കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കെ.എസ്.ഇ.ബിയുടെ അഞ്ചു ചെറുഡാമുകളും ഇറിഗേഷന്‍ വകുപ്പിന്റെ 14 ഡാമുകളും തുറന്നു. കെ.എസ്.ഇ.ബിയുടെ പെരിങ്ങല്‍കുത്ത്, കല്ലാര്‍, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നിവയാണ് തുറന്നത്. ഇതില്‍ നാലെണ്ണം ഇടുക്കി ജില്ലയിലും ഒരെണ്ണം തൃശൂരിലും മറ്റൊന്ന് പത്തനംതിട്ടയിലുമാണ്.
ഇടുക്കിയില്‍ കെ.എസ്.ഇ.ബിയുടെ നാലു ഡാമുകള്‍ തുറന്നെങ്കിലും എറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ 42.16 ശതമാനമേ വെള്ളമേ നിറഞ്ഞിട്ടുള്ളൂ. കെ.എസ്.ഇ.ബിയുടെ ഇടമലയാര്‍ ഡാമില്‍ സംഭരണശേഷിയുടെ 40.46 ശതമാനവും കുറ്റ്യാടിയില്‍ 60.21 ശതമാനവും ബാണാസുര സാഗറില്‍ 45.65 ശതമാനവും ജലവും നിറഞ്ഞിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ മറ്റൊരു പ്രധാന ഡാമായ കക്കിയില്‍ സംഭരണശേഷിയുടെ 37.3 ശതമാനവുമേ ജലമുള്ളൂ. കെ.എസ്്.ഇ.ബിയുടെ പെരിങ്ങല്‍കുത്ത് ഡാം തുറന്നപ്പോള്‍ ചാലക്കുടി പുഴയില്‍ 3.25 മീറ്റര്‍ വെള്ളമുയര്‍ന്നു.
ഇറിഗേഷന്‍ വകുപ്പിന്റെ 20 ഡാമുകളില്‍ 14 എണ്ണം തുറന്നിട്ടുണ്ട്. പഴശി, കാരാപ്പുഴ, കുറ്റ്യാടി, മൂലത്തറ, മലമ്പുഴ, കാഞ്ഞിരപ്പുഴ, ശിരുവാണി, പീച്ചി, ഭൂതത്താന്‍ കെട്ട്, മലങ്കര, മണിയാര്‍, കല്ലട , നെയ്യാര്‍ എന്നീ ഡാമുകളാണ് തുറന്നിട്ടുള്ളത്. ഇതില്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ എറണാകുളം ജില്ലയിലെ ഭൂതത്താന്‍ കെട്ടിലെ 15 ഷട്ടറുകള്‍ തുറന്നു. പരമാവധി സംഭരണശേഷി 35 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 30 മീറ്ററിലേക്ക് എത്തിയതോടെയാണ് ഡാം തുറന്നത്. ഇതേ തുടര്‍ന്ന് പെരിയാറില്‍ രണ്ടര മീറ്റര്‍ ജലമുയര്‍ന്നു. തീരങ്ങള്‍ കരകവിഞ്ഞു.
ആലുവയിലും എറണാകുളം ഏലൂരിലും പലയിടത്തും വീടുകളിലേക്കും വെള്ളം കയറി. തൊടുപുഴയിലെ മലങ്കര ഡാമിലെ ആറുഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതുമൂലം മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അപകടനിലയിലായി. തുടര്‍ന്നും ശക്തമായ മഴ പെയ്താല്‍ പുഴ കരകവിയും. പത്തനംതിട്ട മണിയാര്‍ ഡാമിന്റെ അഞ്ചില്‍ മൂന്നു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കണ്ണൂരിലെ പഴശി ഡാമിന്റെ 16 ഷട്ടറുകളും തുറന്നിട്ടുണ്ട്.
ഇന്ന് അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ 11 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കനത്ത കാറ്റിനും സാധ്യതയുണ്ട്. കോട്ടയം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
നാളെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വയനാട് മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ പ്രഭാവം മൂലം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ 20 മുതല്‍ ദുര്‍ബലമാകും. തുടര്‍ന്ന് ജൂലൈയില്‍ അതിശക്തമായ മഴയ്ക്ക് തല്‍ക്കാലം സാധ്യതയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ ജില്ലയിലാണ് മഴ അതിശക്തമായി പെയ്തത്. വയനാട് ജില്ലയില്‍ 24 ഇടങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 150 മില്ലീ മീറ്ററിലേറെ മഴ പെയ്തുവെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.
ഇന്ന് മണിക്കൂറില്‍ 45 കിലോമീറ്ററിനും 65 കിലോമീറ്ററിനും ഇടയില്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അഥോറിട്ടി സൂചന നല്‍കി. മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രതവേണമെന്നൂം അറിയിച്ചു. അതേസമയം, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
/loading-logo.jpg
No comments:
Post a Comment