ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച ഇരുപതുകാരന്‍ ആക്രമണത്തിനു മുമ്പ് വെടിവയ്‌പ്പ് പരിശീലിച്ചിരുന്നതായി വിവരം. പെന്‍സില്‍വാനിയയില്‍ ട്രംപിന്റെ പ്രചാരണ റാലി നടക്കുന്നതിന് ഒരു ദിവസം മുമ്പും അക്രമിയായ തോമസ് ക്രൂക്‌സ് ഷൂട്ടിങ് റേഞ്ചില്‍ ഉന്നം പിഴയ്‌ക്കാതിരിക്കാന്‍ പരിശീലിച്ചിരുന്നു. പിറ്റേന്നു രാവിലെ അഞ്ചു പടികളുള്ള ഗോവണി വാങ്ങാന്‍ ഹോം ഡിപ്പോയിലേക്കു പോയി.
തുടര്‍ന്ന് ഒരു ഗണ്‍ഷോപ്പില്‍നിന്ന് ഇയാള്‍ 50 വെടിയുണ്ടകളും വാങ്ങിയതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്‌തു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും എഴുപത്തെട്ടുകാരനുമായ ട്രംപിനുനേരേ ഒരു കെട്ടിടത്തില്‍നിന്നാണ് തോമസ് ക്രൂക്‌സ് വെടിയുതിര്‍ത്തത്.
ഈ കെട്ടിടത്തിലേക്കു കയറാനാണ് ഇയാള്‍ ഗോവണി വാങ്ങിയതെന്നാണു സൂചന. ട്രംപിന്റെ ചെവിക്കു മുറിവേല്‍പ്പിച്ചു നടന്ന ആക്രമണത്തിനുപിന്നാലെ ക്രൂക്‌സിനെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വെടിവച്ചുകൊന്നു. കൊലപാതകശ്രമത്തിലേക്കു യുവാവിനെ നയിച്ച സാഹചര്യങ്ങളും ഇയാളുടെ പ്രവര്‍ത്തന രൂപരേഖയും ബന്ധിപ്പിക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. വെടിയുതിര്‍ത്തതിന്റെ കാരണം ഇപ്പോഴും വ്യക്‌തമായിട്ടില്ല.
തോമസ് ക്രൂക്‌സിന്റെ ഫോണും കമ്പ്യൂട്ടറും പരിശോധിച്ചിട്ടും രാഷ്‌ട്രീയമായോ പ്രത്യയശാസ്‌ത്രപരമായോ വെടിവയ്‌പ്പിനു പ്രചോദനം നല്‍കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോടു പോലീസ് പറഞ്ഞു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന തോമസ് ക്രൂക്‌സ് ശ്രദ്ധേയനായ ഗണിതപ്രതിഭയായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പഠനശേഷം ജന്മനാടായ പെന്‍സില്‍വാനിയയില്‍ ജോലി ചെയ്യുകയായിരുന്നെന്നും പറയുന്നു.
ബെഥേല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയ ക്രൂക്‌സ് 2022 ലാണ് സര്‍ട്ടിഫിക്കറ്റ് നേടിയത്. അക്കാലത്ത് 'ശാന്തനായ' വിദ്യാര്‍ഥിയായിരുന്നെന്നാണ് സഹപാഠികള്‍ പറയുന്നത്. അധ്യാപകരോടു ബഹുമാനമുള്ളവനായിരുന്നെന്ന് ബെഥേല്‍ പാര്‍ക്ക് ഹൈസ്‌കൂളിലെ തോമസ് ക്രൂക്‌സിന്റെ കൗണ്‍സിലറും പറയുന്നു. ഇയാള്‍ക്കു രാഷ്‌ട്രീയമുണ്ടായിരുന്നതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/loading-logo.jpg
No comments:
Post a Comment