് ഡയറക്‌ടര്‍.
2002: ഐടി മിഷന്‍ ഡയറക്‌ടര്‍.
2003: മലപ്പുറം ജില്ല കലക്‌ടര്‍.
2006: പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍
2008: ടൂറിസം ഡയറക്‌ടര്‍
2011: പൊതുമരാമത്ത് സെക്രട്ടറി, സ്‌പോര്‍ട്‌സ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ദേശീയ ഗെയിംസ് ട്രഷറര്‍.
2012: കെഎസ്‌ഇബി ചെയര്‍മാന്‍.
2016: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി (ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി).
2016: ഐടി സെക്രട്ടറി.
2018: ലൈഫ് മിഷന്‍ സി.ഇ.ഒ.
2019: പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി.
എസ്. നാരായണ്‍
https://ift.tt/TybKOJf
No comments:
Post a Comment