തിരുവനന്തപുരം> ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രഭാരി പ്രകാശ് ജാവ്ദേക്കറിനെതിരെ ഒരു വിഭാഗം. കേരളത്തിലെത്തുന്ന ജാവ്ദേക്കറിനെ സുഖിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് മുരളീധരനും സുരേന്ദ്രനും മറ്റും കാര്യങ്ങൾ നേടുന്നതും നേതൃത്വത്തിൽ തുടരുന്നതും. തിരുവനന്തപുരത്തെത്തിയാൽ ഹയാത്ത് ഹോട്ടലിൽ താമസവും സമാന്തരമായി മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും. ജാവ്ദേക്കറുടെ ഇഷ്ടപ്പെട്ട വിഭവങ്ങളും ഒരുക്കുമെന്നും സുരേന്ദ്രവിരുദ്ധർ പറയുന്നു.
സുരേന്ദ്രന്റെയും കൂട്ടരുടെയും വാക്ക് വിശ്വസിച്ചാണ് കേരളത്തിൽ ആറ് സീറ്റ് കിട്ടുമെന്ന് ജാവ്ദേക്കർ ദേശീയ നേതാക്കൾക്ക് ഉറപ്പ് നൽകിയത്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, തൃശൂർ, മാവേലിക്കര എന്നിവിടങ്ങളിൽ ജയിക്കുമെന്നാണ് കഴിഞ്ഞ ദിവസവും ജാവ്ദേക്കർ പറഞ്ഞത്. ആറ്റിങ്ങലിൽ വി മുരളീധരനും പാലക്കാട്ട് രാജീവ് ചന്ദ്രശേഖറും, പത്ത് സീറ്റിൽ പാർടിക്ക് പുറത്തുള്ളവരെ മത്സരിപ്പിക്കുമെന്നും പറയുന്നു.
തെരഞ്ഞെടുപ്പ് അടുക്കുന്നുവെന്നതിന്റെ പേരിലായാലും പ്രസിഡന്റിനെ തുടരാൻ അനുവദിച്ചതിൽ സുരേന്ദ്ര വിരുദ്ധർ കടുത്ത രോഷത്തിലാണ്. ദേശീയ നേതൃത്വം പ്രഖ്യാപിച്ച പല പരിപാടികളും കേരളത്തിൽ വിജയിച്ചില്ല. ഇക്കാര്യം ജാവ്ദേക്കർ കൊച്ചിയിലെ നേതൃയോഗത്തിൽ വിമർശിച്ചിരുന്നു. മാറിനിൽക്കുന്നവർ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും മുന്നറിയിപ്പ് നൽകി. എം ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സുരേന്ദ്രനും.
അതേസമയം, ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള ജാവ്ദേക്കറുടെ നിർദേശത്തോട് കേരളത്തിലെ ബിജെപി നേതാക്കൾ യോജിക്കുന്നില്ല, പ്രത്യേകിച്ച് മുസ്ലിങ്ങളെ. മുസ്ലിങ്ങളോടും മുസ്ലിം സംഘടനകളോടും സുരേന്ദ്രനടക്കമുള്ള നേതാക്കൾ കടുത്ത ശത്രുതയോടെ പ്രസ്താവനകളിറക്കുകയാണ്. ഏറ്റവും ഒടുവിൽ മധ്യപ്രദേശിൽ സിഎസ്ഐ മഹാഇടവക വൈദികൻ പ്രസാദ് ദാസിനെ ക്രൂരമായി മർദിച്ച് ജയിലിൽ അടച്ചത് ക്രൈസ്തവരിലും ചർച്ചയാണ്. ബിജെപിയുടെ മോഹനവാഗ്ദാനങ്ങളിൽ വീഴേണ്ടെന്ന നിലപാടിലാണ്, നേരത്തേ സഹകരിക്കാൻ ആലോചിച്ചിരുന്ന വൈദികരുടെ അടക്കം നിലപാട്.
https://ift.tt/URJXInN
No comments:
Post a Comment