കൊച്ചി: ബിനാമി-അനധികൃതവായ്പകള്‍ക്കു സി.പി.എം. കമ്മീഷന്‍ കൈപ്പറ്റിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അനേ്വഷണം കൂടുതല്‍ സഹകരണ ബാങ്കുകളിലേക്ക്. തൃശൂരിലെ കരുവന്നൂരിലേതിനു സമാനമായി സി.പി.എം. ഭരിക്കുന്ന മറ്റ് പല സഹകരണ ബാങ്കുകളിലും അനധികൃതവായ്പകള്‍ തരപ്പെടുത്തി നല്‍കി കോടികള്‍ സംഭാവന കൈപ്പറ്റിയെന്ന പരാതികളിലാണ് അനേ്വഷണം.
കരുവന്നൂരിനു പുറമേ 12 സഹകരണ ബാങ്കുകളില്‍ക്കൂടി നിയമലംഘനം നടന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എട്ട് ബാങ്കുകള്‍ അനേ്വഷണം നേരിടുന്നുമുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എമ്മിന്റെ 63.62 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി. കണ്ടുകെട്ടിയിരുന്നു. കരുവന്നൂരില്‍ സി.പി.എമ്മിനു ലഭിച്ചത് അനധികൃതവായ്പകള്‍ക്കായി നേതാക്കള്‍ ഇടപെട്ടതിന്റെ കമ്മീഷനാണെന്നും കണ്ടെത്തി. സമാനമായി, സി.പി.എം. ഭരിക്കുന്ന മറ്റ് സഹകരണ ബാങ്കുകളിലും നടന്നിരിക്കാമെന്ന നിഗമനത്തിലാണ് അനേ്വഷണം വ്യാപിപ്പിക്കുന്നത്.
വായ്പാത്തട്ടിപ്പ് നടന്ന അയ്യന്തോള്‍, മാരായമുട്ടം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജണല്‍, ബി.എസ്.എന്‍.എല്‍. എന്‍ജിനീയേഴ്‌സ്, മൂന്നിലവ്, പെരുകാവില എന്നീ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങള്‍ ഇ.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവിടങ്ങളിലും രാഷ്ട്രീയപങ്കാളിത്തത്തോടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നോയെന്നാണ് അനേ്വഷണം.
സ്വര്‍ണലേലം ക്രമക്കേടുകളിലും ഇ.ഡി. അനേ്വഷണം നടന്നുവരുന്നു. യഥാര്‍ഥമൂല്യത്തിലും കുറച്ച് സ്വര്‍ണം ലേലംചെയ്തുള്ള കമ്മീഷന്‍ ഇടപാടുകള്‍ ബാങ്കുകളില്‍ നടന്നിട്ടുണ്ട്. സി.പി.എമ്മിന്റേതടക്കം 29.29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി. കഴിഞ്ഞദിവസം കണ്ടുകെട്ടിയത്. ഇതോടെ, ആകെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യം 117.78 കോടിയായി.
/loading-logo.jpg
No comments:
Post a Comment