ഗാസ
ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയതോടെ ഗാസയിലെ ആശുപത്രി മോർച്ചറികൾ മൃതദേഹങ്ങളാൽ നിറഞ്ഞു. ഗാസ സിറ്റിയിലെ ഏറ്റവുംവലിയ ആശുപത്രിയായ ഷിഫയിൽ ഒരേസമയം 30 മൃതദേഹങ്ങളാണ് കൈകാര്യം ചെയ്യാനാവുക. സൂക്ഷിക്കാൻ സ്ഥലമില്ലാതായതോടെ മൃതദേഹങ്ങൾ ആശുപത്രികളിലെ നിലത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഉറ്റവരെത്തേത്തേടി ആശുപത്രികളിൽ എത്തുന്നവരുടെ കൂട്ടനിലവിളികളാണ് എങ്ങും മുഴങ്ങുന്നത്.
ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജലവും വൈദ്യുതിയും ഇന്ധനവുമടക്കം ഇസ്രയേൽ തടഞ്ഞതോടെ ആശുപത്രികളുടെ പ്രവർത്തനവും നിലച്ചു. തീവ്രപരിചരണ വിഭാഗമടക്കം പ്രവർത്തനരഹിതമായി. ആംബുലൻസുകൾക്ക് പരിക്കേറ്റവരെ എത്തിക്കാൻ കഴിയുന്നില്ല.ഗാസയിൽ 30 ആശുപത്രിയാണുള്ളത്. 13 എണ്ണം ആരോഗ്യമന്ത്രാലയത്തിനു കീഴിലാണ്.
ലെബനനിലും
വൈറ്റ് ഫോസ്ഫറസ്
ഉപയോഗിച്ചു:
ഹ്യൂമൻ റൈറ്റ്സ് വാച്ച്
ഗാസയ്ക്ക് പുറമേ അയൽരാജ്യമായ ലെബനനിലും ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഗാസ സിറ്റി തുറമുഖത്തും ഇസ്രയേൽ- ലെബനൻ അതിർത്തിയിലെ രണ്ടു ഗ്രാമപ്രദേശത്തും വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു. ഗാസയിൽ വൈറ്റ് ഫോസ്ഫറസ് ആയുധങ്ങൾ ഉപയോഗിച്ചതായി ആംനെസ്റ്റി ഇന്റർനാഷണലിന്റെ ക്രൈസിസ് എവിഡൻസ് ലാബിലെ പരിശോധനയിലും തെളിഞ്ഞു.
ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ജനവാസമേഖലയിൽ തീപിടിത്തമുണ്ടാക്കുന്ന ആയുധങ്ങൾ ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രോട്ടോകോളിൽ ഇസ്രയേൽ ഒപ്പിട്ടിട്ടില്ല.
https://ift.tt/567SxXR
No comments:
Post a Comment