കടല്‍ കലിച്ചു; തീരമേഖല വെള്ളത്തിലായി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, April 1, 2024

കടല്‍ കലിച്ചു; തീരമേഖല വെള്ളത്തിലായി

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കടലാക്രമണം. തിരുവനന്തപുരത്തു പുത്തന്‍തോപ്പ്‌, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടല്‍ കയറി. ഇവിടങ്ങളില്‍ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ട്‌ രൂപപ്പെട്ടു. യാനങ്ങള്‍ക്കും കേടുപാടുണ്ട്‌. കോവളത്തും വര്‍ക്കലയിലും വിനോദസഞ്ചാരികള്‍ക്കു കടലില്‍ ഇറങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തി.
അതിനിടെ, കടലാക്രമണം രണ്ട്‌ ദിവസം കൂടി തുടരുമെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി. സംസ്‌ഥാനത്തു ശക്‌തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയെന്നു ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി. കടലാക്രമണത്തിനു കാരണം "കള്ളക്കടല്‍" പ്രതിഭാസമാണെന്നു കരുതുന്നു.
പൊഴിയൂര്‍ മുതല്‍ പുല്ലുവിള വരെയാണു തിരുവനന്തപുരത്തു കടലാക്രമണമുണ്ടായത്‌. തിരമാലകള്‍ ഒന്നര മീറ്ററോളം ഉയര്‍ന്ന്‌ ആഞ്ഞു വീശി. പല വീടുകളില്‍നിന്നും വീട്ടുകാരെ ക്യാമ്പുകളിലേക്കു മാറ്റി. തിരമാലയടിച്ചു നിരവധി വള്ളങ്ങള്‍ക്കു കേടുപാടു സംഭവിച്ചു. രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കു പരുക്കേറ്റു. അവരെ ആശുപത്രിയിലേക്കു മാറ്റി. കൊല്ലം മുണ്ടയ്‌ക്കലില്‍ കടലാക്രമണത്തില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു.
ആലപ്പുഴയില്‍ പുറക്കാട്‌, വളഞ്ഞവഴി, പള്ളിത്തോട്‌ എന്നിവിടങ്ങളിലാണു കടലാക്രമണം രൂക്ഷം. പുറക്കാടിനു സമീപത്തെ തീരത്തു രാവിലെ 30 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞിരുന്നു. തുടര്‍ന്നു പൂര്‍വസ്‌ഥിതിയിലായെങ്കിലും ഉച്ചയ്‌ക്കുശേഷം കടല്‍ഭിത്തി മറികടന്നു കരയിലേക്കു കടല്‍ കയറി. ഒറ്റപ്പന മുതല്‍ വളഞ്ഞവഴി വരെയായിരുന്നു കടലാക്രമണം ശക്‌തം. സൂനാമിയോടു സമാനമായ കടലേറ്റമാണ്‌ ഉണ്ടായതെന്നു തീരവാസികള്‍ പറഞ്ഞു. പള്ളിത്തോട്‌, റോഡ്‌ മുക്ക്‌, അന്ധകാരനഴി എന്നിവിടങ്ങളിലെ കല്‍ക്കെട്ടുകള്‍ കവിഞ്ഞൊഴുകി തീരദേശ റോഡിലേക്കു വെള്ളം കുത്തിയൊലിച്ചു.
കടല്‍ ഭിത്തിയോടു ചേര്‍ന്നു താമസിക്കുന്ന കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞു. രണ്ടാഴ്‌ചയ്‌ക്കിടെ രണ്ടാം തവണയാണ്‌ പുറക്കാട്ട്‌ കടല്‍ ഉള്‍വലിഞ്ഞു തീരത്തു ചെളി രൂപപ്പെട്ടത്‌. രണ്ടാഴ്‌ച മുമ്പുണ്ടായതിനേക്കാള്‍ കൂടിയ രീതിയിലാണ്‌ ഇന്നലെ ചെളിനിറഞ്ഞത്‌.
തൃശൂര്‍ പെരിഞ്ഞനത്തു ഇന്നലെ ഉച്ചമുതലാണ്‌ കടലേറ്റം തുടങ്ങിയത്‌. പെരിഞ്ഞനം സമിതി ബീച്ച്‌, കയ്‌പമംഗലം വഞ്ചിപുര തുടങ്ങിയ ഭാഗങ്ങളില്‍ രൂക്ഷമായി. മത്സ്യബന്ധന വലകള്‍ക്കു കേടുപാടുണ്ടായി. കടല്‍ഭിത്തിയും കടന്നു വെള്ളം വീടുകളിലേക്കു കയറി. ഇന്നലെ രാവിലെ കമ്പനിക്കടവ്‌ ഭാഗത്തു കടല്‍ച്ചുഴി രൂപപ്പെട്ടിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ ദ്വീപിലെ തെക്കന്‍ മേഖലയില്‍ ചിലയിടങ്ങളിലും ഫോര്‍ട്ടുകൊച്ചിയിലും ചെല്ലാനം, സൗദി മേഖലയിലും കടല്‍കയറി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ ചാപ്പക്കടപ്പുറത്ത്‌, വളപ്പ്‌ ബീച്ച്‌, എളങ്കുന്നപ്പുഴ ബീച്ച്‌, എടവനക്കാട്‌ ബീച്ചിലും കടല്‍കയറ്റമുണ്ടായി. നാശനഷ്‌ടമില്ല. ഫോര്‍ട്ട്‌കൊച്ചിയില്‍ കടലില്‍ ഇറങ്ങുന്നതിന്‌നിയന്ത്രണം ഏര്‍പ്പെടുത്തി. ഈസ്‌റ്റര്‍ അവധി ദിവസമായതിനാല്‍ നിരവധി പേരാണ്‌ ഇന്നലെ ഫോര്‍ട്ട്‌കൊച്ചിയിലെത്തിയത്‌. കടല്‍ ശാന്തമായില്ലെങ്കില്‍ വരുംദിവസങ്ങളിലും നിയന്ത്രണം തുടരും.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages