കൊച്ചി
ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കാൻ രാജ്യത്ത് പുതിയ വിപണിയുണ്ടാക്കാൻ കേന്ദ്ര റഗുലേറ്ററി കമീഷൻ അനുമതി നൽകി. രാജ്യം അഭിമുഖീകരിക്കുന്ന വൈദ്യുതിപ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കിയ നിർദേശത്തിന്റെ ചുവടുപിടിച്ച് ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡ് നൽകിയ അപേക്ഷയിലാണ് കമീഷന്റെ ഉത്തരവ്.
അടുത്തമാസം വിപണി പ്രവർത്തനം തുടങ്ങും. യൂണിറ്റിന് പരമാവധി 50 രൂപവരെ വില ഈടാക്കാൻ കഴിയുന്ന വിപണിയാണ് നിലവിൽവരുന്നത്. ഇറക്കുമതി കൽക്കരി, പ്രകൃതിവാതകങ്ങൾ എന്നിവ ഉപയോഗിച്ച് ഉൽപ്പാദനം നടത്തുന്ന നിലയങ്ങൾക്കുമാത്രമേ വൈദ്യുതി വിൽക്കാനാകൂ. പവർ എക്സ്ചേഞ്ചിലെ നിലവിലുള്ള കമ്പോളങ്ങളിൽ ഉൽപ്പാദനച്ചെലവ് കണക്കിലെടുത്തുള്ള വൈദ്യുതിവില ലഭിക്കാത്തതിനാൽ ഈ നിലയങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുന്നില്ല.
എക്സ്ചേഞ്ച് വഴിയുള്ള വിൽപ്പനയ്ക്ക് പരമാവധി 12 രൂപയാണ്. ഈ വിലയ്ക്ക് വിൽപ്പന ലാഭമല്ലാത്തതിനാൽ നിലയങ്ങൾ എക്സ്ചേഞ്ചിനോട് മുഖംതിരിക്കുന്നതിനാലാണ് ഉയർന്ന വില ഈടാക്കാൻ അനുവദിച്ച് നിലയങ്ങളെ പ്രവർത്തനസജ്ജമാക്കുന്നത്. അതുവഴി നിലവിലെ വൈദ്യുതിപ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം.
ദൂരവ്യാപകപ്രത്യാഘാതമുണ്ടാക്കുന്നതാണ് തീരുമാനം. വിപണി പ്രവർത്തനം ആരംഭിക്കുന്നതോടെ വൈദ്യുതിവില ഉയരും. വൈദ്യുതി വാങ്ങലും വിൽക്കലും നടക്കുന്നതോടെ ഹ്രസ്വ, മധ്യ, ദീർഘകാല കരാർവഴിയുള്ള വൈദ്യുതി ഇടപാടുകളുടെ വില കൂടും. വൈദ്യുതി ആവശ്യം നിറവേറ്റാൻ സംസ്ഥാനങ്ങൾ ഇത്തരം കരാറുകളെ ആശ്രയിക്കാറുണ്ട്. ഉയർന്ന വിലയ്ക്കുള്ള കച്ചവടം നടക്കുന്നതോടെ കരാറുകളിലെ നിരക്ക് കൂടും. ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകും.
കോർപറേറ്റുകളാകും ഈ മേഖലയിൽ ലാഭം കൊയ്യുക. കാരണം ഇറക്കുമതി കൽക്കരിയും പ്രകൃതിവാതകങ്ങളും ഉപയോഗിച്ച് ഉൽപ്പാദനം നടത്തുന്ന നിലയങ്ങൾ ഭൂരിഭാഗവും കോർപറേറ്റുകളുടേതാണ്.
https://ift.tt/kRBi0jp
No comments:
Post a Comment