കോട്ടയം
സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള സഹകരണമേഖലയിൽ കടന്നുകയറി നിക്ഷിപ്ത താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം ചെറുക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്താകെ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ അടിസ്ഥാന വിവരങ്ങൾ കേന്ദ്രത്തിന്റെ ഡാറ്റാ ബേസിലേക്ക് നൽകിയിരുന്നു. ഇതുപയോഗിച്ച് സംസ്ഥാനത്തെ സംഘങ്ങളെ നേരിട്ട് നിയന്ത്രിക്കാനാണ് കേന്ദ്ര നീക്കം. ഏകപക്ഷീയമായി തീരുമാനം അടിച്ചേൽപ്പിക്കുകയാണ്. ഇതിനെ നിയമപരമായും സഹകാരികളെ അണിനിരത്തിയും ചെറുക്കും.
ഭരണഘടനയനുസരിച്ച് സംസ്ഥാന ലിസ്റ്റിൽപ്പെടുന്ന സഹകരണമേഖലയിൽ കേന്ദ്രസർക്കാരിന് നിയമനിർമാണം നടത്താൻ കഴിയില്ല. ഇത് ലംഘിച്ചാണ് 1984ൽ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റീവ് സൊസൈറ്റീസ് ആക്ട് പാസാക്കിയത്. ഇത്തരം സംഘങ്ങൾക്ക് നിക്ഷേപങ്ങൾക്കും വായ്പകൾക്കും മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. സഹകരണമേഖലയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണിത്. കേരളത്തിൽ 1,607 പ്രാഥമിക വായ്പാസംഘങ്ങളുണ്ട്. മത്സ്യമേഖലയിൽ 1,562 ഉം ക്ഷീരമേഖലയിൽ 3,649 സംഘങ്ങളുമുണ്ട്. ഇവയെ നിലനിർത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യക്തിവിവരങ്ങളും ചോരും
കേന്ദ്ര സംഘങ്ങളിൽ സംസ്ഥാന സഹകരണസംഘങ്ങളും അംഗത്വമെടുക്കണമെന്ന് നിർദേശമുണ്ട്. ഇതിലൂടെ സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണം നഷ്ടമാകും. പ്രാഥമിക സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്വെയർ നൽകും. കേന്ദ്ര സെർവർ ഉപയോഗിക്കുന്നതിലൂടെ സംസ്ഥാന സംഘങ്ങളുടെ ഇടപാടുകളും വ്യക്തിവിവരങ്ങളും വിവിധ കേന്ദ്ര ഏജൻസികൾക്ക് ലഭിക്കും. കേന്ദ്രസർക്കാർ ഇഷ്ടത്തിനനുസരിച്ച് അവ ഉപയോഗിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു.
https://ift.tt/R2dD7zB
No comments:
Post a Comment