കെയ്‌റോ: ഈജിപ്‌തിലെ കെയ്‌റോയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ രുദ്രാംഗ്‌ഷ് പാട്ടില്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്.
സ്വര്‍ണത്തിനായുള്ള പോരാട്ടത്തില്‍ ജര്‍മനിയുടെ മാക്‌സ്മിലിയന്‍ ഉള്‍ബ്രിഷിനെയാണു (16-8) 19 വയസുകാരനായ രുദ്രാംഗ്‌ഷ് തോല്‍പ്പിച്ചത്. കെയ്‌റോയില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. അതില്‍ മൂന്നും സ്വര്‍ണമാണ്. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്‌ഥാനത്തായിരുന്ന രുദ്രാംഗ്‌ഷ് ഫൈനലില്‍ 262.0 പോയിന്റ് നേടി. മാക്‌സ്മിലിയന്‍ 260.0 പോയിന്റ് കുറിച്ചു. യോഗ്യതാ റൗണ്ടില്‍ രുദ്രാംഗ്‌ഷ് 629.3 പോയിന്റാണ് നേടിയത്.
ഒപ്പം മത്സരിച്ച ദിവ്യാംശ് സിങ് പന്‍വാര്‍, ഹൃദയ് ഹസാരിക എന്നിവര്‍ക്കു യോഗ്യത നേടാനായില്ല. എയര്‍ പിസ്‌റ്റല്‍, റൈഫിള്‍ മിക്‌സഡ് ടീം വിഭാഗങ്ങളില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.
10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ നര്‍മദ നിതിന്‍- രുദ്രാംഗ്‌ഷ് ജോഡിയാണു സ്വര്‍ണം നേടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണവും അതായിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ വ്യക്‌തിഗത വിഭാഗത്തില്‍ വരുണ്‍ തോമര്‍ വെങ്കലം നേടിയിരുന്നു. റിഥം സാങ്‌വാനും വരുണ്‍ തോമറും ചേര്‍ന്ന് ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്നു.
https://ift.tt/3FyLOYd
No comments:
Post a Comment