കൊച്ചി : കളമശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയില്‍ നിന്നു പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തും. സംഭവദിവസത്തിനു തലേന്നു മാര്‍ട്ടിന്‍ പലരുമായും ഫോണ്‍ സംഭാഷണം നടത്തിയിരുന്നുവെന്ന് ഭാര്യ ആദ്യം മൊഴി നല്‍കിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനാണു വീണ്ടും മൊഴിയെടുക്കുന്നത്. തലേദിവസം പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണിലേക്ക് എത്തിയ കോളുകളുടെ വിശദാംശം പോലീസ് തേടിയിട്ടുണ്ട്‌്. ഇന്റര്‍നെറ്റ് കോള്‍ ഉപയോഗിച്ചും വിളിച്ചിട്ടുണ്ട്. തലേദിവസത്തെ ഒരു ഫോണ്‍ സംഭാഷണത്തിനു ശേഷം മാര്‍ട്ടിന്‍ അസ്വസ്‌ഥനായിരുന്നെന്ന ഭാര്യയുടെ മൊഴി നിര്‍ണായകമാണ്. തലേന്നു വിളിച്ച ആള്‍ക്ക് സ്‌ഫോടനത്തെക്കുറിച്ച് അറിവുണ്ടായിരുന്നേക്കാമെന്നാണു പോലീസ് സംശയിക്കുന്നത്. ഈ ഫോണ്‍ കോളിനുശേഷം മാര്‍ട്ടിന്‍ അസ്വസ്‌ഥനായിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ ദേഷ്യപ്പെടുകയും നാളെ ഒരിടംവരെ പോകാനുണ്ടെന്നും അതിനുശേഷം ബാക്കി കാര്യങ്ങള്‍ വ്യക്‌തമാക്കാമെന്നും പ്രതി പറഞ്ഞിരുന്നതായാണു ഭാര്യയുടെ മൊഴി.
കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സേവനദാതാക്കളുടെ നോഡല്‍ ഓഫീസര്‍മാര്‍ക്കു പോലീസ് കത്തു നല്‍കി. അടുത്താഴ്‌ചയോടെ വിവരം ലഭിക്കും.
യഹോവയുടെ സാക്ഷി സമൂഹത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ചിലരുമായും മാര്‍ട്ടിനു അടുപ്പമുണ്ട്. ഇവരുടെ പ്രേരണയുണ്ടോ എന്നു പരിശോധിക്കും. ബോംബ് നിര്‍മിക്കാനും ഉപയോഗിക്കാനും പരസഹായം ലഭിച്ചിരിക്കാമെന്നാണു ഭാര്യയും സംശയം പ്രകടിപ്പിച്ചത്. തനിച്ചു സ്‌ഫോടനം ആസൂത്രണം ചെയ്യാന്‍ മാര്‍ട്ടിനു കഴിയില്ലെന്നാണു ഇയാളെ അറിയുന്നവരെല്ലാം മൊഴി നല്‍കിയത്.
യഹോവായുടെ സാക്ഷികളുടെ യോഗത്തില്‍ ഭാര്യയും അവരുടെ വീട്ടുകാരും പോകുന്നതിനെ മാര്‍ട്ടിന്‍ പലതവണ വിലക്കിയിരുന്നു. ഇതു വകവയ്‌ക്കാതെ യോഗത്തിനു പോയതാണു തന്നെ പ്രകോപിച്ചതെന്നാണു മാര്‍ട്ടിന്റെ മൊഴി. യോഗത്തിന്റെ സംഘാടകരുടെ സമ്മര്‍ദവും ഇതിനു പിന്നിലുണ്ടെന്ന വിശ്വാസമാണു സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിച്ചത്. പ്രതികാരമായി സ്‌ഫോടനം നടത്തിയ വിവരം ആദ്യം പറയാന്‍ വിളിച്ചതും ഭാര്യയെയാണ്. യോഗത്തിനു പോകുന്നതിനെച്ചൊല്ലി മാര്‍ട്ടിനും ഭാര്യയും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നാണു പോലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ ഭാര്യയില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു അന്വേഷണസംഘം.
അതിനിടെ കേസ് അന്വേഷണം കൂടുതല്‍ ആഴത്തിലേക്കു കൊണ്ടുപോകുന്നതില്‍ പോലീസ് പ്രതിസന്ധി നേരിടുന്നുണ്ട്. വിദേശ ബന്ധം അടക്കം അന്വേഷിക്കണമെന്നതാണു വെല്ലുവിളി. അതിനാല്‍, അന്വേഷണം മാര്‍ട്ടിനില്‍ മാത്രമൊതുങ്ങുമെന്ന വിലയിരുത്തലും സജീവമാണ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്കു നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തിനകം പ്രഥമിക റിപ്പോര്‍ട്ട് ലഭിക്കും. മാര്‍ട്ടിന്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ട വിവരം മറ്റൊരാള്‍ക്കുകൂടി അറിവുണ്ടായിരുന്നുവെന്ന സംശയത്തിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://ift.tt/nM8AEeu
No comments:
Post a Comment