തിരുവനന്തപുരം : ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി കാനഡയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തില്‍നിന്നു സി.ബി.ഐ. പിടികൂടി. വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു സി.ബി.ഐയുടെ ചടുലനീക്കം. കാനഡയില്‍ പൗരത്വമുള്ള കൊടുങ്ങല്ലൂര്‍ സ്വദേശി ശ്രീകാന്ത് മേനോനെ ഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണു സി.ബി.ഐ. നാടകീയമായി കുടുക്കിയത്.
കാനഡയില്‍ വച്ച് ശ്രീകാന്ത് മേനോന്‍ ഭാര്യ ചോറ്റാനിക്കര ശ്രുതിയെ മര്‍ദിക്കുകയും ഡ്രയിനേജ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന അണുനാശിനി ബലമായി വായിലൊഴിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്. അന്നനാളവും വായും ശ്വാസനാളവുമടക്കം പൊള്ളി അതീവ ഗുരുതരവസ്‌ഥയിലായ ശ്രുതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെന്ന് വരുത്തിതീര്‍ക്കാനാണു ശ്രീകാന്ത് ശ്രമിച്ചത്. നാട്ടിലെത്തിയ ശ്രുതി മാതാപിതാക്കളെ വിവരങ്ങളും എഴുതിയാണ് അറിയിച്ചത്. ശ്രുതി നല്‍കിയ പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സി.ബി.ഐ. കേസെടുത്തത്.
ഇന്ത്യയിലെത്തിയ ശ്രീകാന്തിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേരളം വിട്ട ഇയാള്‍ വിദേശത്തേക്കു കടക്കുമെന്ന് സംശയമുണ്ടായിരുന്നതിനാല്‍ സി.ബി.ഐ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിട്ടും ശ്രീകാന്ത് മേനോനെ ഡല്‍ഹിയില്‍ സുരക്ഷാ വിഭാഗത്തിനു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി ഇയാള്‍ കാനഡ എയര്‍വേയ്‌സ് വിമാനത്തില്‍ കയറി. അവസാന നിമിഷം എമി്രഗേഷന്‍ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞതാണ് നിര്‍ണായകമായത്. ശ്രീകാന്ത് വിമാനത്തിനുള്ളില്‍ കയറിയെന്നു വ്യക്‌തമായതോടെ വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് കൈമാറി. ഇവര്‍ സി.ബി.ഐ. എസ്.പി: രാമദേവനെ വിവരമറിയിച്ചു. പിന്നാലെ സി.ബി.ഐയുടെ അടിയന്തര സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വഴി വിമാന ക്യാപ്‌റ്റനു ലഭിച്ചു. ഈ സമയം വിമാനം ടേക്ക് ഓഫിനായി തയാറെടുക്കുകയായിരുന്നു. രണ്ട് മിനിറ്റ് താമസിച്ചിരുന്നുവെങ്കില്‍ റണ്‍വേയില്‍നിന്ന് വിമാനം പറന്നുയരുമായിരുന്നു.
സാങ്കേതിക തകരാറുണ്ടെന്നു യാത്രക്കാരെ അറിയിച്ചാണു ക്യാപ്‌റ്റന്‍ യാത്ര വൈകിപ്പിച്ചത്. അധികം വൈകാതെ സി.ഐ.എസ്.എഫ്. സംഘം സി.ബി.ഐ. ഇന്‍സ്‌പെക്‌ടര്‍ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തിലെത്തി ശ്രീകാന്തിനെ പിടികൂടി. മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ഇയാളെ നെടുമ്പാശേരിയിലെത്തിച്ചു. എറണാകുളം സി.ജെ.എം. കോടതി റിമാന്‍ഡ് ചെയ്‌ത ശ്രീകാന്ത് മേനോന്റെ ജാമ്യപേക്ഷയില്‍ മറ്റന്നാള്‍ കോടതി വിധി പറയും.
അഞ്ചു വര്‍ഷം മുമ്പായിരുന്നു ശ്രീകാന്തിന്റെയും ശ്രുതിയുടെയും വിവാഹം. 2020ല്‍ ശ്രുതി ഭര്‍ത്താവിനൊപ്പം കാനഡയിലെത്തി. ലഹരിക്കടിമയായ ഭര്‍ത്താവ് തന്നെ മര്‍ദിക്കുമായിരുന്നുവെന്നും ഭീഷണിപ്പെടുത്തി ഗര്‍ഭം അലസിപ്പിച്ചെന്നും ശ്രുതിയുടെ പരാതിയില്‍ പറയുന്നു. ഒന്നാം വിവാഹവാര്‍ഷികത്തില്‍ കൊലപ്പെടുത്താന്‍ കാറപകടം സൃഷ്‌ടിച്ചു. പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി തവണ തന്റെ ശരീരത്തില്‍ മാരകമായ ലഹരി മരുന്നുകള്‍ കുത്തിവെച്ചന്നും പരാതിയില്‍ പറയുന്നു. ശ്രുതിയുടെ തട്ടിയെടുത്ത 75 പവന്‍ സ്വര്‍ണം സി.ബി.ഐ. കണ്ടെടുത്തു. മദ്യം കുടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് രാസവസ്‌തു കുടിപ്പിച്ചത്. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നായിരുന്നു ശ്രുതി കാനഡ പോലീസിനോടു പറഞ്ഞത്. ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്നായിരുന്നു ഇതെന്നും ശ്രുതി പറഞ്ഞു.
നാട്ടിലെത്തിയതിന് പിന്നാലെയാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്. ശ്രീകാന്ത് വിദേശത്തായതുകൊണ്ട് അന്വേഷണത്തിന് പരിമിതികളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. കാനഡ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയില്‍ എത്തിയ ശ്രീകാന്ത് പക്ഷേ തനിക്ക് അവിടെ പൗരത്വമുണ്ടെന്ന കാര്യം മറച്ചുവയ്‌ക്കുകയായിരുന്നു.
എസ്. നാരായണ്‍
https://ift.tt/qB8vANZ
No comments:
Post a Comment