ബംഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഏഴാം ദിവസത്തിലേക്ക്. ലോറി കരയില്‍ തന്നെയുണ്ടെന്നും മലയോട് ചേര്‍ന്നാകാനും സാധ്യതയെന്നുമാണ് പുതിയ വിലയിരുത്തല്‍. സൈന്യവും തെരച്ചിലിനായി രംഗത്തുണ്ട്. ലോറി മണ്ണിനടിയില്‍ ഇല്ലെന്ന് ഉറപ്പാക്കും വരെ തെരച്ചില്‍ തുടരാനാണ് ഉദ്ദേശം.
കരയില്‍ പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. സൈന്യം ഇന്ന് ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. കരയിലെ പരിശോധന പൂര്‍ത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.
അതേ സമയം, അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹര്‍ജി നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച് രാവും പകലും രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനും കര്‍ണാടക സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.
/loading-logo.jpg
No comments:
Post a Comment