ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചുമത്സര ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയിലെ ആദ്യകളി ഇന്ന് ഹൈദരാബാദില്‍. രാവിലെ ഒന്‍പതരയ്‌ക്കു തുടങ്ങുന്ന മത്സരം സ്‌പോര്‍ട്‌സ് 18-ലും ജിയോ സിനിമയിലും തല്‍സമയം കാണാം. കരുത്തുറ്റ നിരയുമായെത്തുന്ന ഇംഗ്ലണ്ട് ഇന്നലെത്തന്നെ ടീമിനെ പ്രഖ്യാപിച്ചു നായകന്‍ ബെന്‍ സ്‌റ്റോക്‌സും സംഘവും വെല്ലുവിളിക്കു സജ്‌ജരാണെന്നു വ്യക്‌തമാക്കിക്കഴിഞ്ഞു. പ്രതിഭാധാരാളിത്തത്താല്‍ സമ്പന്നമായ നിരയില്‍നിന്ന് അവസാന 11 പേരെ തെരഞ്ഞെടുക്കുകയെന്ന തലവേദനയിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ.
മധ്യനിരയില്‍ വിശ്വസ്‌തരായിരുന്ന ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ എന്നിവരില്ലാതെ 2011 നുശേഷം ഇതാദ്യമായാണ് ഇന്ത്യയിറങ്ങുന്നതെന്നതാണു സവിശേഷത. വ്യക്‌തിപരമായ കാരണങ്ങളാല്‍ ആദ്യരണ്ടു ടെസ്‌റ്റില്‍നിന്നു പിന്മാറിയ കോഹ്ലിക്കു പകരം രജത് പാട്ടിദാറിനെ ഉള്‍പ്പെടുത്തി. എന്നാല്‍ പാട്ടിദാര്‍ ഇന്നു കളത്തിലിറങ്ങുന്ന കാര്യത്തില്‍ സംശയമാണ്.
ക്യാപ്‌റ്റന്‍ രോഹിത്തിനൊപ്പം ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനാണ് ഓപ്പണര്‍ സ്‌ഥാനത്തേക്കു പ്രഥമ പരിഗണന. ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കുശേഷം സ്‌പെഷലിസ്‌റ്റ് ബാറ്ററായി കെ.എല്‍. രാഹുലിനാണു സാധ്യത. വിക്കറ്റ് കീപ്പറായി കെ.എസ്. ഭരതിനാണു മുന്‍ഗണന. ധ്രുവ് ജുറലിനെ പരിഗണിച്ചാല്‍ താരത്തിന്റെ അരങ്ങേറ്റമാകുമത്.
രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും കെല്‍പ്പുള്ളവര്‍തന്നെ. ജസ്‌പ്രീത് ബുംറയും മുഹമ്മദ് സിറാജിനുമായിരിക്കും പേസ് ബൗളിങ് ചുമതലയെന്നാണു വിലയിരുത്തപ്പെടുന്നത്.
തലേന്നുതന്നെ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് നയംവ്യക്‌തമാക്കിക്കഴിഞ്ഞു. നാലു സ്‌പിന്നര്‍മാരും ഒരു സീമറുമാണ് ടീമിലുള്ളത്. ലങ്കാഷയറിന്റെ ഇടംകൈയന്‍ സ്‌പിന്നര്‍ ടോം ഹാര്‍ട്ട്‌ലിക്ക് ഇന്ന് അരങ്ങേറ്റ മത്സരമാകും. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ് അവസാന ഇലവനില്‍ ഇടംപിടിക്കാത്ത പ്രമുഖന്‍. മാര്‍ക്ക് വുഡാണ് ടീമിലെ ഏക പേസര്‍.
ഇന്ത്യ സാധ്യതാ ടീം: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, കെ.എസ്. ഭരത്, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്‌റ്റന്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.
https://ift.tt/n3pqcVj
No comments:
Post a Comment