കൊച്ചി: കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. അടിയന്തരമായി 26,000 കോടി രൂപ സമാഹരിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നുവെന്നാണു കേരളത്തിന്റെ വാദം. ഇതു ഫെഡറല്‍ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കേന്ദ്രത്തിനു ആവശ്യംപോലെ വായ്‌പയെടുക്കാം; എന്നാല്‍, സംസ്‌ഥാനങ്ങള്‍ വായ്‌പയെടുക്കുന്നതിനെ തടയുന്നു. ബി.ജെ.പി. ഇതര സംസ്‌ഥാനങ്ങളോടാണ് ഈ സമീപനമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
കേന്ദ്രം കേരളത്തെ പ്രതിസന്ധിയിലേക്കു തള്ളിവിടുകയാണ്. അടിയന്തരമായി 26,000 കോടി രൂപ സമാഹരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടും.
കിഫ്‌ബി വായ്‌പ സംസ്‌ഥാന സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടി നിയമ വിരുദ്ധമാണ്. സമാന രീതിയിലുള്ള വായ്‌പ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്‌റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണു പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയുംകേരള സര്‍ക്കാരിനു വേണ്ടി കപില്‍ സിബലും ഹാജരാകും. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് ഇന്നലെ ഡല്‍ഹിയിലെത്തി കപില്‍ സിബലുമായി കൂടിക്കാഴ്‌ച നടത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് ആശ്വാസകരമായ വിധി ലഭിക്കുമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. സുപ്രീം കോടതിയുടെ അടിയന്തര ഇടപെടലാണു സര്‍ക്കാരിന്റെ ലക്ഷ്യം.
കേന്ദ്രവും സംസ്‌ഥാനവും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാമെന്നാണ് അനുഛേദം 131 ന്റെ നിര്‍വചനം. ഇതനുസരിച്ചാണു കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
വായ്‌പയെടുക്കാന്‍ മറ്റു മാര്‍ഗം ഇല്ലാതായതോടെയാണു പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ അഞ്ചുദിവസമായി ട്രഷറി ഓവര്‍ഡ്രാഫ്‌റ്റിലാണ്. അടച്ചുതീര്‍ത്ത വായ്‌പയ്‌ക്കു പകരമായി 2,500 കോടി രൂപ എടുക്കാന്‍ ധനമന്ത്രാലയം സമ്മതമറിയിച്ചെങ്കിലും അവസാനനിമിഷം അനുമതി നിഷേധിക്കുകയായിരുന്നെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സുപ്രീം കോടതിയിലെ കേസാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചതെന്നാണു കേരളത്തിന്റെ വിലയിരുത്തല്‍.
സിബലിന്റെ ഫീസ് 15 ലക്ഷം
15 ലക്ഷം രൂപയാണു ഒരു സിറ്റിങ്ങില്‍ കപില്‍ സിബലിന്റെ ഫീസ്. കഴിഞ്ഞ തവണയും കപില്‍ സിബല്‍ ഹാജരായിരുന്നു.
ഇന്നു ഹാജരാകുന്നതിനു മാത്രം 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഹര്‍ജി ഡ്രാഫ്‌റ്റ് ചെയ്‌തതിനു അഞ്ചു ലക്ഷം നല്‍കിയതിനു പുറമേയാണിത്. പ്രത്യേക കേസായി കണ്ടു സര്‍ക്കാര്‍ ഉത്തരവു മറികടന്നും ചോദിക്കുന്ന വക്കീല്‍ ഫീസ് അനുവദിക്കാനാണു ധനവകുപ്പിനു നിര്‍ദേശമുള്ളത്. സ്‌പെഷല്‍ കേസുകളില്‍ സര്‍ക്കാര്‍ ഉത്തരവു നോക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌്.
ജെബി പോള്‍
https://ift.tt/n3pqcVj
No comments:
Post a Comment