തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം, ബി.ജെ.പിയുടെ കേരളാ പ്രഭാരി പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്‌ച എന്നിവയുടെ പേരില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരേ തത്‌കാലം കടുത്തനടപടിയില്ല. ഇടതുമുന്നണി കണ്‍വീനര്‍ സ്‌ഥാനത്തു ജയരാജന്‍ തുടരും.
പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കുന്ന കടുത്തതീരുമാനം വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനോടു സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോജിച്ചതോടെ ജയരാജനെതിരായ നടപടി ഉപദേശരൂപേണയുള്ള ശാസനയിലൊതുക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ആരോപണവിധേയനായ ജയരാജനും പങ്കെടുത്ത യോഗത്തിലാണു തീരുമാനം.
കേന്ദ്ര കമ്മിറ്റി തീരുമാനം ഫലപ്രഖ്യാപനശേഷം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ടിലേറെ സീറ്റുകളില്‍ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥികള്‍ വിജയിക്കുമെന്നു സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ മുന്നണി കണ്‍വീനറെ മാറ്റേണ്ടതില്ലെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. എന്നാല്‍, തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം ജയരാജന്‍ വിഷയം അദ്ദേഹം കൂടി ഉള്‍പ്പെട്ട പാര്‍ട്ടി കേന്ദ്ര കമ്മിറ്റി പരിശോധിക്കുമെന്നും സൂചനയുണ്ട്.
ബി.ജെ.പി. നേതാവുമായി ജയരാജന്‍ നടത്തിയ കൂടിക്കാഴ്‌ച ന്യായീകരിക്കാനാവില്ലെന്നു യോഗം വിലയിരുത്തി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം, മുന്നണി കണ്‍വീനര്‍ എന്നീ നിലകളിലുള്ള പെരുമാറ്റവും നിലപാടുമാണുണ്ടാകേണ്ടതെന്നും അവാസ്‌തവം പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും സംസ്‌ഥാന സെക്രട്ടേറിയറ്റ് ജയരാജനോടു നിര്‍ദേശിച്ചു. തന്റെ ഭാഗം വിശദീകരിച്ച ജയരാജന്‍ അച്ചടക്കനടപടിയുണ്ടാകില്ലെന്ന് ഉറപ്പാക്കിയാണു യോഗത്തില്‍നിന്നു മടങ്ങിയത്.
ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇ.പി. ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചെന്നു സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുദിവസം ജയരാജന്‍ നടത്തിയ പ്രസ്‌താവന യോഗം പരിശോധിച്ചു. ജയരാജനും ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്‌ച തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു ദോഷം ചെയ്യില്ല. ഈ സാഹചര്യത്തിലാണു നടപടി ഒഴിവാക്കിയത്. ആരോപണമുന്നയിച്ച ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ജയരാജനോടു നിര്‍ദേശിച്ചതായും ഗോവിന്ദന്‍ പറഞ്ഞു.
/loading-logo.jpg
No comments:
Post a Comment