കുമളി: ഓടിക്കൊണ്ടിരുന്ന കാറില്‍ തീ പടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ പോലീസ് അനേ്വഷണം വ്യാപിപ്പിച്ചു. കാറിനു തീ പിടിക്കാനുണ്ടായ കാരണം കണ്ടെത്താന്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ 22 നു രാത്രി എട്ടോടെ കുമളി അറുപത്തിയാറാം മൈലിനു സമീപത്തായിരുന്നു അപകടം. കുമളി കൊല്ലംപട്ടട കോഴിക്കോട്ട് വീട്ടില്‍ റോയി സെബാസ്റ്റിയന്‍ (64)ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. റോയി മാത്രമാണ് കാറിലുണ്ടായിരുന്നത്. ശരീരം പൂര്‍ണമായി കത്തി കരിഞ്ഞതിനാല്‍ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെയാണ് മരിച്ചത് റോയിയാണെന്ന് തിരിച്ചറിഞ്ഞത്.
വണ്ടിപ്പെരിയാര്‍ ഭാഗത്ത് നിന്നും വന്ന കാറില്‍ പുക ഉയരുന്നതുകണ്ട് പിന്നാലെയെത്തിയ ബൈക്ക് യാത്രികരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ ബൈക്ക് ഓവര്‍ ടേക്ക് ചെയ്ത് നിര്‍ത്തുകയും കാര്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇൗ സമയത്ത് അതുവഴി വന്ന കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തി യാത്രികര്‍ റോയിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരും ബസ് യാത്രികരും ചേര്‍ന്ന് കാറിന്റെ ചില്ല് പൊട്ടിച്ചു. എന്നാല്‍ അപ്പോഴേക്കും കാറിനുള്ളില്‍ നിന്ന് തീയും പുകയും പുറത്തേക്ക് പടര്‍ന്നു. ഇതിനിടെ കാര്‍ ഉരുണ്ട് നീങ്ങി മുന്നില്‍ നിര്‍ത്തിയ ബൈക്കില്‍ തട്ടി നിന്നു. ബൈക്കും പൂര്‍ണമായി കത്തി നശിച്ചു. കാര്‍ ഉരുണ്ട് നീങ്ങിയതിന് എതിര്‍ ദിശയിലാണ് ബസ് നിര്‍ത്തിയിട്ടത്. ഇതിനാല്‍ വലിയ അപകടം ഒഴിവായി.
ഇതിനിടെ നാട്ടുകാര്‍ കുടിവെളളം വിതരണം ചെയ്തിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളം ചീറ്റിച്ചാണ് തീ കെടുത്തിയത്. അതിനു ശേഷമാണ് പീരുമേട്ടില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും കാറും ബൈക്കും പൂര്‍ണമായും കത്തി നശിച്ചിരുന്നു. കെ.എല്‍.37 ബി 1325 നമ്പരിലുള്ള ഇയോണ്‍ കാറാണ് കത്തി നശിച്ചത്. ഇൗ വാഹനം മറ്റൊരാളില്‍ നിന്നും റോയി വാങ്ങിയിരുന്നെങ്കിലും പേര് മാറ്റിയിരുന്നില്ല. ഇതിനാല്‍ തന്നെ അപകട ശേഷം ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. പിന്നീട് പോലീസ് നടത്തിയ അനേ്വഷണത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത് റോയ് സെബാസ്റ്റിയന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
പോലീസും, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇടുക്കിയില്‍ നിന്നും ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. കുമളി ബീവറേജ് ഷോപ്പില്‍ മുന്‍ ജീവനക്കാരനായിരുന്ന റോയ് ചെങ്കരയില്‍ ഏലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ടായിരുന്നു. ഇവിടെ പോയി മടങ്ങി വരുന്നതിനിടെയാണ് കാറില്‍ തീപിടുത്തം ഉണ്ടായത് എന്നാണ് നിഗമനം. റോയിക്ക് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഫോറന്‍സിക് പരിശോധനകളുടെ ഫലം ലഭിച്ചാല്‍ മാത്രമേ കാറിന് എങ്ങനെയാണ് തീ പടര്‍ന്നതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. റോയിയുടെ സംസ്‌കാരം ഇന്ന് രാവിലെ 11ന് അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളിയില്‍ നടക്കും. ഡോളിയാണ് റോയിയുടെ ഭാര്യ. മക്കള്‍: ബുള്‍ബുള്‍, യെസബേല്‍.
/loading-logo.jpg
No comments:
Post a Comment