കട്ടപ്പന: പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്നു ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പുറ്റടി കൊച്ചറ നായര്‍സിറ്റി ചെമ്പകശേരി കനകാധരന്‍ (57), മക്കളായ വിഷ്‌ണു (31), വിനോദ് (27) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
വീടിനു സമീപത്തെ പാടത്തു പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നാണു മൂന്നുപേര്‍ക്കും ഷോക്കേറ്റത്. ഇന്നലെ ഉച്ചയ്‌ക്കു ശേഷം പ്രദേശത്ത് കനത്ത മഴയായിരുന്നു. മഴയില്‍ വീടിനു സമീപത്തെ ഏലത്തോട്ടത്തിലെ മരം വീണ് വൈദ്യുത ലൈന്‍ പൊട്ടി പാടത്തേക്കു വീഴുകയായിരുന്നു.
ഈ സമയം പുല്ലു ചെത്താനായി പോയ കനകാധരനെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെത്തുടര്‍ന്ന് മക്കളായ വിഷ്‌ണുവും വിനോദും അന്വേഷിച്ചിറങ്ങുകയായിരുന്നു. മൂന്നുപേരെയും കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണു പാടത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം തുടങ്ങിയ പെരുമഴ രണ്ടു മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. മഴയില്‍ തോട് കരകവിഞ്ഞ് പാടത്ത് വെള്ളം കയറി. ഇതാണ് വലിയ ദുരന്തത്തിന് കാരണമായത്.
സംഭവം അറിഞ്ഞ് വണ്ടന്‍മേട് പോലീസ് സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കെ.എസ്.ഇ.ബി അധികൃതര്‍ സ്‌ഥലത്തെത്തിയിരുന്നു. ഓമനയാണ് കനകാധരന്റെ ഭാര്യ. ആതിരയാണ് വിഷ്‌ണുവിന്റെ ഭാര്യ. മകന്‍: ഗൗതം (രണ്ട് വയസ്). വിനോദ് അവിവാഹിതനാണ്.
https://ift.tt/BAKt1pn
No comments:
Post a Comment